Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘ലേഖനം’ Category

സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ “ഹോം കോളിങ്”. മമ്മിയായിരുന്നു. “മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം”. മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. “എന്തു പറ്റി മമ്മി?”. “ഒന്നുമില്ലെടാ”. എനിക്ക് എന്തൊ പന്തികേട് തോന്നി. “വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു വരുത്തി ഞാന്‍ വീട്ടിലേക്ക് അതിവേഗത്തില്‍ ബൈക്കോടിച്ച് ചെന്നു. മനസില്‍ പലചിന്തകളും, ഒരു പക്ഷെ അമ്മൂമ്മയ്ക്കെന്തെങ്കിലും? വീടിനുമുന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നാണു ഞാന്‍ ആദ്യമേ നോക്കിയത്. ആരുമുണ്ടായിരുന്നില്ല. “ദൈവമേ ഇനിയാരെങ്കിലും ഹോസ്പിറ്റലില്‍?”

ഇതൊന്നുമല്ല കാര്യം. മനുഷ്യന്‍ വെറുതെ തീ തിന്നു. സന്നിദാനന്ദന്‍! കക്ഷിയെ അറിയുമായിരിക്കുമല്ലൊ? സന്നിയെന്നു പറഞ്ഞാല്‍ അറിയാത്തവര്‍ ലോകമലയാളത്തിലുണ്ടോ? സംഗീതവും ശബ്ദവും ശ്രീ അയ്യപ്പന്റെ വരമായി ലഭിച്ചു എന്നു വിശ്വസിക്കുന്ന ഐഡിയ സ്റ്റാര്‍ സന്നിധാനന്ദന്‍ തന്നെ. അദ്ദേഹം പാടിയതു ശെരിയായില്ല എന്നു ശ്രീക്കുട്ടനും, ദീദിയും, ശരത്തും ഒരു പോലെ പറഞ്ഞു (ഗസല്‍ എന്നൊക്കെ പറഞ്ഞാല്‍ സന്നി കൊത്തിയാല്‍തന്നെ ആ കൊക്കിലൊതുങ്ങില്ല എന്ന കാര്യം ആര്‍ക്കുമറിയാം. അതിനു പ്രത്യേകിച്ചൊരു ദിവ്യത്വം വേണ്ട.) എങ്കിലും അദ്ദേഹം കൊള്ളാവുന്ന ഒരു പാട്ടുകാരന്‍ തന്നെ. അതു കൊണ്ടു തന്നെയാണു സന്നിയേയും റിത്വികിനേയും കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതും. വീട്ടുകാര്‍ക്കും കക്ഷിയെ ക്ഷ ബോധിച്ചിരുന്നു. സംഗീതം മാത്രമല്ല സന്നിയുടെ ജീവിതചുറ്റുപാടുകളും ടിവിയില്‍ കണ്ടതു കൊണ്ട് തന്നെ ആ സ്നേഹം കുറച്ചു കൂടി വാത്സല്യത്തിന്റെ തന്നെയായിരുന്നു. അതു കൊണ്ടാണു ഒരു പക്ഷെ സന്നി അടുത്ത റൌണ്ടില്‍ നിന്നും പുറത്തായാലോ എന്നു ഭയന്ന്‍ എന്റെ മമ്മി അര്‍ജന്റ് ആയി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞതും. ആരെങ്കിലും ചാകാന്‍ കിടക്കുന്നൊ എന്നൊക്കെ കടന്നു ചിന്തിച്ചത് എന്റെ തെറ്റ്. പോട്ടെ, ഒരു നല്ല കാര്യത്തിനല്ലെ.

കണ്ണുകാണാത്തവരെ ഉള്‍പ്പെടുത്തിയേക്കാമെന്നു ഏഷ്യാനെറ്റ് നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. അതു വഴിവരുന്ന സെന്റി എസ്.എം.എസുകള്‍ അവര്‍ വേണ്ട എന്നും വെക്കണ്ട. ഓരൊ അന്ധഗായകരെക്കൊണ്ടും “കണ്ണു തുറക്കാത്ത ദൈവങ്ങളേ” വിളിച്ച് ഗായകനെയും, അവതാരികയേയും, ജഡ്ജസിനെയും, കാണികളേയും ഒരു പോലെ കരയിക്കുന്ന സെന്റിമെന്റ്സാണു സന്നിയെപ്പോലെയുള്ളവരുടെ വോട്ട്. സന്നി മികച്ച ഗായകനല്ല. കൊള്ളാവുന്ന ഗായകന്‍, പിന്നെ സാമ്പത്തീകമായ പ്രശ്നങ്ങള്‍. ഇതു രണ്ടും ചേര്‍ത്തു വായിച്ചാണു എന്റെ മമ്മി സന്നിക്ക് എസ്.എം.എസ് അയക്കുന്നത്.

നല്ല പാട്ടിനു മാത്രമായിരുന്നെങ്കില്‍ മമ്മി എന്തു കൊണ്ട് മറ്റുള്ളവര്‍ക്കു വോട്ടു ചെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിനു മമ്മി ഒരു ചിരിക്കപ്പുറം മറുപടി പറഞ്ഞേനെ. അങ്ങിനെ സന്നിയെ വളര്‍ത്തിയ എത്ര മമ്മിമാരുടെ വോട്ടുകള്‍, ഇതൊക്കെ സന്നിധാനന്ദന്‍ മറക്കാമോ? പാടില്ല. കഴിഞ്ഞ ദിവസം സന്നിയേക്കുറിച്ച് എഴുതിയ പോസ്റ്റില്‍ വന്ന കമന്റാണു സന്നിയോട് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതു സന്നി വായിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ. കമന്റിട്ട കുട്ടി പങ്കു വെച്ചത് അവരുടെ അയല്‍വാസിയായ ആന്റിക്കുണ്ടായ അനുഭവമാണു

സിങ്കപ്പൂരിലെ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്ക് സന്നി പാടുവാനെത്തുന്നു. മറ്റു ഗായകരുമുണ്ട്. ഈ ആന്റി സംഘാടകരില്‍ ഒരാളാണു. സിങ്കപ്പൂരിലെ പ്രസിദ്ധമായ ഒരയ്യപ്പക്ഷേത്രത്തില്‍ പോകണമെന്ന സന്നിയുടെ ആഗ്രഹപ്രകാരം, ഈ ആന്റി, മറ്റൊരാന്റിയും, അങ്കിളുമൊരുമിച്ച്, സന്നിയോടൊരുമിച്ച് പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ സിങ്ങറുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ സന്നിയോ, ആകാശത്തു നിന്നു പൊട്ടി വീണവനെ പോലെ കാറില്‍ ഒരക്ഷരം മിണ്ടാതെ, ജാഡയില്‍. ശെരിക്കും സ്റ്റാര്‍ തന്നെ, അതാണല്ലൊ ആകാശത്തു നിന്നും പൊട്ടി വീണത്. നക്ഷത്രങ്ങള്‍ കുറഞ്ഞ പക്ഷം ചിരിക്കും, ഓഹ് ഇത് സ്റ്റാര്‍ സിങ്ങര്‍ ആണല്ലൊ ചിലപ്പോള്‍ ചിരിക്കില്ല. അമ്പലത്തിലെത്തിയപ്പോള്‍ പൂജാരിക്കും അതിയായ സന്തോഷം. തന്റെ നാട്ടുകാരനും സന്നിക്കുവേണ്ടി പ്രത്യേക പൂജകള്‍ കഴിച്ചിട്ടുള്ളയാളുമാണു കക്ഷി. ഇതൊക്കെ അദ്ദേഹം പറഞ്ഞിട്ട് സന്നിയുണ്ടോ ഒരു വാക്കു പറയുന്നു. അല്ലെങ്കില്‍ തന്നെ പൂജാരിക്കെന്ത് സ്റ്റാറില്‍ കാര്യം. ഇപ്പടി പെട്ട തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ പെരുമാറ്റം അവരെ വെല്ലാതെ വേദനിപ്പിച്ചു.

താമസസ്ഥലത്തു തിരികെയെത്തുമ്പോള്‍ അവിടെ ജി. വേണുഗോപാല്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, സംസാരിക്കുന്നു. ഇതിലെന്തു കാര്യം, അയാള്‍ സ്റ്റാര്‍ സിങ്ങറല്ലല്ലൊ വെറും സിങ്ങറല്ലേ. അപ്പൊ ചിരിക്കാം, സംസാരിക്കാം. അതു തുളുമ്പാത്ത നിറകുടമാണെന്ന്‍ എന്റെ സുഹൃത്ത് പറയുന്നു. സന്നിയോ മഹാന്‍, മഹാനായ അല്‍പന്‍, അര്‍ത്ഥവും ഐശ്വര്യവും കിട്ടിയ അല്‍പന്‍. ഒരിക്കല്‍ ചലചിത്രതാരം ഗണേഷ് കുമാര്‍ സന്നിധാനന്ദനു അഹങ്കാരം കൂടിയൊ എന്നു ശങ്കിച്ചപ്പോള്‍ ഞാന്‍ കരുതിയത് അതു ഗണേശന്റെ അസൂയകൊണ്ടാണെന്നാണു. ഗണേശന്‍ എതെങ്കിലും പരിപാടിയില്‍ എസ്.എം.എസിനായി കൈനീട്ടി യാചിച്ചാല്‍ ഒരു പട്ടിച്ചാത്തനും തിരിഞ്ഞു നോക്കരുതേ എന്നു ശപിക്കുകയും ചെയ്തു.

നിങ്ങള്‍ അഹങ്കാരിയാകുന്നതിനോട് എനിക്കെതിര്‍പ്പില്ല, മി. സന്നി. പക്ഷെ, വന്ന വഴി, ഓരൊ പ്രേക്ഷകനോടും ഭിക്ഷയാചിച്ചു നേടിയ എസ്.എം.എസുകള്‍ കൊണ്ട് വന്ന വഴി, എന്നെപ്പോലെ സാദാ ജോലിക്കാരന്‍ റീചാര്‍ജ്ജ് ചെയ്തു തന്ന വഴി. അതു മറക്കരുത്. വന്നവഴി മറന്നാല്‍ നിങ്ങളുടെ സ്വാമി അയ്യപ്പന്‍ പൊറുക്കില്ല. ദൈവമില്ലാത്തവരുള്ള നാട്ടിലാണെല്‍ മനുഷ്യനും പൊറുക്കില്ല. ഒരു കൈലി മുണ്ടുമുടുത്ത് നിങ്ങളുടെ കുഞ്ഞു വീടിന്റെ കോലായില്‍ ചാരിയിരിക്കുന്ന സന്നിധാനന്ദനെ ടിവിയില്‍ കണ്ട് എന്റെ മമ്മി വിതുമ്പിയിട്ടുണ്ട്. നിങ്ങള്‍ക്ക് വേണ്ടി കുരിശടിയില്‍ തിരികത്തിച്ചിട്ടുണ്ട്. അതു പോലെ ഒരു പാടുപേര്‍ തിരിവെച്ചു തെളിയിച്ച വഴി നിങ്ങള്‍ മറന്നു കളഞ്ഞാല്‍ അവര്‍ നിങ്ങളെ ശപിക്കില്ല. പക്ഷെ, അവരെ വേദനിപ്പിക്കണമോ. ആ വേദന നിങ്ങള്‍ക്ക് ശബ്ദം നല്‍കിയ അയ്യപ്പസ്വാമികള്‍ സഹിക്കുമോ? സഹിക്കുമെങ്കില്‍, ഇനിയും അഹങ്കരിച്ചു കൊള്ളുക. മറിച്ച് ഇല്ലായെന്നാണെങ്കില്‍, ഇന്നു മുതല്‍ നിങ്ങള്‍ ചിരിച്ചു തുടങ്ങുക, സംസാരിച്ചു തുടങ്ങുക, നിങ്ങള്‍ക്ക് വേണ്ടി സമയവും, എസ്.എം.എസും, പ്രാര്‍ത്ഥനയും തന്നവരെകാണുമ്പോള്‍. അതു കൊണ്ടു നിങ്ങള്‍ ഒരിക്കളും ചെറുതാകില്ല. അങ്ങിനെ ചെറുതാക്കാനല്ലല്ലൊ അവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് അയച്ചത്. സന്നി മാത്രമല്ല എല്ലാ താരഗായകരും ഇങ്ങനെ തന്നെ ചിന്തിക്കുമെന്നു തന്നെ വിശ്വസിച്ചുകൊണ്ട്. സ്നേഹപൂര്‍വ്വം ആശംസകള്‍

Advertisements

Read Full Post »

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.

ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.

സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.

അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. “A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark”-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.

ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.

അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് “കന്‍ട്രി ചര്‍ച്യാര്‍ഡ്” എഴുതിയിട്ടില്ലേ”. ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.

ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം…അതി മനോഹരം…ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ…മംഗളം.

Read Full Post »

ബഷീര്‍ പറഞ്ഞു ‘എന്നെയാരും ഓര്‍ക്കേണ്ട’. എങ്കിലും ഓര്‍ത്തുപോകുന്നു. അതു വായിക്കുവാന്‍ കൊള്ളാവുന്ന കൃതികളേയും ഒരു സാഹിത്യകാരനേയും ഒരു തലമുറ അറിയാത്തതിനാല്‍ വായിക്കാതെ വിട്ടു എന്നത് സംഭവിക്കാതിരിക്കാനാണു. ‘അത്തരമൊരു ദുര്യോഗമില്ലാതെയാക്കുക’ എന്ന ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമിച്ച ദലയ്ക്കും കേരള സാഹിത്യ അക്കാദമിക്കും നന്ദി. തുടര്‍ന്നും അനുസ്മരണങ്ങള്‍ ഉണ്ടാകട്ടെ. ആശംസകള്‍.

കുരുത്തം കെട്ട കണ്ണുമായി ജനിച്ചത് എന്റെ ദൌര്‍ഭാഗ്യ്മാണു. അതു കൊണ്ടാണല്ലൊ ചില അനാവശ്യ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ അലഞ്ഞു പോകുന്നത്.

കവിതയില്ലാത്ത വാക്കുകള്‍ കൊണ്ട്, കഥാകാരിയും കവി(കവയിത്രിയല്ലേ?)യുമായ(കവിയെന്നു പറഞ്ഞത് അനുസ്മരണം നടത്തിയ സഹീറ തങ്ങള്‍ എന്നും യുവ കവയിത്രി എന്നു വിളിക്കപ്പെടുന്നതുമായൊരാളു) മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിച്ചതും, അനുസ്മരണത്തിനേക്കളേറെ ആളെ നിറയ്ക്കാനായി വിളിച്ചു കൂട്ടപ്പെട്ടവരേയും, ശ്രദ്ധിക്കാതെ ഡി.സി. ബുക്സിന്റെ താല്‍ക്കാലിക വില്പനശാലയിലേക്ക് ഞാന്‍ കണ്ണുകളെ മേയാന്‍ വിടുന്നു. ഉല്‍ഘാടനത്തിനു ശേഷം ഒലിച്ചു പോയ സദസ് എവിടെ എന്നു ഞാന്‍ ചോദിക്കുന്നില്ല. സമ്മേളനത്തിനു വരുന്ന വലിയ വലിയ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ആളെക്കുട്ടേണ്ട ഉത്തരവാദിത്വം എത്ര തവണ നിറവേറ്റിയിരിക്കുന്നു. പ്രബന്ധാവതരണത്തിനു പ്രത്യേകിച്ചൊരു കേള്‍വിക്കാരന്‍ വേണമെന്നു തന്നെയില്ല, എന്നാണു എനിക്കു തോന്നിയത്. അവതരിപ്പിച്ചയാള്‍ ഒന്നും, അഭിപ്രായം പറഞ്ഞയാള്‍ വേറെ എന്തൊ ഒന്നും, മോഡറേറ്റര്- മറ്റെന്തൊക്കെയും പറഞ്ഞു പോയിടത്ത് ശ്രോതാവിന്റെ ചോദ്യങ്ങള്‍ സമയപരിധിക്കുള്ളില്‍ പിടഞ്ഞു മരിച്ചു. കുത്തിനിറച്ച പരിപാടികള്‍ ഒന്നൊഴിയാതെ നടത്തുവാന്‍ സമയത്തിന്റെ അനുവാദം കൂടി വേണമെന്നത് പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു.

സാഹിത്യത്തോട് സ്നേഹമുള്ളൊരു(?) ചേച്ചി, തന്റെ മകന്റെ കയ്യില്‍ ഒരു പുസ്തകം കൊടുത്തു വിട്ടു ഓട്ടോഗ്രാഫ് വങ്ങിക്കാന്‍ ശ്രമിക്കുകയാണു. എം മുകുന്ദന്റെയും, സുകുമാര്‍ അഴീക്കോടിന്റെയും ഒപ്പു വാങ്ങുന്ന മകന്‍ ഇടയ്ക്കിടെ പിറകോട്ടു നോക്കി ‘ഇനിയാരുടെ ഒപ്പ് വേണം’ എന്നു കണ്ണുകളാല്‍ തിരക്കുന്നു. അവനറിയില്ലല്ലോ ആരുടെ ഒപ്പിനാണു വില, അല്ലെങ്കില്‍ ആരുടേതിനു വിലയില്ല എന്നു. അല്ലെങ്കില്‍ തന്നെ ഈ വിവേചനത്തില്‍ എന്തടിസ്ഥാനമുള്ളത്? ഇന്നു വിലയുള്ള ഒപ്പ് നാളെ കുപ്പത്തൊട്ടിയില്‍ കിടന്നേക്കാം, ആരുടെ ഒപ്പിനു എന്നു വിലവരും എന്നു നിര്‍ണ്ണയിക്കാനവാത്ത സമൂഹത്തിലാണു താന്‍ ജിവിക്കുന്നതെന്ന ബോധ്യം ഇത്ര ചെറുപ്പത്തിലേ ഉണ്ടായതു കൊണ്ടാകാം, അവന്‍ അവിടെ നിരന്നിരുന്ന വോളണ്ടിയര്‍ അടക്കമുള്ളവരുടെ ഒപ്പു വാങ്ങി. മകന്‍ തിരികേ കൊണ്ടു വന്ന പുസ്തകം അമ്മ കൊതിയോടെ മറിച്ചു നോക്കി. ആരുടേത് ആരുടെ ഒപ്പെന്നറിയാതെ നിന്ന മകനെ അവര്‍ ശകാരപൂര്‍വ്വം നോക്കി. ഒരു പക്ഷേ നാളെ തന്റെ സഹപ്രവര്‍ത്തകരേ കാണിച്ച് അഭിമാനപൂരിതയായി നില്‍ക്കുമ്പോള്‍ ഏതെങ്കിലും വിവരമില്ലാത്തവള്‍ “ഇതാരുടെ ഒപ്പാടി” എന്നു ചോദിച്ചാല്‍ മറുപടിക്കു തപ്പേണ്ടി വരുമല്ലൊ എന്ന ആശങ്കയാവം അവരുടെ കണ്ണുകളില്‍ കോപം നിറച്ചത്.

പുസ്തകശാലയില്‍, സകലര്‍ക്കുമിടയില്‍ പച്ചപ്പരവാതാനി വിരിച്ചു ബേപ്പൂര്‍ സുല്‍ത്താനിരിക്കുന്നു. ഒറ്റപ്പെട്ട പ്രവാചകന്റെ വഴിയില്‍ ഓ.വി. വിജയനും, ചിദംബരസ്മരണയുമായൊരു തുരുത്തില്‍ ചുള്ളിക്കടും, സങ്കീര്‍ത്തനം പാടി ശ്രീധരന്‍ മറ്റൊരു മൂലയിലും രണ്ടാമൂഴവും കാത്ത് എംടിയുമീരിക്കുന്നു. “സുല്‍ത്താനയതോണ്ടല്ല, നിങ്ങള്‍ക്കു മാത്രമീ പരവതാനി”യെന്നു വിജന്‍മാഷ് അടക്കം പറഞ്ഞു.”നാളെ എന്റെ അനുസ്മരണവും നടക്കും അന്നീ പരവതാനി നിങ്ങളൊഴിഞ്ഞു തരേണ്ടി വരും.” ആ ഘോരഘോരമായ സത്യത്തിനു നേരേ നോക്കി മാങ്കൊയിസ്റ്റന്‍ തണലില്‍ ബഷീര്‍ കിടക്കുന്നു.

പെന്റഗണ്‍ ഗോപുരം പോല്‍ അടുക്കി വെച്ചിരിക്കുന്ന മുകുന്ദന്റെ പ്രവാസം. ഓരോ കട്ടയുമിളകുന്ന മുറക്കു വില്‍പനക്കാരന്‍ പുതിയ കട്ടകളടുക്കി വെക്കുന്നു. ‘അഴീക്കോട് മാഷാ ഈ സ്റ്റാള്‍ ഉല്‍ഘാടനം ചെയ്യുന്നത്, വെറുതേ വിവാദമുണ്ടാക്കണ്ട’ എന്നു പറഞ്ഞു, ഒന്നു രണ്ടു തത്വമസിയും ഭാരതീയതയും വെപ്രാളത്തില്‍ തിരയുന്ന സഹായി. എത്രയൊക്കെ അടുക്കി വെച്ചിട്ടും പ്രവാസത്തിന്റെ പെന്റഗണിനു നിഴലില്‍ മയങ്ങുകയാണു തത്വമസി. ഉറങ്ങുന്ന പുസ്തകത്തിനറിയുമോ, വിവാദത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍. ഉറക്കമെന്നത് മരണം പോലെ തന്നെ സമത്വസുന്ദരമായൊരിടപാടാണു.

എന്തൊരൈക്യമാണിവര്‍ക്ക്, ഈ വില്‍പനയ്ക്കരന്റെ മേശപ്പുറത്തു കിടക്കുമ്പോള്‍? എല്ലാവര്‍ക്കും ഒരേ ഒരാഗ്രഹം, “എന്നെ ആരെങ്കിലും വിലയിട്ടു വാങ്ങണം”. തന്നെ തിരികേ വെച്ച് മറ്റൊന്നെടുക്കുമ്പോള്‍ അല്പം ഈര്‍ഷ്യയോടെ, മുഖത്തു വരുത്തി വെച്ച് പുഞ്ചിരിയുമായി, എല്ലാവരും ഒരു പോലെ നെടുവീര്‍പ്പിടുന്നു. ഈയിടെയായി യാത്രപറഞ്ഞു പോയതു കൊണ്ടോ, അതോ ‘നീര്‍മാതള’മെന്ന വാക്കു പത്രത്തിലും ചാനലിലും തുടരേ വരുന്നതു കൊണ്ടോ എന്നറിയില്ല, നീര്‍മാതളം പൂത്തകാലവുമന്ന്വേഷിച്ചു പരക്കം പായുകയാണു മിക്കവരും. പോക്കറ്റിന്റെ കനത്തിനൊപ്പിച്ച് നില്‍ക്കുന്നതിനാല്‍ ചെറിയ പുസ്തകങ്ങളെഴുതിയാ സുല്‍ത്താനേ! നിങ്ങളെ മനസാ നമിച്ചു കൊണ്ട് കുഞ്ഞു പുസ്തകങ്ങള്‍ വാരിവാരിയെടുക്കുന്നു ചിലര്‍.

ബഷീര്‍ അനുസ്മരണം വരച്ചു വെച്ച സഹീറിനു നന്ദി. വളരേ നല്ല ചിത്രങ്ങള്‍, അനുരാഗത്തിന്റെ നാളുകളിലും, ഭൂമിയുടെ അവകാശം പറയുമ്പോഴും ബഷീറിനു ഒരേ പ്രായം. എന്തായാലും ആ പെന്സില്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. എല്ലാത്തിന്റെയും അടിക്കുറിപ്പുകള്‍ നന്നായിരിക്കുന്നുവെന്നും, അതെഴുതിയാളെ അഭിനന്ദിക്കണമെന്നുമൊരു വിരുതന്‍. അവന്‍ കൊച്ചു പയ്യനല്ലേ, ബഷീറിന്റെ കൃതികള്‍ വായിക്കാനും അതിലേ വരികള്‍ തന്നെയാണീതിലെന്നും അറിയാനുള്ള പ്രായം അവനായിട്ടില്ല, എങ്കിലും അവന്റെ അച്ഛനാ പ്രായം കഴിഞ്ഞു പോയി എന്നാണു എനിക്കു തോന്നുന്നത്. ഈ പെന്‍സില്‍ ചിത്രങ്ങളും ഏതാനും ബ്ളാക്ക് & വൈറ്റ് ചിത്രങ്ങളും വെച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതൊരു യു.ഏ.ഇ എക്സ്ചേഞ്ച് അനുസ്മരണമായിപ്പോയേനെ. അത്രമാത്രമുണ്ട് പരസ്യപ്പലകള്‍. അല്ലെങ്കില്‍ തന്നെ പുണ്യം കിട്ടാനല്ലല്ലോ ഇത്തരം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്നത്. കലക്കവെള്ളത്തില്‍ മാന്യമായൊരു മീന്‍പിടുത്തം.

നളിനി ജമീലയുടെ ആത്മകഥയിലേക്ക് ഇടംകണ്ണുകള്‍ മാത്രം പതിക്കുന്നു. പാളിയുള്ള നോട്ടങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുന്നുണ്ടോ എന്നു നോക്കുകയും വേണം. ഒരു സെക്സ് തൊഴിലാളിയുടെ ആത്മ കഥ എടുത്തു നോക്കുന്നവരെ തറപ്പിച്ചു ചില കണ്ണുകള്‍. പോളീഷിനു പുറത്തു വന്നു, ആ പുസ്തകം വാങ്ങി നടന്നു പോകുന്നവരുടെ പിറകേ ആ കണ്ണുകളും സഞ്ചരിക്കുന്നു. ചിലര്‍ക്ക് അതു വാങ്ങിയ ധൈര്യം അധികനേരം നീണ്ടു നിന്നില്ല. പ്രഭാഷകരില്‍ ഒരാള്‍ പറഞ്ഞു “നളിനി ജമീലയുടെ പുസ്തകം തലയിണക്കടിയില്‍ വെച്ചുറങ്ങുന്നവരുടെ ഒരു കൂട്ടം വളര്‍ന്നു വരുന്നു”. കേട്ടപാതി കേള്‍ക്കാത്ത പാതി, ഇതെവിടെക്കൊണ്ടു മറച്ചുവെക്കും എന്ന തത്രപ്പാടിലകപ്പെടുന്നവര്‍.

ഒരുകൂട്ടം തരുണീ മണികള്‍ കലപിലകൂട്ടി വരുന്നു. മുകുന്ദനേയും, എം.ടി. യേയും, ശ്രീധരനേയും, ഒ.വി. വിജയനേയും, ചുള്ളിക്കാടിനേയും തഴുകി, അവര്‍ ഒഴുകി നീങ്ങുന്നു. വില്‍പനക്കാരന്‍ ചെക്കനും ഒരു സന്തോഷം. ഒരു തള്ള തന്റെ മകനു ജനറല്‍ നോളെജ് തപ്പുകയാണു. വേറെങ്ങും ഇതു കിട്ടില്ലല്ലോ. ഒടുവില്‍ എല്ലാ കൈകളും ഒരിടത്തു ചെന്നുനില്‍ക്കുന്നു. ‘ആരാ പറഞ്ഞത് നാലു മു.. ചേരില്ലെന്നു?’ ഇനി ചേര്‍ന്നില്ലെങ്കില്‍ ചേര്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു ഈ ലോകത്തുണ്ടെങ്കില്‍ അതു ലക്ഷ്മി നായരുടെ മാജിക് ഓവനാണു. ഓണത്തിനിലയിടുമ്പോള്‍ ഇനിയെന്തെങ്കിലും രുചിയായി കഴിക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താക്കന്മര്‍ പേഴ്സു തുറന്നു തന്നെ പിടിച്ചിരിക്കുന്നു.

“കണ്ണേ മടങ്ങുക.” ഇതിലും കൂടുതല്‍ കാണുന്നത് കണ്ണിനത്ര നല്ലതല്ല. അതാരെങ്കിലും തല്ലിപ്പൊട്ടിച്ചാല്‍ തീര്‍ന്നില്ലെ. പിന്നെയീ അപരാധിച്ച കാഴ്ചകള്‍ എങ്ങിനേ കാണും?. മനസു മടുത്തു തുടങ്ങിയിടത്തു നിന്നു മടക്കയാത്ര, ഈ പൊരിവെയിലിലൂടെ. ബഷീര്‍ കൃതികളും ബഷീറും ദലയും അക്കാദമിയും, തരുണീമണികളും നീണാള്‍ വാഴട്ടെ.

Read Full Post »

ലാല്‍സലാം

ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ.

സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി മാത്രം അങ്ങ് കോടതിക്ക് കീഴടങ്ങിയേരു.

നമ്മളു ഏ.ജി-യെതൂക്കിയതു പോലെ ഗവര്‍ണ്ണറെ തൂക്കാന്‍ മേലാരുന്നോ. ആപത്തു വരുമ്പോ കൂട്ടത്തോടാണല്ലോ, ഒത്തു പിടിക്കാന്‍ കേന്ദ്രത്തില്‍ മഷിയിട്ടാല്‍ പോലുമാരുമില്ലാന്നയാള്‍ക്കറിയാം. എന്നാലും നമ്മളേജിയേ വെചു കളിച്ച പണി തന്നെ അവന്മാര്‍ ഗവര്‍ണ്ണരുടെ അടുത്തു പ്രയോഗിച്ചു കളഞ്ഞല്ലോ. ഹാ! ആ അച്ചന്മാരെ പിണക്കണ്ടായിരുന്നു. ഇല്ലേല്‍ പള്ളിയായ പള്ളി മുഴുവന്‍ ലേഖനമയച്ചു കൂട്ട പ്രാര്‍ത്ഥന നടത്തി ഒരു പിടിത്തം പിടിക്കാമായിരുന്നു. ഇതു രഹസ്യമാക്കി വെച്ചാ മതി. കുരിശുവരച്ചില്ലേലും അന്നമ്മായോടു പറഞ്ഞു ഒരു വെട്ടി തിരി സഖാവിനു വേണ്ടി കത്തിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും നിയപരമായും വേണ്ടി വന്നാല്‍ ആത്മീയപരാമായും നമ്മള്‍ക്കിതിനേ നേരിട്ടേക്കാം.

പീബിലൊരു പിടിത്തമിട്ടേക്കാന്‍ മറക്കണ്ട. കാര്യം ശെരി അവന്മാരു പോക്കറ്റിലാണെന്നറിയാമെങ്കിലും കേന്ദ്രത്തില്‍ അണ്ഡം കീറി നിക്കുന്ന നേരമാ. ഈ പൊല്ലാപ്പിനൊക്കെ നിക്കാതേ അവന്മാരു സ്കൂട്ടായാല്‍ ആകെയുള്ള പിടിവള്ളി കൂടി പോകും. മുഖ്യനാണേല്‍ വിഷം മുറ്റി നിക്കുന്ന സമയമാ, എന്തൊക്കെ പറഞ്ഞാലും എലക്ഷനു കിട്ടിയ അടി, എട്ടുകാലി മമ്മൂഞ്ഞേറ്റെടുത്തെങ്കിലും അടിയീമുഖത്ത് തന്നെയാണൊ എന്ന കാര്യത്തില്‍ ഞങ്ങളു പാര്‍ട്ടിക്കാര്‍ക്കു മാത്രമേ പിടിത്തമില്ലാതുള്ളു. എന്റെ ഈ ഏരിയായില്‍ മൊത്തം സഖാവ് നിരപരാധിയാണെന്നു പറഞ്ഞു ഒരു നൂറു പോസ്റ്ററെങ്കിലും ഞങ്ങളൊട്ടിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ ജനങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിട്ടില്ല. എന്നാലും തലയൊന്നു തപ്പി നോക്കിയേരെ വെല്ല കോഴിത്തൂവലെങ്ങാനും പറ്റിപ്പിടിച്ചിരിപ്പുണ്ടേല്‍ പിന്നെ അതു മതി ആ നന്ദകുമാരനും കൂട്ടര്‍ക്കും.

പിന്നെ ഗവര്‍ണ്ണറെ പിടിച്ചിട്ടും പ്രത്യേകിച്ചു കാര്യമില്ലെന്നു നമ്മുടെ റിട്ടയേഡ് മാഷ് പറഞ്ഞപ്പോഴാ മനസിലായേ. നമ്മുടെ പാര്‍ട്ടിയിലും വിവരമുള്ളവരുണ്ടല്ലോ എന്നോര്‍ത്ത് ഈ അവസരത്തില്‍ അങ്ങു സമാധാനിക്കണം. എങ്ങാനും കോടതി നേരിട്ടെടപെട്ടിരുന്നേല്‍ പിന്നെ കൊടി കുത്താനും ധര്‍ണ്ണ നടത്താനും എറണാകുളം കോടതി വരേ പോകേണ്ടി വന്നേനെ. ഇതാവുമ്പോ സെക്രട്ടറിയേറ്റിനു മുന്നിലിരിക്കുന്ന കൊടിയൊന്നെടുത്ത് ഗവര്‍ണ്ണന്റെ വീടിനു മുന്നില്‍ കുത്തിയാ മതിയല്ലൊ. വരാനുള്ളതെന്തായാലും വഴിയില്‍ തങ്ങില്ല, അല്ല പിശകി, വരാനുള്ളതെന്തായാലും നേരിടാന്‍ ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. പിന്നെ മുഖ്യനെ പിണക്കേണ്ട കേട്ടൊ. കാര്യം ശെരി നിങ്ങളു പറഞ്ഞാ പാര്‍ട്ടിക്കാരു കേള്‍ക്കുമെങ്കിലും, ജനങ്ങളു കേള്‍ക്കണേല്‍ അങ്ങേരു തന്നെ പറയണം. പണീ നമ്മള്‍ക്ക് പിന്നെ കൊടുക്കാം. ഇപ്പോ കൂടെ നില്‍ക്കുന്നവന്മാരെയൊക്കെ നമ്മള്‍ക്ക് മാത്രമേ പഥ്യമുള്ളൂ. അടുത്ത എലക്ഷനില്‍ നിന്നാല്‍ കെട്ടി വെച്ചു കാശു കൂടെ പോകാന്‍ ചാന്‍സുള്ളവന്മാരെ നമ്പി വെറുതെ നാറണ്ട.

അങ്ങയേ കോടതിക്കു വിട്ടു കൊടുത്തു കൊടുത്തൂടെ എന്നു ചോദിക്കുന്നവന്മാര്‍ക്ക് വെല്ല വെവരവും ഉണ്ടൊ? നമ്മുടെ ന്യായാസനം പറ്യുന്നതെന്താണു? ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ? ആ കോടതിയേ സഹായിക്കുവാന്‍ വേണ്ടി മാത്രമാണു അങ്ങയേ നിയമത്തിനു വിട്ടു കൊടുക്കത്തതെന്നു മനസിലാക്കാനുള്ള ബുദ്ധി അവന്മാര്‍ക്കില്ലാതെ പോയി. അല്ലെങ്കില്‍ തന്നെ നമ്മളു പാര്‍ട്ടിക്കരെടുത്ത് കൊടുത്ത ശുപാര്‍ശതള്ളിയ ഗവര്‍ണ്ണറേയും, കുടുക്കുമായി നില്‍ക്കുന്ന കോടതിയേം വിശ്വസിച്ചു വിട്ടുകൊടുത്താ പിന്നെ അങ്ങയേ തിരിച്ചു കിട്ടുമോന്ന കാര്യത്തില്‍ നമ്മള്‍ക്കൊരുറപ്പു കിട്ടാതെങ്ങനാ?

അപ്പൊ എല്ലാം പറഞ്ഞ പോലേ. പിന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച് പുറത്തിറങ്ങി നിന്നു കേസു നേരിടാന്‍ വിവരമില്ലാത്ത പലവന്മാരും പറയും. വന്‍ ചതിയാണത്. ഒരാവേശത്തിനു കേറി അങ്ങിനെയൊന്നും പറഞ്ഞേക്കരുത്. അങ്ങനേ ഒണ്ടായിരുന്ന ഒരു ലക്ക് ജോസപ്പന്‍ കൊണ്ടു പോയി. പിന്നെ ഈ പദവിക്കൂടി ഇല്ലാതേ പൊറത്തിറങ്ങിയാല്‍, പട്ടി ബിസ്കറ്റിനു പോലും മുടിഞ്ഞ വിലയുള്ള കാലമാ. സൂക്ഷിക്കണം. പിന്നെ എല്ലാം ഒന്നു കലങ്ങിത്തെളിയാന്‍ ചന്ദ്രന്‍ കണിയാരെ ഞാങ്ങോടു വിടുവാ. നമ്മള്‍ക്കിതിലൊരു വിശ്വാസമില്ലെങ്കിലും ചന്ദ്രന്റെ ഒരു സമാധാനത്തിനു. പറഞ്ഞു വരുമ്പോ തുടരെതുടരെ അടികിട്ടുന്നതില്‍ എന്തെങ്കിലും കാണാതിരിക്കുമോ. ലാവ്‌ലിന്റെ കാശൊന്നും അങ്ങയുടെ കയ്യിലില്ലാന്നറിയാം. എന്നാലും എന്തെങ്കിലും ദക്ഷിണയായി ചന്ദ്രനുകൂടി കൊടുത്തേക്ക്.

ലാല്‍സലാം

വക്കന്‍
തവളക്കുണ്ട് ഏരിയക്കമ്മറ്റി

Read Full Post »

ഗ്രിഗോറിയന്‍ സംഗീതത്തില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ചാന്റാണിത്. റോമന്‍ കത്തോലിക്കന്‍ ആചാരമനുസരിച്ചുള്ള പരേതന്റെ ആത്മശാന്തിക്കായുള്ള പരികര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു ശവമടക്കുന്നതിനു മുന്പ് സെമിത്തേരിയില്‍ വെച്ചു നടത്തുന്ന പ്രാര്‍ത്ഥന. ഈ ഗാനം ആലപിക്കുന്നത് ശവമടക്കുന്നതിനു തൊട്ടുമുന്പാണു. പ്രഥമപുരുഷസങ്കേതത്തിലാണു ഈ ഗാനം ആലപിക്കുന്നത്. തന്റെ ആതമാവിനെ നരകത്തില്‍ തള്ളരുതെന്നും അന്തിമ വിധിദിനത്തില്‍ തന്റെ ആത്മാവിനു നിത്യമായാ ശാന്തി (സ്വര്‍ഗ്ഗപ്രാപ്തി) അരുളമെന്നും പരേതന്‍ യാചിക്കുന്ന രീതിയിലാണു ഗായകസംഘം ഇത് ആലപിക്കുന്നത്.

ലീബെരാ മെ-യില്‍ ദൈവകാരുണ്യം അപേക്ഷിക്കുകയും, അതേ സമയം തന്റെ മേല്‍ നിപതിക്കാനിരിക്കുന്ന അന്ത്യവിധിയുടെ ഭയാനകതയേയും കുറിച്ച് പരേതന്‍ സ്മരിക്കുകയും ചെയ്യുന്നു. മരിക്കുന്നയാള്‍ രണ്ടു വിധികളെയാണു നേരിടുന്നത്. ഒന്നു മരിച്ചയുടന്‍ തന്നെയുള്ള വിധി. അതില്‍ ആത്മാവ് സ്വര്‍ഗത്തിലേക്കോ, ശുദ്ധീകരണസ്തലത്തേക്കോ, നരകത്തിലേക്കൊ എടുക്കപ്പേടുന്നു. പിന്നീട് അന്തിമ വിധിയില്‍ സ്വര്‍ഗത്തിലെയും നരകത്തിലേയും ആത്മാവുകള്‍ അവിടെത്തന്നെയും ശുദ്ധീകരണസ്ഥലത്തേ ആത്മാക്കള്‍ സ്വര്‍ഗത്തിലുമായിത്തീരും. നരകത്തിലേക്ക് തന്റെ ആത്മാവിനെ തള്ളിവിടരുത് എന്ന അപേക്ഷ, പരേതശുശ്രൂഷ പ്രാര്‍ത്ഥനയില്‍ ആലപിക്കുന്ന എല്ലാ ഗീതങ്ങളിലും ഉണ്ട്. സംസകാരചടങ്ങില്‍ കൂടാതേ സകല ആത്മാക്കള്‍ക്കുമായി ക്രിസ്തീയ സഭ ആചരിക്കുന്ന ദിവസ(All Souls Day)വും ഈ ഗാനം ആലപിക്കാറുണ്ട്.

Libera me, Domine, temorte aeterna,
ലീബെരാ മെ, ദോമിനേ, തെ മോര്‍തെ എതേര്‍നാ,
in die illa tremenda:
ഇന്‍ ദിയേ ഇലാ ത്രെമെന്‍ദാ:
Quando caeli movendi sunt et terra.
ക്വാന്‍ദോ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂളും പെര്‍ ഇഞ്ഞെം
Tremens factus sum ego, et timeo,
ത്രെമെന്സ് ഫാക്തുസ് സും എഗോ, എത് തിമെയോ,
dum discussio venerit, atque ventura ira.
ദും ദിഷുസിയോ വെനെരിത്, ആത്ക്വേ വെന്തുറ ഈര.
Quando caeli movendi sunt et terra.
ക്വാന്‍ദൊ ചേളി മോവെന്‍ദി സുന്‍ത് എത് തേറാ.
Dies illa, dies irae, calamitatis et miseriae, dies magna et amara valde.
ദിയെസ് ഇല്ല, ദിയെസ് ഇരേ, കലമിതാതിസ്‌ എത് മിസെരിയേ, ദിയെസ് മാഞ്ഞാ എത് അമാര വാല്‍ദെ
Dum veneris judicare saeculum per ignem.
ദും വെനേരിസ് യൂദിക്കാരേ സേക്കൂലും പെര്‍ ഇഞ്ഞെം
Requiem aeternam dona eis, Domine: et lux perpetua luceat eis.
റെക്വെം എതേര്‍നാം ദോനാ ഏയിസ്, ദോമിനേ: എത് ലൂക്സ് പെര്‍പെതുആ ലൂകിആത് ഏയിസ്.

അഗ്നിയിലേറി നീയുലകത്തെ വിധിക്കുന്ന.
ഭൂസ്വര്‍ഗങ്ങളാടിയുലയുന്ന .
ഭീതിതമാം ദിനത്തില്‍, നിത്യമാം മൃത്യുവില്‍
നിന്നെന്നെ മോചിപ്പിക്കുക നാഥാ.

ഭീതിതനാണു ഞാന്‍, ഭയമെന്നെ കീഴടക്കുന്നു,
ഭൂസ്വര്‍ഗ്ഗമുലയുന്ന നാളില്‍, നിന്‍
ന്യായവിധി ഞങ്ങളില്‍ പതിയും വരെ,
നിര്‍ഭാഗ്യമെന്നെയണയും വരെ.

ദോഷ ദുഃഖ ദുരന്തങ്ങള്‍ തന്‍ നാളില്‍,
ഏറിയ കയ്പതിര്‍ കവിയും ദിനത്തില്‍,
അവര്‍ക്കു നീ നല്‍കുക നിത്യമാം ശാന്തി
അവരുടെ മേല്‍ ചൊരിയുക നിത്യമാം കാന്തി.

Libera – മോചിപ്പിക്കുവിന്‍ Me- എന്നെ Domine- കര്‍ത്താവേ, നാഥാ Morte- മരണം Aeterna – നിത്യമായ Die – ദിനം Tremenda- ഭയാനകമായ Coeli- സ്വര്‍ഗം
Movendi- ചലിക്കുക (ഇവിടെ ഇളക്കം തട്ടുന്ന, കുലുങ്ങുന്ന) Terra- ഭൂമി Veneris- ആഗതനാകുക, എഴുന്നുള്ളുക Judicare- വിധിക്കുവന്‍ (അന്ത്യ വിധി) Saeculum – ലോകം
Ignem – അഗ്നി(തീ)യില്‍ Tremens – ഭയാനകം Factus – കാരണീയം Sum- വിളിക്കപ്പെട്ടു Ego- ഞാന്‍ Timeo_ ഭയപ്പെടുന്നു Dum – നിന്റെ (അങ്ങയുടെ)
Dicussio- ചര്‍ച്ച, (ഇവിടെ ന്യായ വിസ്താരം) Venerit – ആഗതമാകുന്ന Ventura- കടന്നു വരുന്ന Ira- ദൌര്‍ഭാഗ്യം, ശാപം Calamitatis- ദുരന്തം Miseriae- ദുഃഖം
Magna – വലിയ Amara- കയ്പ് Valde- അതിരുകവിഞ്ഞ Requiem – സമാധനം, ശാന്തി Dona- നല്‍കുക Lux- പ്രകാശം Perpetua- നിത്യമായ
Luceat- വിളങ്ങുക, തിളങ്ങുക

Read Full Post »

ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന(Lord’s Prayer or Pater Noster)യാണു സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന. ഒരു പക്ഷേ ഏതു റിത്തിലുമുള്ള ക്രിസ്ത്യാനികള്‍ ഒരുവിടുന്ന പ്രാര്‍ത്ഥനയാണിത്. 2007-ലെ ഉയര്‍പ്പു ഞായര്‍ ദിവസം, കത്തോലിക്കരും, പ്രോട്ടെസ്റ്റന്റ്സും, ഓര്‍ത്തഡോക്സ് വിഭാഗക്കാരുമടക്കം ഏകദേശം 2 ബില്യണ്‍ വിശ്വാസികള്‍ നൂറിലധികം ഭാഷകളില്‍, ഈ പ്രാര്‍ത്ഥന ഒരുവിടുകയോ, ആലപിക്കുകയോ, വായിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണു കണക്കാക്കപ്പെടുന്നത് (വൈകി പീഡിയ). ദൈവശാസ്ത്രപരമോ, ആചാരപരമോ, ആയിട്ടുള്ള വ്യത്യാസങ്ങളില്‍ ക്രൈസ്തവര്‍ വിഘച്ചിച്ചു നില്‍ക്കുന്നുണ്ടെങ്കിലും, ഈ പ്രാര്‍ത്ഥന അവര്‍ക്കൊരു ഏകൈക ഭാവം നല്‍കുന്നുണ്ട്.
ബൈബിളില്‍ ഈ പ്രാര്‍ത്ഥന കാണപ്പെടുന്നത്: ഒന്നു, യേശു കപടഭക്തിയേ വിമര്‍ശിക്കുന്നിടത്തും(വി. മത്തായി 6 :9-13), രണ്ട്, ഗിരിപ്രഭാഷണം (വി. ലൂക്കാ 11:2-4) നടത്തുന്നിടത്തുമാണു. പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്നവരേ വിമര്‍ശിച്ചു കൊണ്ട് യേശു എങ്ങിനേ പ്രാര്‍ത്ഥിക്കണം എന്നു പഠിപ്പിക്കുന്നതായാണു മത്തായിയുടെ സുവിശേഷത്തില്‍ കാണുന്നത്. പ്രാര്‍ത്ഥനയുടെ ക്രമവും വിഷയവും എന്തായിരിക്കണെമെന്നതിനെയൊക്കെ അവലംബിച്ച് ഈ പ്രാര്‍ത്തനയുടെ പല വ്യാഖാനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ ആത്മീയത അനുസരിച്ച് ഒരു പ്രാര്‍ത്തനയ്ക്ക് പ്രധാനമയും നാലു ഭാഗങ്ങളാണുള്ളത്:
1. ആരാധന(Adoration): ദൈവത്തേയും അവിടുത്തേ മഹത്വത്തേയും സ്മരിച്ച് ആരാധിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു.
2. പശ്ചാത്താപവും പാപപ്പൊറുതി യാചിക്കലും (Act of Repentence): ചെയ്തു പോയ തെറ്റുകളേറ്റു പറയുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു.
3. നന്ദിയര്‍പ്പണം (Thanks Giving): അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുന്നു.
4. അപേക്ഷകളും മാധ്യസ്ഥ സഹായവും (Supplication and Intercession): ആവശ്യങ്ങള്‍ നിറവേറ്റാനായി അപേക്ഷിക്കുന്നു.
ഇവയെല്ലാം പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ തന്നെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രാര്‍ത്ഥനയാണു ഇത്. “സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ” എന്ന ഭാഗം ദൈവത്തേ സ്തുതിക്കുന്നതാണു. “ഞങ്ങളോട് തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലേ ഞങ്ങളുടെ തെറ്റുകളും ക്ഷമിക്കേണമേ” എന്നത് അനുതാപത്തിന്റേയും, “അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും നല്‍കണമേ” എന്നത് അപേക്ഷകളുടെയും ഭാവമുള്‍ക്കൊള്ളുന്ന ഭാഗങ്ങളാണു. ഓരോ വരികളേയും ഉദ്ധരിച്ച് അവയുടെ വ്യാഖാനങ്ങളും നിലവിലുണ്ട്. മദര്‍ തെരേസ പറയുന്നത് സ്വര്‍ഗഥനായ ഞങ്ങളുടെ പിതാവേ എന്ന വാചകത്തിന്റെ അന്തരാര്‍ത്ഥങ്ങളേക്കുറിച്ച് ധ്യാനിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണു. അത്രമാത്രം ഗഹനമായ ഒരു പ്രാര്‍ത്ഥന നിശ്ചിന്തേന പലരും ഉരുവിട്ടു പോകുന്നതില്‍ വൈപരീത്യവുമുണ്ട്. കാരണം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചിരുന്ന ഒരു സമൂഹത്തേ “ഇങ്ങനെ പ്രാര്‍ത്തിക്കുവിന്‍” എന്നു പറഞ്ഞു ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനായാണു ലവലേശം ബോധ്യമില്ലാതേ ചൊല്ലിക്കുട്ടുന്നത്. ആ വിഷയം അവിടെ നില്‍ക്കട്ടേ.
ഈ പ്രാര്‍ത്ഥനയുടെ മൂലരൂപം ഗ്രീക്കിലാണുള്ളത്. പിന്നീട് ലത്തീനിലേക്കും സിറിയനിലേക്കും തര്‍ജ്ജമചെയ്യപ്പെട്ടു. ഏ.ഡി. 650-ല്‍ ആണു ഇംഗ്ളീഷിലേക്ക് ആദ്യമായി പരിഭാഷപ്പെടുത്തിയത്. എങ്കിലും ഏ.ഡി. 1662 ചര്‍ച്ച് ഒഫ് ഇംഗ്ളണ്ട് പരിഭാഷപ്പെടുത്തിയതാണു പൂര്‍വ രൂപമായി പരിഗണിക്കപ്പെട്ടിട്ടുള്ളത്. 1928-ല്‍ അമ്മേരിക്കയിലേ എപിസ്കോപല്‍ ചര്‍ച്ച് ഈ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. 1988-ല്‍ ഇക്യുമെനികല്‍ ഇംഗ്ളീഷ് ലാങ്വെജ് ലിറ്റര്‍ജിക്കല്‍ കണ്‍സല്‍ട്ടേഷനാണു മോഡേണ്‍ ഇംഗ്ളീഷിനു അനുസൃതമായി രൂപമാറ്റം വരുത്തിയത്. മത്തായിയുടെ സുവിശേഷത്തിലേ പ്രാര്‍ത്തനയുടെ പഴയരൂപത്തില്‍ കടം (Debt) എന്ന വാക്ക് പിന്നീട് തെറ്റ്, അതിക്രമങ്ങള്‍, പാപങ്ങള്‍ (trespasses or sin) എന്നാക്കി മാറ്റിയിട്ടുണ്ട്. എങ്കിലും പലറീത്തുകളിലും ഇപ്പൊഴും കടം എന്ന പ്രയോഗം തെറ്റ് എന്നര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. റോമന്‍ കത്തോലികര്‍ പൊതുവേ പ്രാര്‍ത്ഥനയുടെ അവസാനഭാഗത്തു വരുന്ന “എന്തു കൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും അങ്ങയുടേതാകുന്നു” എന്ന ഭാഗം ഒരു മിച്ച് ചേര്‍ത്ത് ചൊല്ലാറില്ല. എങ്കിലും റോമന്‍ റിത്തിലുള്ള കുര്‍ബാനയില്‍ ഈ ഭാഗം വേര്‍തിരിച്ചു ചൊല്ലാറുണ്ട്. “അന്നന്നു വേണ്ടുന്ന ആഹാരം” എന്നതിനേ “ഞങ്ങള്‍ക്ക് ആവശ്യമായ ആഹാരം ” എന്നാണു സിറിയന്‍ റീത്തില്‍ പറയുന്നത്. എന്തൊക്കെയായാലും ഈ പ്രാര്‍ത്ഥന ലൂക്കയുടെയും മത്തായിയുടെയും സുവിശേഷഭാഗങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണു എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഗൂഗിളില്‍ “Our father in Heaven” എന്നു സെര്‍ച്ച് ചെയ്തപ്പോള്‍ പലഭാഷകളിലേ ഈ പ്രാര്‍ത്ഥനയും ചെറിയൊരു ചരിത്രവും കിട്ടി. ഇതാര്‍ക്കെങ്കിലും ഉപകരിക്കുമോ ഇല്ലയോ എന്നറിയില്ല. എങ്കിലും ഒരു മൂച്ചിനു അവയുടെ ഉച്ചാരണവും പറ്റുമെങ്കില്‍ വാക്കുകളുടെ അര്‍ത്ഥവും കിട്ടുമോന്നറിയാനുള്ള അന്വേഷണത്തില്‍ കിട്ടിയത് ചുവടേ ചേര്‍ക്കുന്നു. വാക്കുകളുടെ അര്‍ത്ഥ കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാത്തതിനാല്‍ അവ മുഴുവന്‍ പകര്‍ത്തി വെച്ച് പോസ്റ്റ് നീട്ടുന്നില്ല. എങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ മറക്കണ്ട കേട്ടോ.
മലയാളം : സത്യവേദപുസ്തകം, പഴയ മലയാളം, പി.ഒ.സി.
ലത്തീന്‍ : Pater Noster with Pronunciation
ഗ്രീക്ക് : Πάτερ ἡμῶν with Pronunciation
സംസ്കൃതം : भो अस्माकं स्वर्गस्थ पितः with Pronunciation
English: (1988) (1928) (1662)
ജെര്‍മ്മന്‍ : Das Vaterunser with Pronunciation
ഇറ്റാലിയന്‍ : Padre Nostro with Pronunciation
ഫ്രെഞ്ച്: Notre père with Pronunciation

Read Full Post »

ഇതു ഒരു സംഭവകഥയാണു. ഇതു വായിച്ചിട്ട് യഥാവിഥം പ്രവര്‍ത്തിച്ചവര്‍ക്ക് ജീവിതത്തില്‍ സൌഭാഗ്യങ്ങള്‍ ഒന്നിനു മീതേ ഒന്നായി വന്നു കൊണ്ടിരിക്കുന്നു. നിഷേധിച്ചവര്‍ ശപിക്കപ്പെടുകയും ജീവിതത്തില്‍ പല അനര്‍ത്ഥങ്ങള്‍ക്കും വിധേയരാകേണ്ടിയും വന്നിട്ടുണ്ട്.

ഗ്വാണ്ടനോമായിലേ കിമൊസോട്ടൊ ഗ്രാമത്തിനടുത്തുള്ള അജനമോട്ടൊ പ്രദേശത്താണു ഈ സംഭവം നടന്നത്. അവിടെ ആളുകള്‍ പട്ടിണി മൂലം ബാര്‍ബര്‍ ഷോപ്പു കണ്ടാല്‍ ഹോട്ടലാണെന്നു തെറ്റിദ്ധരിക്കുക പതിവായിരുന്നു. കഴിഞ്ഞ ഡിസം: 18 നു വിശന്നു വലഞ്ഞ വക്കന്‍ എന്ന വൃദ്ധന്‍ ഹോട്ടലാണെന്നു കരുതി ഒരു ബാര്‍ബര്‍ ഷോപ്പില്‍ കയറി, എന്താ ഉള്ളതെന്നു ചോദിച്ചു. ബാര്‍ബര്‍ ‘കട്ടിങ്ങും ഷേവിങ്ങും’ എന്നു പറഞ്ഞു. വിശപ്പു മൂലം എന്താണു ബാര്‍ബര്‍ പറഞ്ഞതെന്നു മനസിലാകാതെ കടം പറഞ്ഞിട്ടായേലും വിശപ്പടക്കണമെന്നു കരുതി വൃദ്ധന്‍ “രണ്ടും ഓരോ പ്ളേറ്റു പോരട്ടെ” എന്നു പറഞ്ഞു. ഇതു കേട്ടു നിന്നവര്‍ പൊട്ടി ചിരിച്ചു. അപമാനഭാരവും വിശപ്പും താങ്ങാനാവാതേ വൃദ്ധന്‍ തല്‍ക്ഷണം മരിച്ചു വീണു.

ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ആള്‍ പന്നിപ്പനിയടിച്ച് രണ്ടാഴ്ച്ചക്കുള്ളില്‍ മരണമടഞ്ഞു. വൃദ്ധനെ കളീയാക്കിയവരില്‍ ഒരാളുടെ ഒരു കപ്പല്‍ നിറയേ വരുന്ന ഡയമണ്ട്സ്‌ സൊമാലിയന്‍ തീരത്ത് വെച്ചു കൊള്ളയടിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ദുബായില്‍ ഉണ്ടായിരുന്ന ജോലി നഷ്ടമായി. ഇനിയുമൊരാളുടെ ഭാര്യ കാമുകന്റെ കൂടെ ഒളീച്ചോടവേ ടിപ്പര്‍ ലോറിക്കടിയില്‍ പെട്ടു മരിച്ചു. വൃദ്ധന്റെ മറുപടികേട്ട് ചിരിക്കാതിരുന്ന ഗോപി എന്നയാള്‍ക്ക് നവ രത്ന ബംബര്‍ അടിച്ചു. അയാളുടെ മകന്‍ എസ്. എസ്. എല്‍.സി. ക്ക് ഏ പ്ളസ് വാങ്ങി എല്ലാ വിഷയത്തിനും പാസായി. ഒരു വിഷയത്തില്‍ പോലും പത്ത് മാര്‍ക്ക് തികച്ച് വാങ്ങാതിരുന്ന തന്റെ മകന്റെ വിജയത്തിനു പ്രത്യുപകാരമായി, വൃദ്ധന്റെ കഥ ലോകമാകേ അറിയിക്കുമെന്നു ഗോപി പ്രതിജ്ഞയെടുത്തു.

തന്റെ മെയില്‍ ലിസ്റ്റിലേ ആയിരം പേര്‍ക്ക് അയാള്‍ ഈ മെയില്‍ അയച്ചു. ക്രിസ്‌മസ് ബംബര്‍ കൂടി അയാള്‍ക്ക് അടിച്ചു. ഇതു കേട്ട ജോസപ്പനും ഇതു പോലേ ചെയ്തു. ആ മാസം അയാള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടായിരുന്ന ഓസി ഓസി വൈ ബാങ്ക് കുത്തു പാളയേടുത്തു, ജോസപ്പന്‍ കടവിമുക്തനായി. ഈ മെയില്‍ ഡിലീറ്റ് ചെയ്ത സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ജോലി നഷ്ടപ്പെടുകയും അയാളുടെ ഭാര്യ്യുടെ സാലറി കമ്പനി വെട്ടിക്കുറക്കുകയും ചെയ്തു.

ആക്രാന്തപുരത്തേ അന്തപ്പന്‍ ഈ മെയില്‍ ഐഡി ഇല്ലാഞ്ഞിട്ടു 100 കോപ്പി ഫോട്ടൊസ്റ്റാറ്റെടുത്ത് വിതരണം ചെയ്തു. അയാളുടെ മകന്‍ ചാണ്ടികുഞ്ഞിനു റിയാലിറ്റി ഷോയില്‍ ഒരു കോടി രൂപയുടെ ഫ്ളാറ്റടിച്ചു (ഇനി അതിന്റെ ടാകസടയ്ക്കാനുള്ള പണത്തിനു ഒരു 50 ഫോട്ടോകോപ്പി കൂടെ എടുത്തു വിതരണം ചെയ്യാമെന്നു വിചാരിച്ചിരിക്കുവാ അന്തപ്പന്‍). അന്തപ്പന്റെപ് പ്രവര്‍ത്തിയേ പുഛ്ചിച്ച ജഡ്‌ജസ് മതാ ലങ്കേഷ്ക്കറേയും അവുസേക്കുഞ്ഞിനേയും ചാനലുകാരു പിരിച്ചു വിട്ടു.

മാത്രമല്ല. നിങ്ങള്‍ ഓരോ തവണയും ഈ മെയില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ റപ്പായിസ് തട്ടുകടയില്‍ നിന്നും ഓരോ പരിപ്പുവട അജ്നാമോട്ടോയിലേ വിശന്നു കരയുന്ന വൃദ്ധന്മാര്‍ക്ക് കിട്ടും അതു കൊണ്ട് ഇതു നിങ്ങളുടെ ലിസ്റ്റിലേ പത്തു പേര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്യണം. ഇല്ലെങ്കില്‍ വൃദ്ധന്റെ ശാപമേല്‍ക്കേണ്ടി വരുന്ന അടുത്ത ആള്‍ നിങ്ങളായിരിക്കും.

ഈ ആശയം പണ്ടൊരിക്കല്‍ എന്നോടാരൊ പറഞ്ഞതോര്‍മ്മയുണ്ട്. ആശയത്തിനുള്ള കയ്യടി അയാള്‍ക്ക്. നമ്മള്‍ക്ക് ആശയം വികസപ്പിച്ചതിനുള്ള 5 മാര്‍ക്ക് മതി.

Read Full Post »

Older Posts »