Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for നവംബര്‍ 29th, 2008

കുറച്ചു നാള്‍ മുന്പു പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണു ഒരു കാര്യം എനിക്കു മനസിലായത്. സാന്റാക്ളോസിന്റെ രൂപം ഉണ്ടാക്കിവെച്ച് അതു ന്യൂഇയറില്‍ കത്തിക്കുന്ന ആചാരം ഞങ്ങളു കൊച്ചീക്കാര്‍ക്ക് മാത്രമേ ഉള്ളു എന്നു. കുറഞ്ഞ പക്ഷം പശ്ചിമകൊചിയിലെ, ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിനിലുമൊക്കെ ഈ ആചാരം ഇപ്പൊഴും തുടരുന്നുമുണ്ട്. പിന്നെ ഈ പപ്പാഞ്ഞി എന്ന പ്രയോഗവും. (അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള്‍ ഞങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, ചില്ലക്ഷരങ്ങാളായ ല്‍, ള്‍ എന്നിവയോട് ഞങ്ങള്‍ക്ക് അയിത്തമാണു. നമ്മ(ള്‍), വന്നാ(ല്‍), നിന്നാ(ല്‍), പെങ്ങ(ള്‍)ക്കടെ വീട്ടി(ല്‍), നാട്ടി(ല്‍), ഇപ്പോ(ള്‍)അങ്ങിനെ അങ്ങിനെ)

സാന്റാക്ളോസിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണു പപ്പാഞ്ഞി. ഇതിന്റെ ഒറിജിന്‍ എന്താണെന്നോ, എന്തടിസ്ഥാനത്തിലാണു ഈ പേരിട്ടതെന്നോ യാതൊരു വിവരവുമില്ല. എങ്കിലും കാലാകാലങ്ങളായി പപ്പാഞ്ഞി എന്ന പേരില്‍ സാന്റാക്ളോസ് അറിയപ്പെടുന്നു.

എകദേശം ഡിസം 21, 22 ഒക്കെ ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ (Mid Term Exam) കഴിയും. സ്കൂളില്‍ നിന്നു വരുന്ന വഴി, ആദ്യം ചെയ്യുന്ന പണി, പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണു. നാലോ അഞ്ചോ രൂപാ വരുന്ന മുഖം മൂടി, അന്പതു പൈസാവീതം ഷെയറിട്ടാണു വാങ്ങുന്നത്. അന്നു വൈകീട്ടു മുതല്‍ തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണു ഈ മുഖം മൂടി. ഏകദേശം രാത്രി ഏഴുമണിയാകുന്നതോട് കൂടി കരോള്‍ പോകാനുള്ള ടീം റെഡിയാകും, അമ്മമാരുടെ കയ്യില്‍ ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി(Santa Clause) ആകാന്‍ പോകുന്നവനെ അതാണു ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണിചുറ്റി ഉണ്ടയാക്കി വെക്കും, കൊടവയറിനു വേണ്ടി. ഒരു നീളന്‍ വടിയില്‍ കളര്‍ കടലാസു ചുറ്റി രണ്ടു ബലൂണ്‍ കൂടി ഫിറ്റ് ചെയ്താല്‍ പപ്പാഞ്ഞി റെഡി. ബാക്കിയുള്ളവന്മാര്‍, വെല്ല കടുവായുടെയോ കുരങ്ങന്റെയോ, നരിയുടെയോ ഒക്കെ മുഖം മൂടി വെക്കും. പിന്നെ സെര്‍വോയുടെ പാട്ടയോ, പ്ളാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില്‍ വടികൊണ്ട് കൊട്ടി താളം പിടിച്ചാണു കരോള്‍ നീങ്ങുന്നത്.

കരോള്‍ എന്നു പറയുമ്പോള്‍ അതില്‍ കരോള്‍ പാട്ടുകള്‍ കുറവായിരിക്കും. ആകെ അറിയാവുന്ന കരോള്‍ സോങ് ‘ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ഓണ്‍ ദ് വേ’ എന്ന ഒരൊറ്റ വരിമാത്രമാണു. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന്‍ പറ്റുന്ന തമിഴ്പാട്ടുകളാണു. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള്‍ ഒരു ഹരമാണു തുള്ളാന്‍. കുറച്ചു കൂടി അഡ്‌വാന്‍സ്ഡ് ആയവര്‍ ടേപ് റെക്കോര്‍ഡര്‍ ഉപയോഗിക്കും. ഇങ്ങനെ പാട്ടും പാടി, തുള്ളി ഓരോ വീട്ടിലുമെത്തുന്ന കരോളിനെ ഞങ്ങള്‍ പപ്പാഞ്ഞിക്കളിയെന്ന വിളിക്കുന്നത്. സാന്റാക്ളോസ് എല്ലാവര്‍ക്കും ഗിഫ്റ്റ് കൊടുക്കുമ്പോള്‍, ഈ പപ്പാഞ്ഞി കാശു വാങ്ങുകയാണു ചെയ്യുന്നത്. ഒന്നൊ രണ്ടു പാട്ടു പാടി തുള്ളിയതിനു ശേഷം കാശിനായി പപ്പാഞ്ഞി ഒരു പാത്രം നീട്ടും. സാധാരണ ഗതിയില്‍ ഈ പാത്രം കാലിയായ കുട്ടികൂറാ പൌഡര്‍ ടിന്‍ ആയിരിക്കും. അതിന്റെ ഒരു വശത്ത് കാശിടാന്‍ പാകത്തിനു ഒരു വിടവുണ്ടാകും. ആ വിടവിലൂടെ, 50 പൈസ, ഒരു രൂപ തുട്ടുകള്‍ വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില്‍ മൂന്നും നാലും പാട്ടുകള്‍ പാടി തുള്ളാറുമുണ്ട്. രാത്രി ഒരു പത്തുമണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിപ്പിക്കും. 50ഓ 60ഓ രൂപവരെ കിട്ടും. ക്രിസ്മസ് രാത്രിയില്‍ 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ ഈ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിനങ്ങളാണു. ക്രിസ്മസ് ദിവസം മുതല്‍ ഡിസം 31 വരെ.

ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ വീണ്ടും എല്ലാവരും എതെങ്കിലും പറമ്പില്‍ എത്തും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല്‍ തുടങ്ങിയവയുടെ ശേഖരണമാണു. വൈക്കോല്‍ കുറച്ചുകൂടി എക്സ്പെന്സീവ് ആണു. ഒരു കെട്ടിനു 3 രൂപാ കൊടുക്കണം. അടുത്തപണി ആരുടെയെങ്കിലും അപ്പന്മാരുടെ പഴയ പാന്റും ഷര്‍ട്ടും ഒപ്പിക്കലാണു. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര്‍ ഉണ്ടാക്കി, പാന്റ്സും ഷര്‍ട്ടുമിടീച്ച്, അതില്‍ പുല്ലും വൈക്കോലും നിറയ്ക്കും. സംഭവം ഏകദേശം പാടത്തു വെക്കുന്ന കോലം പോലെ ഇരിക്കും. എന്നിട്ട് അതിനു മുഖംമൂടി കൂടി വെക്കുന്നതോടെ, പപ്പാഞ്ഞി റെഡി.

അടുത്ത ദിവസം രാവിലെ തന്നെ, പപ്പാഞ്ഞിയെ ഏതെങ്കിലും ഒരു ജങ്ഷനില്‍ കൊണ്ടുവെക്കും. പിന്നെ പപ്പാഞ്ഞി പിരിവാണു. അതായതു നമ്മുടെ പാര്‍ട്ടിക്കാരുടെ ബക്കറ്റു പിരിവു പോലെ. ആ വഴിപോകുന്ന എല്ലാവരെയും തടഞ്ഞു നിര്‍ത്തി കാശു വാങ്ങും. ചില ദുബായിക്കാര്‍ ഷോ കാണിക്കന്‍ അന്പതു രൂപ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസം: 31 വരെ ഈ പിരിവു തുടരും.

ഡിസം: 31, അന്നു ആഘോഷമാണു. പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപിരിവു എന്നിവയിലൂടെ കിട്ടിയകാശു കൊണ്ട് ഒരു മൈക്ക് സെറ്റും, ആംപ്ളിഫയറും വാടകയ്കെടുത്ത് പപ്പാഞ്ഞിയെ വെച്ചിരിക്കുന്ന ജങ്ഷനില്‍ പാട്ടും ഡാന്സുമൊക്കെയായി ആ സന്ധ്യ മുഴുവന്‍ ശബ്ദമുഖരിതമാകും. മുതിര്‍ന്നവരും ഒപ്പം കൂടും. ചിലര്‍ ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം ഒക്കെ കൊണ്ടുവരും. ആ വര്‍ഷത്തെ ദുഃഖമൊക്കെ അപ്പോള്‍ ഞങ്ങള്‍ മറക്കും. രാത്രി മുഴുവന്‍ നീളുന്ന ആഘോഷം, രാത്രി 12 മണി വരെ. ഇനി വിടപറയാണു. കടന്നു പോകുന്ന വര്‍ഷത്തോടു. അതിന്റെ പ്രതീകമായി, പപ്പാഞ്ഞിയെ കത്തിച്ചുകളയും. ഒപ്പം പഴയദുഃഖങ്ങളും. പപ്പാഞ്ഞി എരിഞ്ഞടങ്ങുന്നതോടെ എല്ലാവരും പരസ്പരം ന്യൂ ഇയര്‍ ആശംസിച്ചു പിരിയും. അങ്ങിനെ ആ വര്‍ഷത്തെ പപ്പാഞ്ഞിയുടെ കഥ അവസാനിക്കും. ഇനി അടുത്തവര്‍ഷം ഡിസംബറില്‍….

Read Full Post »