Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?

നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.

വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.

വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക…

Advertisements

കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.

കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു

മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.

 പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.

കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.


[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

ബസ് യാത്ര

കണ്‍സഷന്‍ കാര്‍ഡിലേക്കുള്ള കഴുകന്‍ നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്‍പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്‍പ്പിന്‍ ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?

സോഷ്യല്‍

ഇന്നലെ ഇതിലേ പോയവരുടെ
കാലടികള്‍ മാഞ്ഞ വഴിയിലൂടെ
എന്റെ പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തവേ

പ്രണയമരത്തിന്റെ ചുറ്റില്‍
ചിതറി വീണുറങ്ങിയ
മഞ്ഞപ്പൂക്കളുടെ ഗന്ധം മാഞ്ഞിരുന്നില്ല.

കാന്റീന്‍

ചുടുകടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍
വായിച്ചു തള്ളിയ വിപ്ലവങ്ങള്‍.
നീയെന്നിലേക്ക് ചാരിയിരുന്നു,
ചായക്കോപ്പയിലെ ചൂടാറ്റിയത്.

പരിപ്പുവടയില്‍ നിന്നടര്‍ന്നു മാറിയ
കറിവേപ്പിലയും പച്ചമുളകും,
തിങ്കളാഴ്ചയ്ക്ക് തണുത്തുപോയ
മത്തിപൊരിച്ചതും,
എന്‍സിസി ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ മുട്ടക്കറിയും പൊറോട്ടയും,
പുകപരത്തിയൊരു ബസ് വരും മുന്‍പേ
കടിച്ചു പിടിച്ചൊരു കുറ്റിബീഡിയും.

ഗ്രാമര്‍ ക്ലാസ്

ആദ്യമേ നീ നല്‍കിയ ഉറക്കങ്ങള്‍ക്ക് നന്ദി..
പ്രണയമില്ലാത്ത വ്യാകരണത്തിന്റെ
ദിത്വസന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്പോളിരട്ടിക്കുന്ന നിന്‍
ചുംബനത്റ്റിന്റെ മധുരവും

സമരം

മരവിച്ചുപോയ ഇടിനാദങ്ങള്‍
പിളര്‍ന്നു തീര്‍ന്നുപോയ കടലുകള്‍
കുരച്ചു തളര്‍ന്ന രക്തപ്പട്ടികള്‍
ക്ളീഷെകളായ് പോയ
സ്വാതന്ത്ര്യവും, സമത്വവും
സാഹോദര്യവും, പിന്നെ
പഴകിയുറഞ്ഞൊരു പുരോഗമനവാദവും.

ഇലഞ്ഞിമരം

നീ പൂത്തതും കായുതിര്‍ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും…

നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര?

[ടി.സി. വാങ്ങിപ്പോയതിന്റെ പിറ്റേന്ന് ശൂന്യമായ കോളേജിന്റെ ഇടനാഴിയിലിനുന്നപ്പോള്‍ കുറിച്ച് വെച്ചത്]

ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും
ബ്ലോഗനനുസ്മരണവും

കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637

മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,

പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.

കാര്യപരിപാടികള്‍

രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)

10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)

11 മണിക്ക് : ലിങ്കെറിയല്‍ (ചാറ്റ്, ഈ മെയില്‍ വഴി ഏറിയുന്ന ലിങ്കുകള്‍ പെറുക്കി ബ്രൌസറില്‍ തൂക്കണം. ആദ്യം ലിങ്കുമായെത്തുന്നയാള്‍ സമ്മാനമായി ഒരു തേങ്ങ കിട്ടുന്നതും അത് പോസ്റ്റിനു താഴെ തന്നെ ഉടക്കേണ്ടതുമാണ്.)

12 മണിക്ക് : സ്മരണിക പ്രകാശനം (ഇതു വരെ കാട്ടിക്കൂട്ടിയത് മുഴുവന്‍ ഒറ്റപ്പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാഹസിക പരിപാടി)

ഉച്ചതിരിഞ്ഞു 2 മണിക്ക്: കണ്ണുകെട്ടി കമന്റടി (സ്മരണിക ഫുള്ളായി വായിക്കാന്‍ സമയമില്ലാത്തവര്‍ മാത്രം പങ്കെടുക്കുക)

3 മണിക്ക് : കമന്റ് പെറുക്കല്‍ (പോസ്റ്റിറുന്നവര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കമന്റു കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. എന്തൊന്നിത് വാരിഷിക റിയാലിറ്റി ഷോയാ)

4 മണിക്ക് : ചര്‍ച്ചാക്ളാസുകള്‍

1. ഒരു പണിയുമില്ലാത്തപ്പോള്‍ എങ്ങിനെ വാര്‍ഷികപോസ്റ്റിടാം
2. ഏതു സമയത്ത് വാര്‍ഷികപോസ്റ്റിടാം

തുടങ്ങിയ വിഷയങ്ങളേ ഉള്‍ക്കൊള്ളിച്ച് ബ്ലോഗനര് അനിലര്, ബ്ലോഗനര് പറമ്പിലാനര്, ബ്ലോഗനര് കുന്നങ്കുളര് എന്നിവര്‍ സംസാരിക്കുന്നു.

വൈകീട്ട് നാലിനു : ആശംസപ്രസംഗം (വഴിയേ പോകുന്ന ആര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണു)

വൈകീട്ട് അഞ്ചിനു: മറുപടി പ്രസംഗം (സ. വാര്‍ഷികന്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിക്കുന്നു. തന്നെ ഈ വഴിക്കു പിഴപ്പിച്ചവന്മാരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നതാണു)

തുടര്‍ന്നു, കലാപരിപാടികള്‍ (തന്റെ തന്നെ ചില പോസ്റ്റുകളിലെ ലിങ്കുകള്‍ ആരും വായിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളിക്കുന്ന കലാപരിപാടി.)

ഏവര്‍ക്കും സ്വാഗതം

NB: പോസ്റ്റില്‍ മാറ്റം വരുത്താന്‍ സ. വാര്‍ഷികനു അവകാശമുണ്ടായിരിക്കുന്നതാണു

വാര്‍ഷികപോസ്റ്റിട്ടവരെ കളിയാക്കനല്ല കേട്ടൊ. അടുത്തടുത്ത് വാര്‍ഷികപോസ്റ്റ് കണ്ടപ്പോളൊന്നു തോണ്‍ടാമെന്നു കരുതി. തോണ്‍ടണമെന്നെയുള്ളു. ചൊറിയണമെന്നില്ല. എല്ലാവാര്‍ഷികന്മാര്‍ക്കും ഒറ്റവാക്കില്‍ “ആശംസകള്‍”

കടപ്പാട്: മദ്യപാനാഘോഷം എന്നപേരില്‍ വന്ന ഈ മെയില്‍.

ജൂഡാസ് ഗെത്സെമെനില്‍ എത്തുമ്പോള്‍, കേപ്പായും കൂട്ടരും നല്ല ഉറക്കത്തിലായിരുന്നു. ഒരു പാറക്കല്ലിനു മുകളില്‍ തലചായ്ച്ചു വെച്ചുറങ്ങുകയായിരുന്ന കേപ്പായെ അയാള്‍ തട്ടി വിളിച്ചു.

“കേപ്പാ..കേപ്പാ​‍ാ​‍ാ”

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കേപ്പാ, ജൂഡാസിനെ സൂക്ഷിച്ചു നോക്കി.

“ഇതു ഞാനാണു, ജൂഡാ…. ഗുരു….?

“മുകളിലേക്ക് കേറിപ്പോയി, പ്രാര്‍ത്ഥിക്കാന്‍…നീയെവിടെയായിരുന്നു ഇത്രനേരം?…പെസ്സഹായ്ക്കിടയില്‍ നീയെങ്ങോട്ടാണിറങ്ങിപ്പോയത്?

“ഞാന്‍..ഒരിടം വരെ”

“ഉം…” കൂടുതല്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ കേപ്പയുടെ കണ്ണുകളില്‍ പതിയിരുന്ന ഉറക്കത്തിനു അയാള്‍ കീഴടങ്ങി.

ജൂഡാസ് ചിന്താമഗ്നനായി, അടുത്ത് കണ്‍ട പൈന്‍ മരച്ചോട്ടിലിരുന്നു. അയാളുടെ അരയിലിരുന്ന വെള്ളിക്കാശു സഞ്ചി കിലുങ്ങിയമര്‍ന്നു. ആ നാണയങ്ങളുടെ കിലുക്കം അയാളെ അസ്വസ്ഥനാക്കി. ഒന്നും വേണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനയില്‍ പുരോഹിതന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെങ്കിലും, അന്നേരം തോന്നിയ യുക്തിയും കാരണങ്ങളും ഇപ്പോള്‍ അയാളുടെ ഒപ്പം നില്‍ക്കുന്നില്ല. തന്റെ ചിന്തകള്‍ പോലും ഇപ്പോള്‍ തന്നെ ഒറ്റപ്പേടുത്തുകയാണു. “എങ്ങിനെയാണു ഗുരുവിനു മുന്നില്‍ ഒരൊറ്റുകാരനെപ്പോലെ നില്‍ക്കുവാന്‍ കഴിയുന്നത്?”. വിചാരിച്ചത്ര എളുപ്പം അതിനു തനിക്കു കഴിയില്ല എന്നിപ്പോള്‍ തോന്നുന്നു. ഇല്ല തനിക്കതിനു കഴിയില്ല. പുരോഹിത പ്രമാണിയും കൂട്ടരും ഇപ്പോള്‍ ഉറങ്ങിക്കാണില്ല. അവര്‍ക്കിന്നു ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല. കുരുക്കിനുള്ളില്‍ ഇര വന്നു വീഴുന്നത് വരെ കണ്ണിമ വെട്ടാത്ത വേടനെപ്പോലെ അവരീ രാവിനു മുഴുവന്‍ കാവലിരിക്കും. തന്നെക്കോണ്‍ടിതിനു കഴിയില്ല എന്നു പറഞ്ഞ് ഈ പണക്കിഴി അവരുടെ മുന്നിലേക്കെറിയണം. ജൂഡാസ് കുന്നിറങ്ങി പുരോഹിതപ്രമാണിയുടെ വീട്ടിലേക്കു നടന്നു.

വിചാരിച്ചതു പോലെ തന്നെ. പ്രമാണിയുടെ വീട്ടില്‍ വെളിച്ചമണഞ്ഞിട്ടില്ല.

“ആരാണത്?” കാവല്‍ക്കാരന്‍.

“ഞാന്‍.., ജൂഡാ..എനിക്ക്..”

“ഊം…എന്താ കാര്യം..ഈ പാതിരാത്രിക്ക്, ങ്ഹേ!?”

“അത്..എനിക്ക് പ്രമാണിയെ ഒന്നു കാണണമായിരുന്നു.”

“ഈ അസമയത്തൊ..നാളെ രാവിലെ വരു..ങും”

“പ്രമാണിയെക്കാണേണ്‍ട അത്യാവശ്യമുണ്ടായിരുന്നു”

“എന്തായാലും, ഇന്നിനി പറ്റില്ല. ആരെയും അകത്തേക്ക് കയറ്റി വിടരുത് എന്നാണു പറഞ്ഞിരിക്കുന്നത്”

“ജൂഡയാണു വന്നിരിക്കുന്നതെന്നു പറയൂ”

“ജൂഡയാണെങ്കില്‍, ഒട്ടുംതന്നെ കടത്തി വിടേണ്‍ട എന്നും പറഞ്ഞിട്ടുണ്‍ട്”

അയാള്‍ തിരികെ നടന്നു. ഇതു തന്റെ വിധിയാണു. സ്വയം വരുത്തി വെച്ചത്. പണത്തിനോട് മാത്രമെന്തേ ഇങ്ങനെയൊരടുപ്പം?. ജൂഡാസ് തിരികെ ഗെത്സെമെനിലെത്തുമ്പോള്‍, അവര്‍ ഉണര്‍ന്നിരുന്നില്ല. അയാള്‍ കുന്നിനു മുകളിലേക്ക് കയറാന്‍ തുടങ്ങി. ഗുരുവിനെ നേരിട്ട് കാണണം. മാപ്പ് പറയണം. എന്നിട്ട്, പ്രമാണിയുടെ ആളുകള്‍ തന്നെയന്വേഷിച്ചെത്തും മുന്‍പ് പോകാവുന്നതനിപ്പുറത്തേക്ക് പോകണം.

അയാള്‍ മുകളില്‍ ചെല്ലുമ്പോള്‍, യേശു പ്രാര്‍ത്ഥിച്ചു കൊണ്‍ടിരിക്കുകയായിരുന്നു. എന്ത് ചെയ്യണം? അരികില്‍ ചെന്നു വിളിച്ചാലോ. ഏതു വിധേനയോ സംഭരിച്ച് വെച്ച ധൈര്യം എങ്ങൊ പോയ്മറഞ്ഞിരിക്കുന്നു. ജൂഡാ ഒരു മരത്തിനു പിന്നില്‍ പുറം തിരിഞ്ഞു നിന്നു. അയാളുടെ കണ്ണുകളില്‍ ഭയമോ, കുറ്റബോധമോ നിറച്ച കണ്ണുനീര്‍ത്തുള്ളികള്‍. എത്രനേരം അങ്ങിനെ ഇരുന്നു കാണും എന്നറിഞ്ഞ് കൂടാ. പരിചിതമായ ആ ശബ്ദം കേട്ട് അയാള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി.

യേശു.

“ജൂഡാ”

“ഗുരൊ… വീഞ്ഞില്‍ മുക്കിയൊരപ്പവും കൊണ്ട് നീ എന്തിനാണെന്നെ ഈ വിധിക്ക് ഒറ്റുകൊടുത്തത്?…”

“ഹ് ഉം, ജൂഡാ വരൂ..” യേശു മന്ദഹസിച്ചുകൊണ്‍ട് ജൂഡാസിന്റെ തോളില്‍ കയ്യിട്ടു. അവര്‍ ഒരുമിച്ച് താഴേക്കിറങ്ങി.

“നിന്റെ വിധിയെന്ത് എന്നും, നിനക്കെന്ത് തോന്നുന്നുവെന്നും എനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം…എന്നെ കാണിച്ചു കൊടുക്കാന്‍ വിധിക്കപ്പെട്ടവന്റെ അരക്കെട്ടില്‍ എന്നുമിങ്ങനെ ഒരു പണസഞ്ചി ഞാന്നു കിടക്കും. നീയായിട്ട് അതു തുടങ്ങിയെന്നു മാത്രം. കാലകാലങ്ങളോളം, എന്റെയടുത്തേക്ക് വരുന്നവനു മുന്നിലേക്ക് നീണ്‍ടു വരുന്ന കരങ്ങള്‍ ഞാന്‍ കാണുന്നു ജൂഡാസ്…അതില്‍ വീഴുന്ന നാണയത്തുട്ടുകളും”

“നീ പറയുന്നതൊന്നും എനിക്കു മനസിലാവുന്നില്ല. എന്റെ മനസു തിളച്ചു മറിയുകയാണ്. എന്നെക്കൊണ്ടിതിനു കഴിയില്ല. നിന്നെക്കണ്ടു യാത്ര പറയാനിറങ്ങിയതാണു ഞാന്‍.

“നിനക്കതിനു കഴിയണം ജൂഡാ…സ്കറിയായുടെ മകന്‍ ഒറ്റിക്കൊടുത്തില്ലെങ്കില്‍, എന്റെ വഴികളിവിടെ അപൂര്‍ണ്ണമായിക്കിടക്കും. നീ പൊയ്ക്കോളൂ, ഇപ്പൊഴല്ല, എന്നെയവര്‍ക്ക് കാണിച്ചു കൊടുത്തിട്ട്.”

“ഗുരോ…” അയാളുടെ കണ്ണുനീര്‍ കരച്ചിലും പൊട്ടിക്കരച്ചിലുമായൊഴുകി. യേശു അയാളെ ചേര്‍ത്തു പിടിച്ചു.

കുന്നിനു താഴേക്കുള്ള വഴിയില്‍ പന്തങ്ങളുടെ തിരയാട്ടം.

“ജൂഡാ..അവര്‍ വരുന്നുണ്‍ട്. എന്നോടൊപ്പം നിന്നെയവര്‍ കാണേണ്‍ട പൊയ്ക്കോളൂ..ഞാന്‍ നേരത്തെ പ്രാര്‍ത്ഥിച്ചു കൊണ്‍ടിരുന്നിടത്തു തന്നെ കാണും. അവരെക്കൂട്ടി അങ്ങോട്ടു വന്നാല്‍ മതി.”

യേശു തിരികെ കുന്നിലേക്ക് തന്നെ കയറി. കേപ്പായും കൂട്ടരും ഇപ്പൊഴും ഉറങ്ങുകയാണു. ജൂഡാ കണ്ണുകള്‍ തുടച്ച് ഒട്ടൊരു ഗദ്ഗദത്തോടെ താഴേ നിന്നു കയറി വരുന്ന പന്തങ്ങളുടെ കൂട്ടത്തില്‍ ലയിച്ചു.

“എവിടെ അവന്‍?”

ബഹളം കേട്ട് കേപ്പായും കൂട്ടരുമുണര്‍ന്നു. ആള്‍ക്കൂട്ടത്തെ കണ്ടു ഭയന്ന അവര്‍ യേശുവിന്റെയടുത്തേക്കോടി.

“ജൂഡാ..എവിടെ യേശു?”

“ബഹളം വെക്കണ്‍ട. തന്ന കാശിനുള്ള ജോലി ജൂഡാ ചെയ്യുമെന്നെ പ്രമാണിക്കറിയാം. ഈ ആക്രോശമൊന്നും എന്റെയടുത്തു വേണ്‍ട”

ജൂഡായുടെ ശബ്ദത്തിനടിയിലൂടെ ആ ബഹളം ഒലിച്ചില്ലാതായി. ജൂഡാസ് മുന്നില്‍ നടന്നു, പിന്നിലായ് പ്രമാണിയുടെ ആളുകളും. യേശുവിരിക്കുന്നിടത്ത് അവരെത്തിയപ്പോള്‍, യേശു അവരെ നോക്കി പുഞ്ചിരിച്ചു. ജൂഡാസിനെ സ്നേഹപൂര്‍വ്വം നോക്കി. ജൂഡാസിന്റെ ഹൃദയം ഞെരിഞ്ഞമരുകയായിരുന്നു. അത് യേശുവറിഞ്ഞു.

ജൂഡാസ് വിറയാര്‍ന്ന കാലടികള്‍ വെച്ച് യേശുവിനടുത്തേക്ക് നടന്നു. രണ്‍ട് സമുദ്രങ്ങളവിടെ ആര്‍ത്തലച്ചു നിന്നു, യേശുവിന്റെ സ്നേഹവും, ജൂഡായുടെ ദുഃഖവും. അയാള്‍ യേശുവിനെ ഇറുകെപ്പുണര്‍ന്നു. ആ കവിളുകളില്‍ തെരു തെരെ ചുംബിച്ചു.

“ജൂഡാ ഒരു ചുംബനം കൊണ്‍ടെന്നെ നീ കാണിച്ചു കൊടുത്തല്ലൊ, എനിക്കിതു മതി. ഒരപരിചിതനെപ്പോലെ നീയെന്നെ വിരല്‍ ചൂണ്ടിക്കാണിച്ചു കൊടു ക്കരുതേ എന്നു മാത്രമെ ഞാനാഗ്രഹിച്ചിരുന്നുള്ളു.”

അവര്‍ കുറച്ചു നേരം അങ്ങിനെ തന്നെ പുണര്‍ന്നു കൊണ്‍ട് നിന്നു. പിന്നെ ജൂഡാസിന്റെ കണ്ണുകളില്‍ തങ്ങിനിന്ന തുള്ളികള്‍ തുടച്ച് കളഞ്ഞു, യേശു പ്രമാണികളുടെ ആളുകളോടൊപ്പം നടന്നകന്നു. തളര്‍ന്ന മനസും ശരീരവുമായി ജൂഡാസ് പാറമുകളിലിരുന്നു. ഇടയ്ക്കേപ്പൊഴോ യേശു ജൂഡാസിനെ തിരിഞ്ഞു നോക്കി, സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ. ആ പുഞ്ചിരി ജൂഡാസിന്റെ നിറമിഴികളില്‍ മങ്ങി മെല്ലെ മറഞ്ഞുപോയി. പിന്നെ ആ പാറയില്‍ തലചേര്‍ത്തു വെച്ച് അയാള്‍ പൊട്ടിക്കരഞ്ഞു.

ചോണനുറുമ്പു ചുമന്നൊരു തുമ്പി-
ച്ചിറകീ വഴിയേ പോകുന്നു
ചിറകില്‍ പൊടിയും രുധിരം നുകരു-
മെറുമ്പിന്‍ വരികള്‍ നീളുന്നു.

ആരുടെ വഴികളിടയ്ക്കു മുടക്കി
ജടായു കണക്കേ പറന്നൂ നീ?
ആരുടെ കയ്യിലിരുന്നു പിടഞ്ഞി-
ട്ടേതൊരു മാനം കാത്തു നീ?

മണ്ണിനും നിന്‍ ചെറുവിണ്ണിനുമിടയില്‍
വീശി നിറച്ചൊരു വര്‍ണ്ണവുമായ്
പാറിനടക്കാന്‍ ചിറകുകള്‍ നല്‍കി-
പ്പോയൊരു ദൈവം ഈ വഴിയെ.

ആരുടെ കല്ലുകള്‍ കാലിലിറുക്കീ-
ട്ടേന്തിവലിഞ്ഞു പറന്നീലാ?
ആരുടെ കല്ലാം മനസ്സിലുദിച്ചു നിന്‍-
ചിറകുകളരിയണമെന്ന വിധി?

ചോരമണത്ത് വരുന്നുണ്ടിതിലേ
ചോണനുറുമ്പുകളൊരു കൂട്ടം
മരിച്ചു തുടങ്ങിയ നിന്റെ ശരീരം
കീറി മുറിഞ്ഞു പിടയ്ക്കേണം.

എന്നുടെ കവിത നടന്നൊരു വഴിയില്‍
തണലായ് നളിനദലം പോല്‍ നിന്‍
ചിറകു വിരിച്ചതും വര്‍ണ്ണക്കൂട്ടുകള്‍
വാരിയെറിഞ്ഞതുമിന്നോര്‍ക്കേ,

അവസാനത്തിന്‍ ശ്വാസം അണയും-
മുന്‍പേ നിന്നുടെ പ്രാണനെയെന്‍,
കാലുകള്‍ നീട്ടിയരപ്പൂ നിന്നെ-
ചോണന്‍ കീറി മുറിക്കാതെ.

ദയയല്ലാത്തൊരു ദയയാണതു നിന്‍-
ചിറകു മുറിഞ്ഞൊരു വേദനയും,
ചോണന്‍ കടിയുടെ നൊമ്പരവും,
ഒട്ടൊരു മാത്രയിലണയട്ടെ.

ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു-
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ച് മയങ്ങുക നീ തുമ്പി…

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.

ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.

സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.

അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. “A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark”-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.

ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.

അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് “കന്‍ട്രി ചര്‍ച്യാര്‍ഡ്” എഴുതിയിട്ടില്ലേ”. ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.

ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം…അതി മനോഹരം…ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ…മംഗളം.