Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘രാഷ്ട്രീയം’ Category

അങ്ങിനെ നിങ്ങള്‍ കരുതുന്നു. കരുതുന്നതെല്ലാം ശെരിയാണു എന്നു ധരിക്കുക്കയും ചെയ്യുന്നു. ജനങ്ങളെല്ലാം സി.പി.എമ്മായിരുന്നെങ്കില്‍ പിണറായി മുഖ്യമന്ത്രിയല്ല, ഈ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏകാധിപതിയായേനെ. ജനത്തേ കഴുതയെന്നു നിങ്ങള്‍ വിളിക്കാം. അവരെ സി.പി.എമ്മുകാരൊന്നോ, കോണ്‍ഗ്രസുകാരെന്നോ വിളിക്കാന്‍ ജനങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും തന്തയുടെ(സഭ്യമല്ലെന്നറിയാം ക്ഷമിക്കുക) വകയല്ല.

 

പിണറായിക്കു വേണ്ടി ജനങ്ങള്‍ കരിദിനമേറ്റ് പിടിച്ച് അക്രമവും ഹര്‍ത്താലുമൊക്കെ ഉണ്ടാക്കിയതാണത്രേ. എവിടുന്നു കിട്ടി നിങ്ങള്‍ക്കീ യുക്തി? ഞങ്ങളുടെ നേരെ കല്ലെറിഞ്ഞും ഞങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും വാങ്ങിയ സര്‍ക്കാരു ബസുകള്‍ തല്ലിപ്പൊളിച്ചും ഞങ്ങളുടെ മക്കള്‍ പട്ടിണികിടക്കതിരിക്കാന്‍ കൂലിപ്പണിക്കു പോകുമ്പോള്‍ വഴിതടഞ്ഞും, അന്നന്നത്തെ അപ്പത്തിനായി തുറന്നു വെച്ച കടകള്‍ കത്തിച്ചും ഇവിടെ ഒരുകുറ്റാരോപിതനേയും സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങുകയില്ല. അങ്ങിനെ ഇറങ്ങുന്നവര്‍ ഞങ്ങളായിരുന്നെങ്കില്‍ അതാരുടെയും അന്നം മുടക്കിയിട്ടു ചെയ്യാനും ഞങ്ങള്‍ പഠിച്ചിട്ടില്ല.

 

നിങ്ങള്‍ രാഷ്ട്രീയപരമായി നേരിടുന്നതാരെയാണു? ഞങ്ങളേയോ? അതോ വലതനേയോ? കോടതിയേയും ഗവര്‍ണ്ണരേയുമോ? ഞങ്ങളുടെ പേരു പറഞ്ഞു ഞങ്ങള്‍ക്ക് നേരെ കല്ലെറിയുന്ന നിങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്കാരല്ലാതെ മറ്റാരും തെരുവിലിറങ്ങില്ല എന്നു മനസിലാക്കാനുള്ള ബോധം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നില്ല. എങ്കിലും യഥാര്‍ഥ ജനവികാരം മനസിലാക്കിയിരുന്നെങ്കില്‍ പിണറായിയെ നിങ്ങള്‍ ഉപദേശിക്കേണ്ടത് ഈ പൊല്ലാപ്പും കരിദിനവുമൊക്കെ മാറ്റി വെച്ച് കോടതിക്കു മുന്നില്‍ നിന്നു സത്യത്തിനു സാക്ഷിയാകാനാണു. അദ്ദേഹം തെറ്റുകാരനല്ല എന്നു കേള്‍ക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. അത് അദ്ദേഹത്തോട് അടുപ്പമുള്ളതു കൊണ്ടല്ല. ഇടതുപക്ഷമെന്നത് കറയില്ലാത്തവരെന്നു പണ്ടേ മുതല്‍ മനസിലുറച്ചു പോയ വിശ്വാസം തകരാതിരിക്കാനാണു.

 

പ്രോസിക്യൂട്ട് ചെയ്യരുതെന്നു പറയുമ്പോള്‍ യു.ഡി.എഫിനും, ചെയ്യാന്‍ പറയുമ്പോള്‍ എല്‍.ഡി.എഫിനും ഹര്‍ത്താലും കരിദിനവും നടത്താന്‍ ഒരു പോലെ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അതു സ്വസ്ഥമായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ നെഞ്ചത്ത് ചവിട്ടി നിന്നാകരുത്. ചവിട്ടി നിന്നാണെന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങളിതു സഹിക്കുമ്പോള്‍, ആ കുറ്റം കൂടി ഞങ്ങളുടെ തലയിലിട്ടാല്‍ അതും  സഹിക്കേണ്ട ഗതികേടിനെ അംഗീകരിച്ചു കൊണ്ട് തന്നെ, പണ്ടൊരപ്പൂപ്പന്‍ ഞങ്ങളെ പഠിപ്പിച്ച സഹനത്തിന്റെ വഴിയേ ഞങ്ങള്‍ പോകുന്നു, ഇതൊരു സ്വാതന്ത്ര്യ സമരമല്ലെങ്കിലും.

 

ഇവിടെ ജനവികാരം ഒരു രാഷ്ട്രിയ നേതാവിനു വേണ്ടി ഉയര്‍ന്ന നിമിഷങ്ങ്‌ വളരേ ചുരുക്കമാണു. ജയലളിത കാലുവാരിയപ്പോള്‍ വാജ്‌പേയ്‌ക്ക് വേണ്ടി, ചീട്ടു നഷ്ടപ്പെടുമായിരുന്ന അവസരത്തില്‍ സഖാവ്‌ വി.എസി നു വേണ്ടി. മദ്യനിരോധനമേര്‍പ്പെടുത്താനുള്ള ശ്രമത്തില്‍ എ.കെ. ആന്റണിക്കൊപ്പം, അങ്ങിനെ ചുരുക്കം ചിലയിടത്ത് മാത്രം. ഒരു പക്ഷേ ഏറ്റവുമധികം തവണ ഈയിടെയായി ഉയര്‍ന്നത് വീ.എസിനു വേണ്ടിയാണു, മൂന്നാറില്‍ നിന്നു തുടങ്ങി അദ്ദേഹത്തെ അനുകൂലിച്ച വികാരത്തെ അദ്ദേഹത്തിന്റെ ഭീരുത്വം ലജ്ജിപ്പിച്ചു കളഞ്ഞു എന്നു മാത്രം. അല്ലാതെ ഇവിടെ തെമ്മാടിയും ചെമ്മാനും പാര്‍ട്ടിയുടുപ്പിട്ടു വന്നു എന്തു തോന്ന്യാസം കാണിച്ചാലും അവര്‍ക്കനുകൂലമായി ഞങ്ങള്‍ വികാരവിജൃഭിതരാകുമെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഈ ഇലക്ഷന്‍ നല്‍കിയ പാഠം നിങ്ങളുടെ ഗര്‍വ്വിനെ കുറച്ചിട്ടില്ലെന്നു സാരം.

 

മാറി ചിന്തിക്കണം മി. ജയരാജന്‍. പാര്‍ട്ടിയല്ല ജനങ്ങള്‍. ജനങ്ങളെന്നത് പാര്‍ട്ടിയുമല്ല. ഇതിലേതെങ്കിലുമൊന്നു ശരിയായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു കക്ഷി മാത്രം ഭരിക്കുന്നിടമായി ഈ നാട് മാറിയേനെ. അങ്ങിനെ ഒരു കക്ഷി ഉണ്ടായിരുന്നത് മഹാബലിയായിരുന്നു. അതും ഐതീഹ്യത്തില്‍. ഇപ്പോള്‍ നിങ്ങളിത് മാത്രം മനസിലാക്കൂ സഖാവേ (ഈ വാക്കിന്റെ അര്‍ത്ഥമ്റിയാമെന്നു കരുതുന്നു). ജനമെന്നത് സി.പി.എമ്മല്ല.

 

കരിദിനാചരണം ഹര്‍ത്താലും അക്രമാസക്തവുമായതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സ. ഇ.പി. ജയരാജന്‍ പറഞ്ഞ മറുപടി: “പ്രോസിക്യൂട് ചെയ്യാനുള്ള തീരുമാനതിനെതിരെ പ്രഖ്യാപിച്ച് കരിദിനം ജനങ്ങലേറ്റെടുത്തതാണു”. ഇതു കേട്ട് വികാരാധീതനായി എഴുതിപ്പോയതാണു. അല്ലാതെ ഇതു വായിച്ചരെങ്കിലും നന്നാകുമെന്നു കരുതിയല്ല.

Advertisements

Read Full Post »

ലാല്‍സലാം

ബൂര്‍ഷ്വാ ഗവര്‍ണ്ണര്‍ തുലയട്ടേ.

സഖാവു ഇതു കണ്ടൊന്നും ഭയപ്പെടരുത്. അനവധി നിരവധി ആഴക്കടലുകള്‍ നീന്തിക്കയറിയവരാണു നമ്മള്‍. അവയ്ക്കു മുന്നില്‍ ഈ ലാവ്‌ലിന്‍ വെറുമൊരു കുഴിത്തോട് മാത്രം. പെറ്റി ബൂര്‍ഷ്വാ സംസ്കാരതിന്നുടയാളുകളായ സി.ബി.ഐയും, കോടതിയും ഗവര്‍ണ്ണരും, കൂട്ടിയാല്‍ അങ്ങേക്കെതിരെ വിരലനക്കാന്‍ പറ്റുമോ. അങ്ങിനെ അനങ്ങുന്ന വിരലുമുറിക്കാനിങ്ങോട്ടു പറഞ്ഞാല്‍ മതി, കൈ വെട്ടിക്കൊണ്ടു വരും ഞങ്ങള്‍. മനോഹരമായൊരു കാബിനെറ്റും പാര്‍ട്ടി സെക്രട്ടറിയേറ്റും സെക്രട്ടറിയുമുള്ള ഈ നാട്ടില്‍ കോടതിയും, ഗവര്‍ണ്നരുമൊക്കെ അനാവശ്യമാണു. എന്നാലും അവന്മാര്‍ വെള്ളം കുടിച്ചുപൊക്കോട്ടെ എന്നു കരുതി മാത്രം അങ്ങ് കോടതിക്ക് കീഴടങ്ങിയേരു.

നമ്മളു ഏ.ജി-യെതൂക്കിയതു പോലെ ഗവര്‍ണ്ണറെ തൂക്കാന്‍ മേലാരുന്നോ. ആപത്തു വരുമ്പോ കൂട്ടത്തോടാണല്ലോ, ഒത്തു പിടിക്കാന്‍ കേന്ദ്രത്തില്‍ മഷിയിട്ടാല്‍ പോലുമാരുമില്ലാന്നയാള്‍ക്കറിയാം. എന്നാലും നമ്മളേജിയേ വെചു കളിച്ച പണി തന്നെ അവന്മാര്‍ ഗവര്‍ണ്ണരുടെ അടുത്തു പ്രയോഗിച്ചു കളഞ്ഞല്ലോ. ഹാ! ആ അച്ചന്മാരെ പിണക്കണ്ടായിരുന്നു. ഇല്ലേല്‍ പള്ളിയായ പള്ളി മുഴുവന്‍ ലേഖനമയച്ചു കൂട്ട പ്രാര്‍ത്ഥന നടത്തി ഒരു പിടിത്തം പിടിക്കാമായിരുന്നു. ഇതു രഹസ്യമാക്കി വെച്ചാ മതി. കുരിശുവരച്ചില്ലേലും അന്നമ്മായോടു പറഞ്ഞു ഒരു വെട്ടി തിരി സഖാവിനു വേണ്ടി കത്തിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയമായും നിയപരമായും വേണ്ടി വന്നാല്‍ ആത്മീയപരാമായും നമ്മള്‍ക്കിതിനേ നേരിട്ടേക്കാം.

പീബിലൊരു പിടിത്തമിട്ടേക്കാന്‍ മറക്കണ്ട. കാര്യം ശെരി അവന്മാരു പോക്കറ്റിലാണെന്നറിയാമെങ്കിലും കേന്ദ്രത്തില്‍ അണ്ഡം കീറി നിക്കുന്ന നേരമാ. ഈ പൊല്ലാപ്പിനൊക്കെ നിക്കാതേ അവന്മാരു സ്കൂട്ടായാല്‍ ആകെയുള്ള പിടിവള്ളി കൂടി പോകും. മുഖ്യനാണേല്‍ വിഷം മുറ്റി നിക്കുന്ന സമയമാ, എന്തൊക്കെ പറഞ്ഞാലും എലക്ഷനു കിട്ടിയ അടി, എട്ടുകാലി മമ്മൂഞ്ഞേറ്റെടുത്തെങ്കിലും അടിയീമുഖത്ത് തന്നെയാണൊ എന്ന കാര്യത്തില്‍ ഞങ്ങളു പാര്‍ട്ടിക്കാര്‍ക്കു മാത്രമേ പിടിത്തമില്ലാതുള്ളു. എന്റെ ഈ ഏരിയായില്‍ മൊത്തം സഖാവ് നിരപരാധിയാണെന്നു പറഞ്ഞു ഒരു നൂറു പോസ്റ്ററെങ്കിലും ഞങ്ങളൊട്ടിച്ചു കഴിഞ്ഞു. അതു കൊണ്ട് തന്നെ ജനങ്ങള്‍ക്ക് യാതൊരു സംശയവും തോന്നിയിട്ടില്ല. എന്നാലും തലയൊന്നു തപ്പി നോക്കിയേരെ വെല്ല കോഴിത്തൂവലെങ്ങാനും പറ്റിപ്പിടിച്ചിരിപ്പുണ്ടേല്‍ പിന്നെ അതു മതി ആ നന്ദകുമാരനും കൂട്ടര്‍ക്കും.

പിന്നെ ഗവര്‍ണ്ണറെ പിടിച്ചിട്ടും പ്രത്യേകിച്ചു കാര്യമില്ലെന്നു നമ്മുടെ റിട്ടയേഡ് മാഷ് പറഞ്ഞപ്പോഴാ മനസിലായേ. നമ്മുടെ പാര്‍ട്ടിയിലും വിവരമുള്ളവരുണ്ടല്ലോ എന്നോര്‍ത്ത് ഈ അവസരത്തില്‍ അങ്ങു സമാധാനിക്കണം. എങ്ങാനും കോടതി നേരിട്ടെടപെട്ടിരുന്നേല്‍ പിന്നെ കൊടി കുത്താനും ധര്‍ണ്ണ നടത്താനും എറണാകുളം കോടതി വരേ പോകേണ്ടി വന്നേനെ. ഇതാവുമ്പോ സെക്രട്ടറിയേറ്റിനു മുന്നിലിരിക്കുന്ന കൊടിയൊന്നെടുത്ത് ഗവര്‍ണ്ണന്റെ വീടിനു മുന്നില്‍ കുത്തിയാ മതിയല്ലൊ. വരാനുള്ളതെന്തായാലും വഴിയില്‍ തങ്ങില്ല, അല്ല പിശകി, വരാനുള്ളതെന്തായാലും നേരിടാന്‍ ഞങ്ങള്‍ സജ്ജരായിക്കഴിഞ്ഞു. പിന്നെ മുഖ്യനെ പിണക്കേണ്ട കേട്ടൊ. കാര്യം ശെരി നിങ്ങളു പറഞ്ഞാ പാര്‍ട്ടിക്കാരു കേള്‍ക്കുമെങ്കിലും, ജനങ്ങളു കേള്‍ക്കണേല്‍ അങ്ങേരു തന്നെ പറയണം. പണീ നമ്മള്‍ക്ക് പിന്നെ കൊടുക്കാം. ഇപ്പോ കൂടെ നില്‍ക്കുന്നവന്മാരെയൊക്കെ നമ്മള്‍ക്ക് മാത്രമേ പഥ്യമുള്ളൂ. അടുത്ത എലക്ഷനില്‍ നിന്നാല്‍ കെട്ടി വെച്ചു കാശു കൂടെ പോകാന്‍ ചാന്‍സുള്ളവന്മാരെ നമ്പി വെറുതെ നാറണ്ട.

അങ്ങയേ കോടതിക്കു വിട്ടു കൊടുത്തു കൊടുത്തൂടെ എന്നു ചോദിക്കുന്നവന്മാര്‍ക്ക് വെല്ല വെവരവും ഉണ്ടൊ? നമ്മുടെ ന്യായാസനം പറ്യുന്നതെന്താണു? ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നല്ലേ? ആ കോടതിയേ സഹായിക്കുവാന്‍ വേണ്ടി മാത്രമാണു അങ്ങയേ നിയമത്തിനു വിട്ടു കൊടുക്കത്തതെന്നു മനസിലാക്കാനുള്ള ബുദ്ധി അവന്മാര്‍ക്കില്ലാതെ പോയി. അല്ലെങ്കില്‍ തന്നെ നമ്മളു പാര്‍ട്ടിക്കരെടുത്ത് കൊടുത്ത ശുപാര്‍ശതള്ളിയ ഗവര്‍ണ്ണറേയും, കുടുക്കുമായി നില്‍ക്കുന്ന കോടതിയേം വിശ്വസിച്ചു വിട്ടുകൊടുത്താ പിന്നെ അങ്ങയേ തിരിച്ചു കിട്ടുമോന്ന കാര്യത്തില്‍ നമ്മള്‍ക്കൊരുറപ്പു കിട്ടാതെങ്ങനാ?

അപ്പൊ എല്ലാം പറഞ്ഞ പോലേ. പിന്നെ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വെച്ച് പുറത്തിറങ്ങി നിന്നു കേസു നേരിടാന്‍ വിവരമില്ലാത്ത പലവന്മാരും പറയും. വന്‍ ചതിയാണത്. ഒരാവേശത്തിനു കേറി അങ്ങിനെയൊന്നും പറഞ്ഞേക്കരുത്. അങ്ങനേ ഒണ്ടായിരുന്ന ഒരു ലക്ക് ജോസപ്പന്‍ കൊണ്ടു പോയി. പിന്നെ ഈ പദവിക്കൂടി ഇല്ലാതേ പൊറത്തിറങ്ങിയാല്‍, പട്ടി ബിസ്കറ്റിനു പോലും മുടിഞ്ഞ വിലയുള്ള കാലമാ. സൂക്ഷിക്കണം. പിന്നെ എല്ലാം ഒന്നു കലങ്ങിത്തെളിയാന്‍ ചന്ദ്രന്‍ കണിയാരെ ഞാങ്ങോടു വിടുവാ. നമ്മള്‍ക്കിതിലൊരു വിശ്വാസമില്ലെങ്കിലും ചന്ദ്രന്റെ ഒരു സമാധാനത്തിനു. പറഞ്ഞു വരുമ്പോ തുടരെതുടരെ അടികിട്ടുന്നതില്‍ എന്തെങ്കിലും കാണാതിരിക്കുമോ. ലാവ്‌ലിന്റെ കാശൊന്നും അങ്ങയുടെ കയ്യിലില്ലാന്നറിയാം. എന്നാലും എന്തെങ്കിലും ദക്ഷിണയായി ചന്ദ്രനുകൂടി കൊടുത്തേക്ക്.

ലാല്‍സലാം

വക്കന്‍
തവളക്കുണ്ട് ഏരിയക്കമ്മറ്റി

Read Full Post »

പനച്ചി പണ്ടു മനോരമയില്‍ അപരന്മാരുടെ വിവിധാര്ത്ഥങ്ങള്‍ ശബ്ദതാരാവലി ആധാരമാക്കി എഴുതിയതിനാല്‍ അതിന്റെ പിറകേ പോകുന്നതില്‍ വലിയ പ്രസക്തിയില്ല. തെരഞ്ഞെടുപ്പില്‍ അപരന്മാര്‍ വരുന്നത് പുതുമയല്ല. ഒന്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ സഹപാഠി ശ്രീകുമാറിനെ ജയിപ്പിക്കാന്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി ആന്റണി ജിജുവിനെതിരെ ആന്റണി ജോജോയേ നിര്‍ത്തി പണ്ടു പയറ്റിയ തന്ത്രം ഇപ്പോള്‍ ഓര്‍ക്കുന്നു. ജോജോയ്ക്ക് അന്നു ആറു വോട്ടാണു കിട്ടിയത് ശ്രീകുമാര്‍ 10 വോട്ടിനു ജയിക്കുകയും ചെയ്തു.

അപരന്മാര്‍ ഇക്കുറി പാരയായത് അഡ്വ. മുഹമ്മദ് റിയാസിനാണു. കോഴിക്കോട് മണ്ഡലത്തില്‍ എം. കേ രാഘവനോടു മത്സരിച്ച റിയാസ് വെറും 836 വോട്ടിനാണു പരാജയപ്പെട്ടത്. കല്ലുകടിയായത് അപരന്മാരായ റിയാസ്, കേ. മൊഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, പി. ഏ. മുഹമ്മദ് റിയാസ് എന്നിവര്‍. പോക്കറ്റിലാക്കിയത് ഏകദേശം 4800 വോട്ടുകളാണു. എം. രാഘവന്‍ എന്ന അപരന്‍ 1750 വോട്ട് നേടിയെങ്കിലും റിയാസുമാരു വാരിയ വോട്ടുകള്‍ നിര്‍ണ്ണായകമായി എന്ന കാര്യത്തില്‍ സംശയമില്ല. സതീശന്‍ പാച്ചേനിക്കും അപരനായ സതീശന്‍ ഇ.വി നല്കിയ തിക്താനുഭവം മറക്കാവുന്നതല്ല. എതിര്‍ സ്ഥാനാര്‍ത്ഥിയായ എം.ബീ രാജേഷിനോട് വെറും 1820 വോട്ടിനു പരാജയപ്പെട്ട പാച്ചേനി, ഇ.വി നേടിയ 5478 വോട്ടുകളേക്കുറിച്ച് ഓര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

വയനാട്ടില്‍ കന്നിക്കാരനായ എം ഐ. ഷാനവാസിനു മുരളി ഫാകടര്‍ പോലേ തന്നെ വെല്ലുവിളിയാകാതെ പോയി അപരന്മാരും. ഷാനവാസ് മനക്കുളങ്ങരപറമ്പിലും അഡ്വ. ഷാനവാസ് മലപ്പുറവും ചേര്‍ന്നു 5500 വോട്ടുകള്‍ കൈക്കലാക്കിയെങ്കിലും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയാകാന്‍ എം. ഐ. ഷാനവാസിനു കഴിഞ്ഞു. സിറ്റിങ്ങ് എം.പി. അഡ്വ. പി. സതീദേവിക്കെതിരെ വ്യക്തമായ ഭൂരിപക്ഷത്തിനാണു മുല്ലപ്പിള്ളി രാമചന്ദ്രന്‍ ജയിച്ചത്. എങ്കിലും സതീദേവിക്കു കിട്ടുമായിരുന്ന 5000-ത്തോളം വോട്ടുകളാണു സതീദേവിയും, പി. സതീദേവി പള്ളിക്കലും ചെര്‍ന്നു ഇല്ലാതാക്കി കളഞ്ഞത്.

ഏറ്റവും അധികം അപരന്മാര്‍ മത്സരിച്ചത് കോട്ടയതാണു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ മൂന്നു പേരും (ജോസ്, ജോസ് മാത്യു, ജോസ് കെ മാണി) സുരേഷ് കുറുപ്പിനെതിരെ നാലു പേരും (സുരേഷ് എല്‍.ബി. കുറുപ്പ്, സുരേഷ് കുറുമ്പന്‍, സുരേഷ് ടി. ആര്‍, സുരേഷ് കുമാര്‍ കേ). തിരുവനന്തപുരത്ത് ശശി തരൂറിനു ശശി ജാനകിയും ശശി കളപ്പുരക്കലും വെല്ലുവിളിയായതെ ഇല്ല. ആറ്റിങ്ങലില്‍ എ. സമ്പത്തിനെതിരേ പ്രൊഫ. ജി. ബാലചന്ദ്രനു ലീഡ് വ്യത്യാസം കൂട്ടുന്നതില്‍ ബാലചന്ദ്രന്‍ കെ. (1517 വോട്) ബാലചന്ദ്രന്‍ സി.പി. (740) എന്നിവര്‍ക്ക് കൂടി പങ്കുണ്ട്. ആലത്തൂരില്‍ മത്സരിച്ച എന്. കെ. സുധീറിന്റെ അപരന്‍ കെ. കെ. സുധീറാണു ഏറ്റവും അധികം വോട്ട് നേടി അപരന്മാരില്‍ കേമനായത്. എകദേശം 7000-ത്തിലധികം വോട്ട്. രസകരമായ വസ്തുത ബി.എസ്.പി സ്ഥാനാര്‍ത്തി ഡോ. ഡി സുദേവനെ പിന്തള്ളി കെ.കെ. സുധീര്‍ നാലാം സ്ഥാനത്തെത്തി എന്നതാണു.

കൊല്ലത്ത് എന്‍ പീതാംബരക്കുറുപ്പിന്റെ അതേ പേരില്‍ മത്സരിച്ച അപരന്‍ നേടിയ 4000-ത്തോളം വോട്ടുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിനു ലീഡ് നില കുറച്ചു കൂടെ ഉയര്‍ത്താമായിരുന്നു. സിന്ധു ജയനും സിന്ധു കെ.എസും ചേര്‍ന്നു 6000 വോട്ടുകള്‍ എടുത്തില്ലായിരുന്നെകില്‍ കെ.വി. തോമാസിനു കുടിക്കാനുള്ള വെള്ളം കൊച്ചീക്കായലീന്നു കോരേണ്ടി വന്നേനെ. കൊച്ചീക്കാര്‍ക്കു കിട്ടാവുന്നതിലധികം വെള്ളം മാഷിനെക്കൊണ്ടു കുടിപ്പിച്ചിട്ടാണു എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സിന്ധു ജോയി തോല്‍വി സമ്മതിച്ചത്. ഹുസൈന്‍ ര്ണ്ടത്താണിക്ക് പൊന്നാനിയില്‍ നാലപരന്മാരുണ്ടായിട്ടും ഫലത്തില്‍ ഗുണമൊന്നും കണ്ടില്ല.

പത്തനം തിട്ടയില്‍ ആന്റൊ ആന്റണിയുടെ പെരില്‍ തന്നെ അപരനിണ്റങ്ങി 2000-ത്തിനടുത്ത് വോട്ടു സ്വന്തമാക്കി. ഇടുക്കിയിലും, മാവേലിക്കരയിലും, മലപ്പുറത്തും, കാസര്‍കോടും, ആലപ്പുഴയിലും അപരന്മാര്‍ ഇറങ്ങിയില്ല. ചാലക്കുടിയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കേ.പി. ധനപാലനെതിരെ പരാജയപ്പെട്ട അഡ്വ. യു.പി ജോസഫിനു കൂട്ടായി വെറും യു.പി. ജോസഫുണ്ട്.

അപരന്മാര്‍ ഇലക്ഷനിലേ മാര്‍കറ്റിങ്ങ്‌ തന്ത്രമായി മാറിയിട്ടുള്ളതാണു. ചിലയിടത്ത് മാത്രം അപരതന്ത്രം വിജയിക്കുന്നുള്ളുവെങ്കിലും ഇലക്ഷന്‍ ഉള്ളിടത്തോളം കാലം അപരന്മാര്‍ അരങ്ങിലുണ്ടാവും, വില്ലനായും കോമാളിയായും ഒരു പക്ഷേ നായകനായും.

Read Full Post »

സഖാവ്‌ വി.എസ്. മുകുന്ദന്‍ പറഞ്ഞത് ശെരിയാ. അദ്ദേഹം എക്സ്പയേഡ് ആയ പുണ്യാളച്ചന്‍ തന്നെ. മുന്നിലാണേല്‍ മുഖ്യ കസേരയാകുന്ന ചക്കരക്കുടവും. കയ്യില്‍ ഇട്ടാല്‍ പുണ്യാളച്ചനാണേലും കൈ തിരിച്ചെടുക്കാന്‍ ഇത്തിരി വൈകും.അല്ലെങ്കില്‍ അയാളുടെ ആസനത്തില്‍ ഒരു ഫസ്റ്റ്ക്ളാസ്സ് മരം മുളച്ചിരിക്കുന്നു. അതിന്റെ ചോട്ടില്‍ ചുരുണ്ടു കൂടി കിടന്നിരുന്ന പാണ്ടന്‍ നായ പുറംകാലു പൊക്കി മൂത്രിച്ച് സ്ഥലം വെക്കേറ്റ് ചെയ്തു പോയിട്ടും ഇങ്ങേരു കുടിലു കെട്ടിക്കിടക്കുന്നതില്‍ വലിയ തെറ്റൊന്നുമില്ല. നല്ല വീതിയുള്ള ഇലകളുള്ള മരമായതിനാല്‍ തണലിനും കുറവില്ല. ആ ഇലകള്‍ക്കിടയില്‍ മുളച്ച ലാവ്ലിന്‍ ഇലയുടെ വീതിയാണേല്‍ പറയണ്ട. ഇല ഔദ്യ്യൊഗികമായി വളരുകയും മറ്റിലകളെ തല്ലിപ്പൊഴിക്കുകയും ചെയ്തിട്ടും മുഖ്യന്‍ ചെറുചൂടില്‍ കിടന്നു മയങ്ങുന്നു. നാക്കിനു മാത്രം നിലവില്‍ ശൌര്യമുള്ലതിനാല്‍ നിലന്നിന്നു പോരുന്ന മഹാ പ്രസ്ഥാനമേ നാണമില്ലഹേ നിങ്ങള്‍ക്ക് എന്നു ഞാന്‍ ചോദിക്കുന്നില്ല. കാരണം ആദ്യമായും അവസാനമായും ആണു നിങ്ങ്നളീ കാസേരയിലിരുന്നുറങ്ങുതെന്നു മനസിലാക്കാന്‍ പ്രത്യേകിച്ചൊരു പൊളിറ്റിക്കല്‍ ബുദ്ധി ആവശ്യമില്ല എന്നത് തന്നെ.

നിയമം എങ്ങിനേയും വളച്ചൊടിക്കാവുന്ന മഹാരാജ്യത്തില്‍ സി.പി. സുധാകരന്‍ ചെയ്ത്തതു മഹാപരാധമൊന്നുമല്ല. എങ്കിലും അതിനു ഓശാന പാടും മുമ്പ് താങ്കളുടെ വീരവാദങ്ങള്‍ മന്ത്രി സഭയുടെ വാതിക്കല്‍ വാളു വെച്ചിട്ടെങ്കിലും പോകാമയിരുന്നു. എന്തിനീ ജീവിതം തൃണതുല്യം എന്നു വിലപിച്ചുകൊണ്ടൊരു വാക്കൌട്ടെങ്കിലും. ആ പോട്ട്. ‘കുരക്കുന്ന പട്ടി’ക്ക് ബദലായി ‘എക്സ്പയേഡ് വി.എസ്.’ എന്ന പദം സമ്മാനിച്ച മുകുന്ദന്‍ അവര്‍കളുക്ക് മലയാണ്മയുടെ പ്രണാമം. പിന്നെയൊരു സമാധാനം നിങ്ങള്‍ ശബ്ദമെങ്കിലും ഉയര്‍ത്തുന്നുണ്ടല്ലോ. മറ്റു സഖാക്കള്‍ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി കൊടിപിടിക്കുന്ന കാലത്ത് നിങ്ങളുടെ ശബ്ദം വികലമായിട്ടാണേലും കേള്‍ക്കുന്നത് തന്നെ ആശ്വാസം.

പിന്നെ ഇതില്‍ വലിയ പുലിവാലൊന്നുമില്ല. പ്രോസിക്യൂഷന്‍ അനുമതി നിഷേധിക്കല്‍ ചുമ്മാതൊരു രാഷ്ട്രീയ നേരിടല്‍ മത്രം. ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചാലും കോടതിക്കു കടത്തി വെട്ടാം. ഇതൊരു റാണി ചെക്കിനു മുന്നില്‍ വെച്ച കാലാള്‍ പ്രതിരോധം എന്നു സമാധാനിച്ച് ലാവ്‌ലിന്‍ അങ്ങിനെയങ്ങു ഒഴുകില്‍ പോകില്ല എന്നു കരുതി കാത്തിരിക്കാം. ഗവര്‍ണ്ണറുടേ അനുമതി നിര്‍ബന്ധമോ എന്ന കാര്യത്തില്‍ കോടതി മറുപടി പറയാത്തതിനാല്‍ കേസിനു ഇനിയും ആയുസ്സുണ്ട്. അല്ലെങ്കില്‍ തന്നെ കേസൊക്കെ എന്നു പറഞ്ഞാല്‍ ഇങ്ങനെയാണു അല്ലേ സഖാവേ. നിങ്ങളു പറഞ്ഞപോലേ ‘ഞാനും നിങ്ങളും’ ആഗ്രഹിച്ചതു കൊണ്ടു മാത്രം ഇതൊക്കെ നടക്കോ. കാലപ്പഴക്കത്തില്‍ ഇതൊക്കെ തേഞ്ഞുമായാം, തെളിഞ്ഞും വരാം. കോടതി ശരണം.

Read Full Post »

നമ്മുക്കുചുറ്റും ഭാഗ്യം നിന്നു തിരിയുവാ. ലോട്ടറികള്‍. ലോട്ടറികളെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സുന്ദരസ്വപ്നങ്ങള്‍ക്കൊരു സുഖവുമുണ്ടാകില്ലായിരുന്നു. പണം കയ്യില്‍ ഇല്ലായെങ്കിലും പോക്കറ്റില്‍ കിടക്കുന്ന ലോട്ടറിയെ ഓര്‍ത്ത് മനക്കോട്ട കെട്ടുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്. ആ സുഖം വര്‍ദ്ധിപ്പിക്കുകയാണു സര്‍ക്കാരിലെ വിവിധ വകുപ്പുകള്‍. എന്റെ ഓര്മ്മ ശെരിയാണെങ്കില്‍ രണ്ടായിരത്തിയാറില്‍ കായികവകുപ്പാണു വകുപ്പു ലോട്ടറിക്കു തുടക്കം കുറിക്കുന്നത്. തദ്ദേശീയരായ പെരിയാര്‍, മാവേലി, സൌഭാഗ്യ, വിദ്ദേശീയരായ സിക്കിം സൂപ്പര്‍, ഡീലക്സ് തുടങ്ങിയ ഭാഗ്യദേവതകള്‍ ലക്ഷങ്ങള്‍ കാണിച്ചു മാടി വിളിക്കുമ്പൊഴാ 2 കോടിയുടെ സ്വപ്നവുമായി കായിക വകുപ്പു വരുന്നത്. അഴീക്കോടു പറഞ്ഞപോലേ രണ്ടു കോടി സ്വപ്നം കാണത്തക്ക വിധം നമ്മുടെ ജീവിതം ഉയര്‍ന്നു.

സഹകരണവകുപ്പാണു പിന്നീട് രംഗത്തു വരുന്നത്; നവരത്നങ്ങളുടെ ഭാഗ്യവുമായി വീണ്ടും രണ്ടു കോടി. എന്തായാലും സംഗതി വിജയിച്ച മട്ടാണു. അതുകൊണ്ടു തന്നെയാവും സാംസ്കാരിക വകുപ്പും ലോട്ടറി ഇറക്കുന്നത്. അവശകലാകാരന്മാരെ സഹായിക്കുക എന്ന സദുദ്ദേശവുമായി. ദോഷം പറയരുതല്ലോ. അവശകലാകാരന്മാരോടായി നമ്മുടെ സ്നേഹം വര്‍ദ്ധിച്ച് കൊണ്ടിരിക്കയാണു. അമ്മയുടെ 20-20 മുതല്‍ ബമ്പര്‍ ലോട്ടറി വരെ. 20-20യുടെ കാര്യം പറഞ്ഞപ്പോഴാണ്‍ സര്‍ക്കാരിന്റെ പുതിയ ലോട്ടറി 20-50 ഓര്‍മ്മവന്നത്. സംഗതി കൊള്ളാം കേട്ടൊ. 10നു 10, 30 നു മുപ്പത് എന്നത് മാറ്റിപ്പിടിച്ച് 20 രൂപയ്ക്ക് അന്പത് ലക്ഷം.

നമ്മുക്ക് വകുപ്പു ലോട്ടറിയിലേക്ക് മടങ്ങി വരാം. ഈ ലോട്ടറികള്‍ വകുപ്പുകള്‍ക്ക് കാര്യമായ സാമ്പത്തീക നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം. അങ്ങിനെയാണെങ്കില്‍ ബാലന്‍ മൂപ്പരു ഒരു അരക്കൈ നോക്കുന്നത് നന്നായിരിക്കും. പിന്നോക്ക വിഭാഗങ്ങളുടെ വികസനത്തിനും വൈദ്യുത് ബോഡിലും ഒരേ പോലെ ലോട്ടറി ഇറക്കാവുന്നതാണു. അവസാനിക്കുന്ന സാമ്പത്തീക വര്‍ഷത്തേടടക്കം ബോഡ് അനുമാനിക്കുന്ന നഷ്ടം എകദ്ദേശം 2500 കോടി രൂപാ വരും. ഇതു മുഴുവനായിക്കിട്ടിയില്ലെങ്കിലും കുറച്ചൊക്കെ പിടിക്കാം. വൈദ്യുത ബില്ലടക്കുന്നവര്ക്ക് ഒരു ആവേശവുമാകും. ചാര്ഗ് വര്ധനയ്ക്ക് ഒരു സാന്ത്വനഭാവവും കൊണ്ടു വരാം. ഭാഗ്യമുള്ള ഉപഭോക്താക്കള്‍ക്ക് കോടിപതിയൊ ലക്ഷാധിപതിയോ ആകാം. ഒരു തരം പശു-കാക്ക മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്ഡിങ്..ബാലന്‍ സഖാവ് ഒരു കൈ നോക്കുന്നോ.

Read Full Post »

പാവം പെട്രോള്‍ കമ്പനികള്‍, ദാരിദ്ര്യരേഭയ്ക്ക് താഴേ കേഴും പാവം പെട്രോള്‍ കമ്പനികളല്ലോ. മന്‍മോഹനണ്ണാ…അണ്ണനാണണ്ണ അണ്ണന്‍. വ്യവസായികളുടെ അണ്ണന്‍. അവരുടെ നഷ്ടത്തില്‍ അണ്ണനൊഴുക്കുന്ന കണ്ണീരുകാണുമ്പോ, ഒരു ലിറ്റര്‍ പെട്രോളിന്‍ ഒന്നൊ രണ്ടൊ രൂപ കൂടുതല്‍ കൊടുത്താലോ എന്നു വരെ ഞാനാലോചിക്കാറുണ്ട്. ബിര്‍ള്ളച്ചായനും അമ്പാനിയണ്ണനും ബാങ്കു പലിശ കൊറക്കണമെന്നു പറഞ്ഞപ്പൊത്തന്നെ അണ്ണന്‍ എടുപിടീന്നു കുറച്ചതു കേട്ടു ഉയര്‍ന്ന രോമങ്ങള്‍ താഴാന്‍ തുടങ്ങുമ്പോഴാ അണ്ണന്റെ പെട്രോള്‍ കമ്പനികളോടുല്ല സ്നേഹം കൂടി അറിഞ്ഞതു. ഇനി ഈ രോമങ്ങള്‍ താഴണേല്‍ അടുത്ത മണ്ഡലക്കാലമാകും. യെവന്മാരുടെ നഷ്ടം നമ്മുടെ നാടിന്റെ തീരാ നഷ്ടമാണല്ലൊ.. അപ്പൊ നമ്മളു തന്നെ ഒടുക്കണം. ചുമ്മാ അറിയാന്‍ വേണ്ടിയാണു കേട്ടാ ഈ ചോദ്യങ്ങള്.

എണ്ണകമ്പനികളു പ്രതിവര്ഷം ബ്രാന്ഡ് അമ്പാസഡര്‍മാര്‍ക്കും, പരസ്യത്തിനും വേണ്ടി ഒഴുക്കുന്നത് രണ്ടായിരത്തില്‍ പരം കോടി രൂപാ. പിന്നെയ് പരസയം കണ്ടല്ലെ നമ്മള്‍ പെട്രോളടിക്കുന്നതു. പിന്നെ എണ്ണിയാലൊടുങ്ങാത്തത്ര എണ്ണകമ്പനികള്‍ നാട്ടില്‍ മുളച്ചു നില്‍ക്കുവല്ലെ പരസ്യം കാണിച്ചു വിപണി പിടിക്കാന്‍. മരങ്ങോടന്റെ വണ്ടിയില്‍ പെട്രോളു തീര്ന്നാല്‍ ചരിച്ചടിച്ചും, ചോക്ക് താങ്ങിയും ഉന്തിയും തള്ളിയും ഒരു കണക്കിനു അടുത്ത പമ്പില്‍ ചെന്നു എണ്ണ നിറക്കുമെന്നല്ലാതെ ആരാ, ബ്രാന്ഡ് നോക്കി അടിക്കുന്നത്.

എണ്ണപുരണ്ടു പണ്ടാരടങ്ങി ജീവിച്ചു മടുക്കാതിരിക്കാന്‍ കമ്പനികള്‍ ആഡംബര വിനോദങ്ങള്‍ക്കായി തൊലക്കുന്നതു പ്രതിവര്‍ഷം 800 കോടിയിലധികം വരും. ഇതാരുടെ പോക്കറ്റില്‍ നിന്നു കൊടുക്കണമെന്ന മോഹനാ നീ പറയുന്നത്.

ഈ കഴിഞ്ഞ ആഴ്ചകളില്‍ എണ്ണകമ്പനികളിലെ വിദ്വാന്മാര്‍ കൊച്ചി ടാജ് മലബാറില്‍ വന്നു പുട്ടടിച്ചും കള്ളുകുടിച്ചും മീറ്റിങ്ങു കൂടിയത് ഒന്നരക്കോടി രൂപയ്ക്ക്. ഇത്തരത്തില്‍ ഒരു വര്ഷം യെവന്മാര്‍ മീറ്റിങ്ങു കൂടി തകര്ക്കുന്ന കോടികള്‍ എത്രയെന്നു ഒടയതമ്പുരാനറിയാം.

ഈ നഷ്ടമൊക്കെ നികത്താനാ നമ്മളു ജനങ്ങളുടെ തലയില്‍ അമിത ചാര്ജ്ജ് ഈടാക്കി മന്മോഹന്‍ കമഴ്ത്തിക്കൊടുക്കുന്നത്. ബാരലിനു 60-ല്‍ താഴെ എത്തിയാല്‍ വിലകുറക്കുന്നതു പരിഗണിക്കമെന്നു പെട്രൊളിയം മന്ത്രി ചുമ്മാ തള്ളിയിരിക്കുമ്പോഴാ വില 52 ഡോളര്‍ വരെ എത്തുന്നത്. എന്നിട്ടും വിലകുറക്കില്ല.

ഇപ്പോഴത്തേ വാദം വെച്ചു വില എന്നു കുറയാനാ? എന്നാണു ഇവിടത്തെ കമ്പനികള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നത്? മോഹനനു ബോധമുണ്ട്. അതാ പുള്ളി മലമ്പാമ്പിനെ കിട്ടിയാല്‍ മാലയാക്കി ഇടാമെന്നു പറയുന്നതു. മലമ്പാമ്പിനെ കിട്ടുകയുമില്ല. മാലയൊട്ടിടുകയുമില്ല. ഡിസലിനും മണ്ണെണ്ണയ്ക്കും ഉള്ള സബ്സീഡിയില്‍ വന്ന നഷ്ടം എന്നൊക്കെ പറഞ്ഞു, ഞങ്ങളുടെ കണ്ണില്‍ മണ്ണിട്ടോളൂ. ഞങ്ങള്‍ ഈ നാട്ടിലെ ജനങ്ങളല്ലല്ലോ? അങ്ങയുടെ ജനങ്ങള്‍ ടാറ്റയും ബിര്‍ലയും അമ്പാനിയുമല്ലേ.

Read Full Post »

തദ്ദേശീയ ഉപതെരഞ്ഞേടുപ്പില്‍ ചുവപ്പന്‍ കാറ്റു വീഴ്ച്ച നേരിടുവാന്നു പ്രത്യേകം പൊലിപ്പിക്കേണ്ടതില്ല. ഇടതുകയ്യിലിരുന്ന ഏഴു സിറ്റിങു കൂടി കൈ വിട്ടതോടെ യുഡിഎഫ് 17 സീറ്റുകളൂമായി തെളിഞ്ഞു നില്‍ക്കുന്നു. 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടിയപ്പോള്‍ ഒരെണ്ണം സ്വതന്ത്രനു. സ്വതന്ത്രന്‍ മുന്‍കാല (സിപിഐ) പഞ്ചായത്തു വൈസ് പ്രസിഡന്റായിരുന്നു എന്നതും വെളിയത്തിന്റെ സ്വന്തം പഞ്ചായത്തു(ചെപ്ര)കാരനാണെന്നതും നാടകത്തിന്റെ ആന്റിക്ളൈമാക്സില്‍ പറയാവുന്നതാണു. കക്ഷി സിപിഐയില്‍ നിന്നു ചാടിയതോടെയാ ചെപ്രയില്‍ ഉപതെരഞ്ഞെടുപ്പു സംജാതമായത്. സിപിഎം പിന്തുണ ഇല്ലെന്നു നോട്ടീസടിച്ചിറക്കിയെങ്കിലും, ഉണ്ടായിരുന്നു എന്നത് ചെപ്രയിലേ കൊച്ചു സഖാക്കള്ക്ക് വരെയറിയാം. എന്തായാലും ഭാര്‍ഗ്ഗവന്റെ നാട്ടില്‍ ചുവപ്പുകൊടിക്ക് കെട്ടിവെച്ച കാശുകൂടി കിട്ടിയില്ല. ബിജെപിക്കും വലതനും പിന്നില്‍ നാലാം സ്ഥാനം കൊണ്ടു ചുരുണ്ടുകൂടി.

ഇടതുഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സര്‍ക്കാരിനു നല്‍കിയ താക്കീതാണിതെന്നൊക്കെ ഒരു രാഷ്ട്രീയ ഭാഷയില്‍ പറയാമെങ്കിലും, വലതു കാലിലല്‍ പറ്റിയ ചെളി ഇടതുകാലില്‍ തേച്ചും പിന്നീട് വലതിലേക്ക് മാറ്റിത്തേച്ചും തുടരുന്ന പ്രതിഭാസം ആവര്‍ത്തിച്ചു എന്നു പറയുന്നതാണു സത്യം. ചെളി കഴുകിക്കളയാനുള്ള യോഗം നമുക്കില്ലല്ലോ. ഗതികേട്. പിന്നെ മക്കള്‍ക്കു കൊടുക്കുന്ന ഭക്ഷണം അവരു കഴിച്ചില്ലേല്‍ പട്ടിക്കു കൊടുക്കുന്നു എന്നു മാത്രം. അതു പട്ടിയോടുള്ള സ്നേഹം കൊണ്ടല്ല; ഭക്ഷണം വേസ്റ്റ് ആക്കണ്ടല്ലോ എന്നു കരുതിയാണു.

യെച്ചൂരനു ജ്യോതിഷം വശമില്ലെങ്കിലും, നാവുപിഴയ്ക്കില്ല എന്നുറപ്പയി. ഇക്കുറി 20-ല്‍ ഒന്നെങ്കിലും എല്‍ഡിഎഫിനു കിട്ടുമോ എന്നു പറഞ്ഞ ആ സെക്കന്റില്‍ നാവില്‍ ഗുളികന്‍ കേറി എന്നു പറഞ്ഞാല്‍ മതിയല്ലൊ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം നേടി ഡിസ്റ്റിങ്ഷനോടെ പാസ്സായ എല്‍ഡിഎഫിനു, ഇത്തവണ രണ്ടാം മുണ്ടശ്ശേരി ബേബിക്കുട്ടനു കൊടുക്കാവുന്ന മൊഡറേഷനെങ്കിലും കിട്ടിയാല്‍ കൊള്ളാം.

200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി താപ വൈദ്യുതിയുടെ അതേ വില നല്‍കണം. കുറച്ചുകൂടി കഴിഞ്ഞാല്‍ താപനിലയത്തില്‍ നിന്നു ആവശ്യമുള്ളവര്‍ നേരിട്ടുവാങ്ങിക്കൊ എന്നു ബാലന്‍മൂപ്പരു പറഞ്ഞാലതില്‍ അതിശയോക്തി ഉണ്ടാവില്ല. നാസ്തയ്ക്കു വിലകുറയുന്നത് ഭാഗ്യം.

Read Full Post »

Older Posts »