Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for നവംബര്‍, 2008

കുറച്ചു നാള്‍ മുന്പു പുറത്തിറങ്ങിയ ഛോട്ടാ മുംബൈ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണു ഒരു കാര്യം എനിക്കു മനസിലായത്. സാന്റാക്ളോസിന്റെ രൂപം ഉണ്ടാക്കിവെച്ച് അതു ന്യൂഇയറില്‍ കത്തിക്കുന്ന ആചാരം ഞങ്ങളു കൊച്ചീക്കാര്‍ക്ക് മാത്രമേ ഉള്ളു എന്നു. കുറഞ്ഞ പക്ഷം പശ്ചിമകൊചിയിലെ, ഫോര്‍ട്ട് കൊച്ചിയിലും വൈപ്പിനിലുമൊക്കെ ഈ ആചാരം ഇപ്പൊഴും തുടരുന്നുമുണ്ട്. പിന്നെ ഈ പപ്പാഞ്ഞി എന്ന പ്രയോഗവും. (അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള്‍ ഞങ്ങള്‍ക്കുണ്ട്. ഉദാഹരണമായി, ചില്ലക്ഷരങ്ങാളായ ല്‍, ള്‍ എന്നിവയോട് ഞങ്ങള്‍ക്ക് അയിത്തമാണു. നമ്മ(ള്‍), വന്നാ(ല്‍), നിന്നാ(ല്‍), പെങ്ങ(ള്‍)ക്കടെ വീട്ടി(ല്‍), നാട്ടി(ല്‍), ഇപ്പോ(ള്‍)അങ്ങിനെ അങ്ങിനെ)

സാന്റാക്ളോസിനെ ഞങ്ങള്‍ വിളിക്കുന്ന പേരാണു പപ്പാഞ്ഞി. ഇതിന്റെ ഒറിജിന്‍ എന്താണെന്നോ, എന്തടിസ്ഥാനത്തിലാണു ഈ പേരിട്ടതെന്നോ യാതൊരു വിവരവുമില്ല. എങ്കിലും കാലാകാലങ്ങളായി പപ്പാഞ്ഞി എന്ന പേരില്‍ സാന്റാക്ളോസ് അറിയപ്പെടുന്നു.

എകദേശം ഡിസം 21, 22 ഒക്കെ ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ (Mid Term Exam) കഴിയും. സ്കൂളില്‍ നിന്നു വരുന്ന വഴി, ആദ്യം ചെയ്യുന്ന പണി, പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണു. നാലോ അഞ്ചോ രൂപാ വരുന്ന മുഖം മൂടി, അന്പതു പൈസാവീതം ഷെയറിട്ടാണു വാങ്ങുന്നത്. അന്നു വൈകീട്ടു മുതല്‍ തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണു ഈ മുഖം മൂടി. ഏകദേശം രാത്രി ഏഴുമണിയാകുന്നതോട് കൂടി കരോള്‍ പോകാനുള്ള ടീം റെഡിയാകും, അമ്മമാരുടെ കയ്യില്‍ ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി(Santa Clause) ആകാന്‍ പോകുന്നവനെ അതാണു ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണിചുറ്റി ഉണ്ടയാക്കി വെക്കും, കൊടവയറിനു വേണ്ടി. ഒരു നീളന്‍ വടിയില്‍ കളര്‍ കടലാസു ചുറ്റി രണ്ടു ബലൂണ്‍ കൂടി ഫിറ്റ് ചെയ്താല്‍ പപ്പാഞ്ഞി റെഡി. ബാക്കിയുള്ളവന്മാര്‍, വെല്ല കടുവായുടെയോ കുരങ്ങന്റെയോ, നരിയുടെയോ ഒക്കെ മുഖം മൂടി വെക്കും. പിന്നെ സെര്‍വോയുടെ പാട്ടയോ, പ്ളാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില്‍ വടികൊണ്ട് കൊട്ടി താളം പിടിച്ചാണു കരോള്‍ നീങ്ങുന്നത്.

കരോള്‍ എന്നു പറയുമ്പോള്‍ അതില്‍ കരോള്‍ പാട്ടുകള്‍ കുറവായിരിക്കും. ആകെ അറിയാവുന്ന കരോള്‍ സോങ് ‘ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ബെല്‍സ് ജിംഗിള്‍ ഓണ്‍ ദ് വേ’ എന്ന ഒരൊറ്റ വരിമാത്രമാണു. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന്‍ പറ്റുന്ന തമിഴ്പാട്ടുകളാണു. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള്‍ ഒരു ഹരമാണു തുള്ളാന്‍. കുറച്ചു കൂടി അഡ്‌വാന്‍സ്ഡ് ആയവര്‍ ടേപ് റെക്കോര്‍ഡര്‍ ഉപയോഗിക്കും. ഇങ്ങനെ പാട്ടും പാടി, തുള്ളി ഓരോ വീട്ടിലുമെത്തുന്ന കരോളിനെ ഞങ്ങള്‍ പപ്പാഞ്ഞിക്കളിയെന്ന വിളിക്കുന്നത്. സാന്റാക്ളോസ് എല്ലാവര്‍ക്കും ഗിഫ്റ്റ് കൊടുക്കുമ്പോള്‍, ഈ പപ്പാഞ്ഞി കാശു വാങ്ങുകയാണു ചെയ്യുന്നത്. ഒന്നൊ രണ്ടു പാട്ടു പാടി തുള്ളിയതിനു ശേഷം കാശിനായി പപ്പാഞ്ഞി ഒരു പാത്രം നീട്ടും. സാധാരണ ഗതിയില്‍ ഈ പാത്രം കാലിയായ കുട്ടികൂറാ പൌഡര്‍ ടിന്‍ ആയിരിക്കും. അതിന്റെ ഒരു വശത്ത് കാശിടാന്‍ പാകത്തിനു ഒരു വിടവുണ്ടാകും. ആ വിടവിലൂടെ, 50 പൈസ, ഒരു രൂപ തുട്ടുകള്‍ വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില്‍ മൂന്നും നാലും പാട്ടുകള്‍ പാടി തുള്ളാറുമുണ്ട്. രാത്രി ഒരു പത്തുമണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിപ്പിക്കും. 50ഓ 60ഓ രൂപവരെ കിട്ടും. ക്രിസ്മസ് രാത്രിയില്‍ 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ ഈ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിനങ്ങളാണു. ക്രിസ്മസ് ദിവസം മുതല്‍ ഡിസം 31 വരെ.

ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ വീണ്ടും എല്ലാവരും എതെങ്കിലും പറമ്പില്‍ എത്തും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല്‍ തുടങ്ങിയവയുടെ ശേഖരണമാണു. വൈക്കോല്‍ കുറച്ചുകൂടി എക്സ്പെന്സീവ് ആണു. ഒരു കെട്ടിനു 3 രൂപാ കൊടുക്കണം. അടുത്തപണി ആരുടെയെങ്കിലും അപ്പന്മാരുടെ പഴയ പാന്റും ഷര്‍ട്ടും ഒപ്പിക്കലാണു. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ, വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര്‍ ഉണ്ടാക്കി, പാന്റ്സും ഷര്‍ട്ടുമിടീച്ച്, അതില്‍ പുല്ലും വൈക്കോലും നിറയ്ക്കും. സംഭവം ഏകദേശം പാടത്തു വെക്കുന്ന കോലം പോലെ ഇരിക്കും. എന്നിട്ട് അതിനു മുഖംമൂടി കൂടി വെക്കുന്നതോടെ, പപ്പാഞ്ഞി റെഡി.

അടുത്ത ദിവസം രാവിലെ തന്നെ, പപ്പാഞ്ഞിയെ ഏതെങ്കിലും ഒരു ജങ്ഷനില്‍ കൊണ്ടുവെക്കും. പിന്നെ പപ്പാഞ്ഞി പിരിവാണു. അതായതു നമ്മുടെ പാര്‍ട്ടിക്കാരുടെ ബക്കറ്റു പിരിവു പോലെ. ആ വഴിപോകുന്ന എല്ലാവരെയും തടഞ്ഞു നിര്‍ത്തി കാശു വാങ്ങും. ചില ദുബായിക്കാര്‍ ഷോ കാണിക്കന്‍ അന്പതു രൂപ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസം: 31 വരെ ഈ പിരിവു തുടരും.

ഡിസം: 31, അന്നു ആഘോഷമാണു. പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപിരിവു എന്നിവയിലൂടെ കിട്ടിയകാശു കൊണ്ട് ഒരു മൈക്ക് സെറ്റും, ആംപ്ളിഫയറും വാടകയ്കെടുത്ത് പപ്പാഞ്ഞിയെ വെച്ചിരിക്കുന്ന ജങ്ഷനില്‍ പാട്ടും ഡാന്സുമൊക്കെയായി ആ സന്ധ്യ മുഴുവന്‍ ശബ്ദമുഖരിതമാകും. മുതിര്‍ന്നവരും ഒപ്പം കൂടും. ചിലര്‍ ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം ഒക്കെ കൊണ്ടുവരും. ആ വര്‍ഷത്തെ ദുഃഖമൊക്കെ അപ്പോള്‍ ഞങ്ങള്‍ മറക്കും. രാത്രി മുഴുവന്‍ നീളുന്ന ആഘോഷം, രാത്രി 12 മണി വരെ. ഇനി വിടപറയാണു. കടന്നു പോകുന്ന വര്‍ഷത്തോടു. അതിന്റെ പ്രതീകമായി, പപ്പാഞ്ഞിയെ കത്തിച്ചുകളയും. ഒപ്പം പഴയദുഃഖങ്ങളും. പപ്പാഞ്ഞി എരിഞ്ഞടങ്ങുന്നതോടെ എല്ലാവരും പരസ്പരം ന്യൂ ഇയര്‍ ആശംസിച്ചു പിരിയും. അങ്ങിനെ ആ വര്‍ഷത്തെ പപ്പാഞ്ഞിയുടെ കഥ അവസാനിക്കും. ഇനി അടുത്തവര്‍ഷം ഡിസംബറില്‍….

Read Full Post »

പാവം പെട്രോള്‍ കമ്പനികള്‍, ദാരിദ്ര്യരേഭയ്ക്ക് താഴേ കേഴും പാവം പെട്രോള്‍ കമ്പനികളല്ലോ. മന്‍മോഹനണ്ണാ…അണ്ണനാണണ്ണ അണ്ണന്‍. വ്യവസായികളുടെ അണ്ണന്‍. അവരുടെ നഷ്ടത്തില്‍ അണ്ണനൊഴുക്കുന്ന കണ്ണീരുകാണുമ്പോ, ഒരു ലിറ്റര്‍ പെട്രോളിന്‍ ഒന്നൊ രണ്ടൊ രൂപ കൂടുതല്‍ കൊടുത്താലോ എന്നു വരെ ഞാനാലോചിക്കാറുണ്ട്. ബിര്‍ള്ളച്ചായനും അമ്പാനിയണ്ണനും ബാങ്കു പലിശ കൊറക്കണമെന്നു പറഞ്ഞപ്പൊത്തന്നെ അണ്ണന്‍ എടുപിടീന്നു കുറച്ചതു കേട്ടു ഉയര്‍ന്ന രോമങ്ങള്‍ താഴാന്‍ തുടങ്ങുമ്പോഴാ അണ്ണന്റെ പെട്രോള്‍ കമ്പനികളോടുല്ല സ്നേഹം കൂടി അറിഞ്ഞതു. ഇനി ഈ രോമങ്ങള്‍ താഴണേല്‍ അടുത്ത മണ്ഡലക്കാലമാകും. യെവന്മാരുടെ നഷ്ടം നമ്മുടെ നാടിന്റെ തീരാ നഷ്ടമാണല്ലൊ.. അപ്പൊ നമ്മളു തന്നെ ഒടുക്കണം. ചുമ്മാ അറിയാന്‍ വേണ്ടിയാണു കേട്ടാ ഈ ചോദ്യങ്ങള്.

എണ്ണകമ്പനികളു പ്രതിവര്ഷം ബ്രാന്ഡ് അമ്പാസഡര്‍മാര്‍ക്കും, പരസ്യത്തിനും വേണ്ടി ഒഴുക്കുന്നത് രണ്ടായിരത്തില്‍ പരം കോടി രൂപാ. പിന്നെയ് പരസയം കണ്ടല്ലെ നമ്മള്‍ പെട്രോളടിക്കുന്നതു. പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര എണ്ണകമ്പനികള്‍ നാട്ടില്‍ മുളച്ചു നില്‍ക്കുവല്ലെ പരസ്യം കാണിച്ചു വിപണി പിടിക്കാന്‍. മരങ്ങോടന്റെ വണ്ടിയില്‍ പെട്രോളു തീര്ന്നാല്‍ ചരിച്ചടിച്ചും, ചോക്ക് താങ്ങിയും ഉന്തിയും തള്ളിയും ഒരു കണക്കിനു അടുത്ത പമ്പില്‍ ചെന്നു എണ്ണ നിറക്കുമെന്നല്ലാതെ ആരാ, ബ്രാന്ഡ് നോക്കി അടിക്കുന്നത്.

എണ്ണപുരണ്ടു പണ്ടാരടങ്ങി ജീവിച്ചു മടുക്കാതിരിക്കാന്‍ കമ്പനികള്‍ ആഡംബര വിനോദങ്ങള്‍ക്കായി തൊലക്കുന്നതു പ്രതിവര്‍ഷം 800 കോടിയിലധികം വരും. ഇതാരുടെ പോക്കറ്റില്‍ നിന്നു കൊടുക്കണമെന്ന മോഹനാ നീ പറയുന്നത്.

ഈ കഴിഞ്ഞ ആഴ്ചകളില്‍ എണ്ണകമ്പനികളിലെ വിദ്വാന്മാര്‍ കൊച്ചി ടാജ് മലബാറില്‍ വന്നു പുട്ടടിച്ചും കള്ളുകുടിച്ചും മീറ്റിങ്ങു കൂടിയത് ഒന്നരക്കോടി രൂപയ്ക്ക്. ഇത്തരത്തില്‍ ഒരു വര്ഷം യെവന്മാര്‍ മീറ്റിങ്ങു കൂടി തകര്ക്കുന്ന കോടികള്‍ എത്രയെന്നു ഒടയതമ്പുരാനറിയാം.

ഈ നഷ്ടമൊക്കെ നികത്താനാ നമ്മളു ജനങ്ങളുടെ തലയില്‍ അമിത ചാര്ജ്ജ് ഈടാക്കി മന്മോഹന്‍ കമഴ്ത്തിക്കൊടുക്കുന്നത്. ബാരലിനു 60-ല്‍ താഴെ എത്തിയാല്‍ വിലകുറക്കുന്നതു പരിഗണിക്കമെന്നു പെട്രൊളിയം മന്ത്രി ചുമ്മാ തള്ളിയിരിക്കുമ്പോഴാ വില 52 ഡോളര്‍ വരെ എത്തുന്നത്. എന്നിട്ടും വിലകുറക്കില്ല.

ഇപ്പോഴത്തേ വാദം വെച്ചു വില എന്നു കുറയാനാ? എന്നാണു ഇവിടത്തെ കമ്പനികള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നത്? മോഹനനു ബോധമുണ്ട്. അതാ പുള്ളി മലമ്പാമ്പിനെ കിട്ടിയാല്‍ മാലയാക്കി ഇടാമെന്നു പറയുന്നതു. മലമ്പാമ്പിനെ കിട്ടുകയുമില്ല. മാലയൊട്ടിടുകയുമില്ല. ഡിസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്സീഡിയില്‍ വന്ന നഷ്ടം എന്നൊക്കെ പറഞ്ഞു, ഞങ്ങളുടെ കണ്ണില്‍ മണ്ണിട്ടോളൂ. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളല്ലല്ലോ? അങ്ങയുടെ ജനങ്ങള്‍ ടാറ്റയും ബിര്‍ലയും അമ്പാനിയുമല്ലേ.

Read Full Post »

എടീ ഭാര്യേ…ഇവിടെയുണ്ടായിരുന്നു രണ്ടയേണ്‍ ബോക്സിലൊന്നു കാണുന്നില്ല.

അതു ഞാന്‍ വില്‍ക്കാന്‍ വെച്ചു. നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.

വേണ്ട. പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല്‍ സമയലാഭമാണു എന്നു.

ഇതിയാന്‍ വീട്ടില്‍ നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ.

അപ്പൊ ചിരട്ടപുകയടിച്ചു ഞാന്‍ കറുത്തുപോകുമെടി. ശോശയുടെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടേ?

ഓ..അതു നിങ്ങളു അമര്ത്തി തേച്ചു കുളിച്ചാല്‍ മതി കരിയങ്ങു പൊയ്ക്കോളും. പിന്നേയ്‌…അവിടെ വെറുതെ നിക്കുവാണെല്‍ ഇങ്ങോടൊന്നു വന്നേ…

എന്തിനാ…

ഇങ്ങു വാ മനുഷ്യാ…ഞാന്‍ പിടിച്ചിട്ട് ഇതനങ്ങുന്നില്ല.

ഇതിപ്പൊ എന്തിനാ ഈ അരകല്ല്.

നിങ്ങള്‍ക്ക് അരകല്ലില്‍ അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.

മമ്മി അതു പറഞ്ഞിട്ടു ഇപ്പൊ വര്‍ഷം രണ്ടായി. എനിക്കാണേല്‍ ഇപ്പൊ മിക്സിച്ചമ്മന്തി ഇല്ലാതേ ഒക്കുകേല.

നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..

നീയെന്റെ നടുവൊടിക്കും.

ആ അമ്മിക്കല്ലും ഉരലും കൂടി ഇങ്ങോട്ടടുപ്പിച്ചൊ..

കൊള്ളാം. ഇതും നീ വില്‍ക്കാന്‍ പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.

എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തതു?

ശെരി. നീയും കൂടി പിടിക്ക്…

പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില്‍ കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.

അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?

ഇതകത്തു പെരുമാറാനാണിഷ്ടാ..

അതിനല്ലേ സുന്ദരമ്മയൊരു വാക്വം ക്ളീനറുള്ളതു.

ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.

അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര്‍ കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.

അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.

കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.

പിന്നെ വൈകീട്ട് തടിമില്ലില്‍ നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.

അറക്കപ്പൊടിയില്‍ പാമ്പ് കേറില്ലെ?

അതിനു വെള്ളുള്ളിയോ, കായമോ കലക്കി ഒഴിച്ചാല്‍ മതി.

കരിപിടിക്കും.

ഞാന്‍ സഹിച്ചു. കുറ്റിയടപ്പാണേല്‍ ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.

ഓവനോ.

അതെടുത്തു പെട്ടിയില്‍ വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.

ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന്‍ കുളിക്കാന്‍ പോകുവാ..

എന്നാല്‍ കിണറ്റില്‍ നിന്നും വെള്ളമെടുത്തോളു.

അതെന്താ ടാങ്കില്‍ വെള്ളമടിച്ചില്ലേ. മോട്ടോര്‍ കേടായോ.

അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര്‍ അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല്‍ മോട്ടോര്‍ വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല്‍ മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.

മതി. അതു മതി.

എന്താ ആലോചിക്കുന്നേ?

അല്ലെടി ഒരുമനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?

എന്താ..

അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.

ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല. ഇതിയാന്റെ പേരില്‍ ഇനി എടുക്കാന്‍ ലോണ്‍ ഒന്നും ബാക്കിയില്ലല്ലോ. കറണ്ടുബില്ലടക്കാന്‍ വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.

ഓഹ്..അങ്ങിനെ…ഊഹ്..എന്താണെന്നറിയില്ലെടി ഭാര്യേ…ഈ കിണറ്റിലേ വെള്ളത്തില്‍ കുളിക്കാന്‍ നല്ല സുഖം..

കാണും കാണും

Read Full Post »

തദ്ദേശീയ ഉപതെരഞ്ഞേടുപ്പില്‍ ചുവപ്പന്‍ കാറ്റു വീഴ്ച്ച നേരിടുവാന്നു പ്രത്യേകം പൊലിപ്പിക്കേണ്ടതില്ല. ഇടതുകയ്യിലിരുന്ന ഏഴു സിറ്റിങു കൂടി കൈ വിട്ടതോടെ യുഡിഎഫ് 17 സീറ്റുകളൂമായി തെളിഞ്ഞു നില്‍ക്കുന്നു. 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു. സ്വതന്ത്രന്‍ മുന്‍കാല (സിപിഐ) പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു എന്നതും വെളിയത്തിന്റെ സ്വന്തം പഞ്ചായത്തു(ചെപ്ര)കാരനാണെന്നതും നാടകത്തിന്റെ ആന്റിക്ളൈമാക്സില്‍ പറയാവുന്നതാണു. കക്ഷി സിപിഐയില്‍ നിന്നു ചാടിയതോടെയാ ചെപ്രയില്‍ ഉപതെരഞ്ഞെടുപ്പു സംജാതമായത്. സിപിഎം പിന്തുണ ഇല്ലെന്നു നോട്ടീസടിച്ചിറക്കിയെങ്കിലും, ഉണ്ടായിരുന്നു എന്നത് ചെപ്രയിലേ കൊച്ചു സഖാക്കള്ക്ക് വരെയറിയാം. എന്തായാലും ഭാര്‍ഗ്ഗവന്റെ നാട്ടില്‍ ചുവപ്പുകൊടിക്ക് കെട്ടിവെച്ച കാശുകൂടി കിട്ടിയില്ല. ബിജെപിക്കും വലതനും പിന്നില്‍ നാലാം സ്ഥാനം കൊണ്ടു ചുരുണ്ടുകൂടി.

ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.

യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.

Read Full Post »

ഒബാമയ്ക്കിഷ്ടം മത്തിക്കറി

വൈറ്റ് ഹൌസ്: മത്തിക്കറിയിലൂടെ കേരളത്തിനും അഭിമാനിക്കാം. അമ്മേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഒബാമയ്ക്ക് ഏറ്റവും പ്രിയം കേരളത്തിലെ കള്ളുഷാപ്പില്‍ കണ്ടു വരുന്ന മത്തി ക്കറിയാണു എന്നു ഒബാമ, മാപ്പിളയോട് നേരിട്ടു പറഞ്ഞു. മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണൂ ഒബാമ ഇക്കാരയം വ്യക്തമാക്കിയത്. ഒബാമയുടെ കേരളാപ്രദേശ് വേരുകള്‍ അന്വേഷിച്ചു പോയ മാപ്പിളയ്ക്ക് തൃപതിയായി. കേരളത്തില്‍ വന്നിട്ട് മുല്ലപന്തല്‍, ചെറായി ബീച്ച് ഷാപ്പ് എന്നിവിടങ്ങളിലെ മത്തിക്കറി വാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യനേം മക്കളേം തീറ്റിച്ച കാര്യം കൂടി ഒബാമ പറഞ്ഞു.

കുട്ടപ്പന്‍ ഒബാമയുടെ ഉറ്റ തോഴന്‍

വൈറ്റ് ഹൌസ്: ഒബാമയുടെ ഉറ്റതോഴരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ച കുട്ടപ്പന്‍ നമ്മുടെ സ്വന്തം ചാലക്കുടിക്കാരന്‍. അഖിലലോക മുടിവെട്ടു തൊഴിലാളി യൂണീയന്റെ ചിക്കാഗോ സമ്മേളനത്തില്‍ വെച്ചാണു കുട്ടപ്പന്‍ ഒബാമയെ കന്ടൂ മുട്ടുന്നത്. അന്നു മുതല്‍ കുട്ടപ്പന്റെ ബാര്ബര്‍ ഷോപ്പില്‍ ചെന്നാണു ഒബാമ മുടിവെട്ടാറു. തന്റെ തെരഞ്ഞെടുപ്പു വിജയത്തില്‍ കുട്ടപന്റെ മുടിവെട്ടിനു വലിയ പങ്കുണ്ടായിരുന്നു എന്നു ഒബാമ സമ്മതിച്ചു. തന്റെ ഒരു കസ്റ്റമറും സുഹൃത്തുമായ ഒബാമ പ്രസിഡന്റായ സന്തോഷത്തിലാണു കുട്ടപ്പന്‍.

ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കൂ

നിങ്ങള്‍ക്കും ഒബാമയ്ക്ക് ആശംസകള്‍ അര്‍പ്പിക്കാം (തള്ളേ ഒബാമയ്ക്കു മലയാളവും തിരിയുമോ, യെവന്‍ പുലി തന്നെ)  http://www.manoramaonline.com/obama

Read Full Post »

Older Posts »