Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘ബൂലോകവിചാരം’ Category

ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും
ബ്ലോഗനനുസ്മരണവും

കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637

മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,

പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.

കാര്യപരിപാടികള്‍

രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)

10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)

11 മണിക്ക് : ലിങ്കെറിയല്‍ (ചാറ്റ്, ഈ മെയില്‍ വഴി ഏറിയുന്ന ലിങ്കുകള്‍ പെറുക്കി ബ്രൌസറില്‍ തൂക്കണം. ആദ്യം ലിങ്കുമായെത്തുന്നയാള്‍ സമ്മാനമായി ഒരു തേങ്ങ കിട്ടുന്നതും അത് പോസ്റ്റിനു താഴെ തന്നെ ഉടക്കേണ്ടതുമാണ്.)

12 മണിക്ക് : സ്മരണിക പ്രകാശനം (ഇതു വരെ കാട്ടിക്കൂട്ടിയത് മുഴുവന്‍ ഒറ്റപ്പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാഹസിക പരിപാടി)

ഉച്ചതിരിഞ്ഞു 2 മണിക്ക്: കണ്ണുകെട്ടി കമന്റടി (സ്മരണിക ഫുള്ളായി വായിക്കാന്‍ സമയമില്ലാത്തവര്‍ മാത്രം പങ്കെടുക്കുക)

3 മണിക്ക് : കമന്റ് പെറുക്കല്‍ (പോസ്റ്റിറുന്നവര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കമന്റു കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. എന്തൊന്നിത് വാരിഷിക റിയാലിറ്റി ഷോയാ)

4 മണിക്ക് : ചര്‍ച്ചാക്ളാസുകള്‍

1. ഒരു പണിയുമില്ലാത്തപ്പോള്‍ എങ്ങിനെ വാര്‍ഷികപോസ്റ്റിടാം
2. ഏതു സമയത്ത് വാര്‍ഷികപോസ്റ്റിടാം

തുടങ്ങിയ വിഷയങ്ങളേ ഉള്‍ക്കൊള്ളിച്ച് ബ്ലോഗനര് അനിലര്, ബ്ലോഗനര് പറമ്പിലാനര്, ബ്ലോഗനര് കുന്നങ്കുളര് എന്നിവര്‍ സംസാരിക്കുന്നു.

വൈകീട്ട് നാലിനു : ആശംസപ്രസംഗം (വഴിയേ പോകുന്ന ആര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണു)

വൈകീട്ട് അഞ്ചിനു: മറുപടി പ്രസംഗം (സ. വാര്‍ഷികന്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിക്കുന്നു. തന്നെ ഈ വഴിക്കു പിഴപ്പിച്ചവന്മാരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നതാണു)

തുടര്‍ന്നു, കലാപരിപാടികള്‍ (തന്റെ തന്നെ ചില പോസ്റ്റുകളിലെ ലിങ്കുകള്‍ ആരും വായിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളിക്കുന്ന കലാപരിപാടി.)

ഏവര്‍ക്കും സ്വാഗതം

NB: പോസ്റ്റില്‍ മാറ്റം വരുത്താന്‍ സ. വാര്‍ഷികനു അവകാശമുണ്ടായിരിക്കുന്നതാണു

വാര്‍ഷികപോസ്റ്റിട്ടവരെ കളിയാക്കനല്ല കേട്ടൊ. അടുത്തടുത്ത് വാര്‍ഷികപോസ്റ്റ് കണ്ടപ്പോളൊന്നു തോണ്‍ടാമെന്നു കരുതി. തോണ്‍ടണമെന്നെയുള്ളു. ചൊറിയണമെന്നില്ല. എല്ലാവാര്‍ഷികന്മാര്‍ക്കും ഒറ്റവാക്കില്‍ “ആശംസകള്‍”

കടപ്പാട്: മദ്യപാനാഘോഷം എന്നപേരില്‍ വന്ന ഈ മെയില്‍.

Advertisements

Read Full Post »

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.

ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.

സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.

അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. “A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark”-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.

ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.

അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് “കന്‍ട്രി ചര്‍ച്യാര്‍ഡ്” എഴുതിയിട്ടില്ലേ”. ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.

ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം…അതി മനോഹരം…ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ…മംഗളം.

Read Full Post »

ങ്ഹേ! ആരാ? എന്താ ഇവിടെ?

ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?

ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..

ടൈറ്റിലുകണ്ടു വന്നതാല്ലെ?

ക്ഷമിക്കണം കേട്ട..

ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല…ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..

തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ…അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.

ഡിസ്‌ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില്‍ തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു…ശുഭം

Read Full Post »

ഒരു കൃതി ആസ്വദിക്കുവാന്‍ എഴുത്തുകാരനേ അറിയേണ്ടത് നിര്‍ബന്ധ്മാണോ? അല്ലെന്നാണു എന്റെ ഉറച്ച വിസ്വാസം. അതു കൊണ്ടു തന്നെ ഇഞ്ചി പിടുത്ത്തത്തില്‍ ബെര്‍ളിയുടെ വാദം: (അതു കൃത്യമായി ഉദ്ധരിക്കാന്‍ ഈ ലിങ്കില്‍ ആ പോസ്റ്റ് അവശേഷിക്കുന്നില്ല) “എഴുതുന്ന ആള്‍ അനോണീ ആണെങ്കില്‍ അയാളുടെ കൃതികള്‍ വായിക്കാന്‍ തോന്നില്ല, അല്ലെങ്കില്‍ ആസ്വദിക്കാന്‍ കഴിയില്ല” എന്ന ബില്‍ പാസാക്കുന്ന സഭയില്‍ ഞാന്‍ പ്രതിപക്ഷത്തിരിക്കുന്നു. അദ്ദേഹത്തിനു അനോണി എഴുത്തിനോട് താല്‍പര്യമില്ലാത്തതു കൊണ്ടല്ല. അങ്ങിനെ ആയിരുന്നെങ്കില്‍ മരമാക്രിയേ വായിക്കേണ്ട കാര്യം അദ്ദേഹത്തിനില്ലല്ലോ. “എഴുതുന്നതാരു?” എന്ന ചോദ്യത്തിനുത്തരമില്ലാത്തതു മാത്രമാണു നല്ല ബ്ളൊഗ്ഗര്‍ എന്നു അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന അനോണി ആന്റണിയുടെ പോസ്റ്റുകള്‍ പോലും വായിക്കാതെ വിടുവാന്‍ ബെര്‍ളിയേ പ്രേരിപ്പിക്കുന്നത്. അനോണികളോട് ബഹുമാനം വേണമെന്നു തോന്നുന്നില്ല. പക്ഷേ മറഞ്ഞിരുന്നെഴുതന്നത് കാര്യപ്രസക്തവും വായനായോഗ്യവുമെങ്കില്‍ അവയെ അവഗണിക്കരുത് എന്നാണു എന്റെ പക്ഷം.

ഒരു ശില്പമോ, കവിതയോ, ചിത്രമോ ആസ്വദിക്കാന്‍ അതിന്റെ സൃഷ്ടാവ് ആരെന്നറിയേണ്ടത് തത്വത്തില്‍ ആവശ്യമില്ല. പകല്‍ക്കിനാവന്റെയും, മാരീചന്റെയും, കാപ്പിലാന്റെയും അനോണി ആന്റണിയുടെയും, കൃതികളും, ഫൊട്ടാഗ്രഫിയുമൊക്കെ കാണുകയും വായിച്ചു തുടങ്ങുകയും ചെയ്തിരുന്ന കാലത്ത് അവരാരാണെന്നു എനിക്കറിയില്ലായിരുന്നു. പകല്‍കിനാവനോട് കഴിഞ്ഞ ദിവസമാണു ആദ്യമായി ഫോണില്‍ സംസാരിക്കുന്നത് തന്നെ. അതിനുശേഷവും കിനാവന്റെ കവിതയിലോ ചിത്രത്തിലോ എന്തെങ്കിലും വ്യത്യസ്തത വന്നതായി എനിക്കു തോന്നിയില്ല. ബെര്‍ളി എഴുതുന്നത് കൊണ്ടാണു ചാര്‍ളിയുടെ പ്രേമലേഖനം എനിക്കിഷ്ടപ്പെട്ടത് എന്നതിനു ഒരടിസ്ഥാനവുമില്ല. അതു മെര്‍ളി എഴുതിയാലും പേരില്ലാത്തൊരുതനെഴുതിയാലും, ഒരേ ലെവലില്‍ ആസ്വദിക്കാന്‍ എനിക്കു കഴിയുമെന്നു തന്നെയാണു ഞാന്‍ കരുതുന്നത്. ഇനി സ്വയം പരിചയപ്പെടുത്തി എഴുതിയതു കൊണ്ട് എന്തെങ്കിലും വ്യത്യാസം ഉണ്ടാകും എന്നും എനിക്കു തോന്നുന്നില്ല. ആരു എഴുതുന്നു എന്നതിനേക്കാള്‍ എന്ത് എഴുതുന്നു എന്നതാണു ഒരാസ്വാദകനെ സംബന്ധിച്ച് പ്രധാനം.

മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ കടുത്ത ആരാധകരോ സ്തുതിപാഠകരോ ഒരുപക്ഷേ മാറി ചിന്തിച്ചേക്കാം. മമ്മൂട്ടിയുടെ ബ്ളോഗ്ഗില്‍ കമന്റ് വീഴാനുള്ള കാരണം തന്നെയതാണു. കമ്ന്റിട്ടവരില്‍ എത്ര പേര്‍ക് ബൂലോകവുമായി മുന്‍കാല ബന്ധമുണ്ട്, അല്ലെങ്കില്‍ എത്ര പേര്‍ മുന്പേ ബ്ളോഗ്‌ വായിച്ചിരുന്നു എന്നതും ചിന്തിക്കേണ്ട കാര്യമാണു. ജനാധിപത്യത്തേക്കുറിച്ചോ വോട്ടവകാശത്തേക്കുറിച്ചോ അദ്ദേഹം പറഞ്ഞിട്ടുള്ളത് മുന്പ് മറ്റാരെങ്കിലും പറഞ്ഞിരുന്നതില്‍ നിന്നു വ്യത്യസ്തമാണെന്നു എനിക്കു തോന്നിയില്ല. ഒരു എഴുത്തുകാരന്റെ പേരു കൊണ്ടു മാത്രമാണു അയാളുടെ കൃതികള്‍ ശ്രദ്ധിക്കപ്പെടുന്നതെങ്കില്‍ അയാളുടെ എഴുത്തിനു സാരമായ അസ്വാഭാവികതയുണ്ട്. സ്വാഭവീകമായത് എഴുത്തിലൂടെ എഴുത്തുകാരന്‍ ശ്രദ്ധിക്കപ്പെടുക എന്നതാണു.

ടോം ആന്റ് ജെറി എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ സീരീസാണു. ചെറുപ്പം മുതലേ ഞാനതാസ്വദിക്കുന്നു. പിന്നീടെപ്പൊഴോ ഇതിന്റെ പിന്നില്‍ ഫ്രെഡ് ക്വിംബിയാണെന്നറിഞ്ഞു. പക്ഷേ ആ അറിവ് കൊണ്ട് എന്റെ അസ്വാദനത്തില്‍ എന്തെങ്കിലും ഏറ്റക്കുറച്ചിലുണ്ടായി എന്നു തോന്നിയില്ല. ബാലരമയിലേ മന്ത്രിയുടെ തന്ത്രങ്ങള്‍ എഴുതുന്നതാരു എന്നോ ഡിങ്കന്റെയും നമ്പോലന്റെയും കര്‍ത്താക്കാള്‍ ആരെന്നോ ഇതു വരെ എനിക്കറിയില്ല. എന്നിട്ടും എന്നിലേ അസ്വാദകനു അതൊരു തടസമായി തോന്നിയിട്ടില്ല. ബോബനും മോളിയും സ്ഥിരമായി വായിച്ചിരുന്നയളാണു, അതിന്റെ പിന്നില്‍ ടോമ്സ് ആണെന്നുമറിയാം എന്നു കരുതി നിലവാരമില്ല എങ്കിലും റ്റോംസ്-ന്റെ രചനയല്ലേ എന്നു കരുതി മാത്രം എനിക്കിപ്പോളത് വായിക്കാനും വാങ്ങിക്കാനും തോന്നാറില്ല. ജംഗിള്‍ ബുക്കെഴുതിയത് റുഡയാഡ് കിപ്ലിങ് ആണെന്നത് എത്ര പേര്‍ക്കറിയാം?. 95-97 കാലയളവുകളില്‍ അതിന്റെ മലയാളരൂപം ടെലിവിഷനില്‍ വന്നപ്പോള്‍ മുറികളില്‍ ഇരച്ചു കയറിയിരുന്നു കണ്ടവരില്‍ ഭൂരിഭാഗം പേരും മൌഗ്ളിയുടെ സൃഷ്ടാവ് കിപ്ലിങ് ആണു എന്നറിഞ്ഞു കൊണ്ടാസ്വദിച്ചവരല്ല. ജയന്റ്‌ റോബോട്ടും സൂപ്പര്‍ മാനും ഇപ്പോഴത്തെ കാര്‍ട്ടൂണ്‍ തരംഗങ്ങളുമൊക്കെ കുട്ടികളുടെ പ്രിയപ്പെട്ടതായിത്തീരുന്നത് എഴുത്തുകാരന്‍ ആരു എന്ന ചോദ്യം ഇല്ലാതെ തന്നെയാണു. 

ഇനി അതാരെന്നറിഞ്ഞു കൊണ്ട് വായിക്കുന്നതില്‍ ചില അപകടങ്ങളും പതിയിരിക്കുന്നു. ചിനുഅവ അച്ചേബെയുടെ തിങ്‌സ് ഫോള്‍ അപാര്‍ട് വായിച്ച്തിനു ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമത്തിലാണു തിംഗ്‌സ് ഫോള്‍ അപ്പാര്‍ടിന്റെ രണ്ടാം ഭാഗം നോ ലോങര്‍ അറ്റ് ഈസ്-നെക്കുറിച്ചറിയുന്നത്.  ചിന്വയെ അറിഞ്ഞത് കൊണ്ടു മാത്രം വളരേയേറെ പ്രതീക്ഷയോടെ വായിച്ചു തുടങ്ങിയ ആ നോവല്‍ എന്നെ തീര്‍ത്തും നിരാശപ്പെടുത്തി.സര്‍ഗ്ഗം എന്ന ചലച്ചിത്രം അക്കാലത്ത് എനിക്കിഷ്ടപ്പെടാന്‍ കാരണം, കരുത്തുള്ള വില്ലനായ മനോജ് കെ ജയന്‍ ദുര്‍ബല നായകനായ വിനീതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതു കൊണ്ട് മാത്രമാണു. കുറെക്കാലത്തേക്ക് ആ ചിത്രം കാണുമ്പോഴൊക്കെ മനോജിന്റെ ആത്മഹത്യയ്ക്ക് ശേഷം ഞാന്‍ ആ ചിത്രം തുടര്‍ന്നു കാണാറേയില്ലായിരുന്നു. കുറച്ചുകൂടി ബോധ്യം വന്ന നാളുകളിലാണു ആ സിനിമയുടെ കലാമൂല്യത്തേക്കുറിച്ചൊക്കെ ചിന്തിച്ചു തുടങ്ങുന്നത്. അതു മറ്റൊരു ലെവലിലേ ആസ്വദനത്തിലേക്കെത്തിക്കുകയും ചെയ്തു. സര്‍ഗ്ഗം സംവിധാനം ചെയ്ത ഹരിഹരന്റെ ചിത്രം എന്നത് മാത്രമാണു മയൂഖം കാണുവാന്‍ എന്നെ പ്രേരിപ്പിച്ചതു. എന്നെ തീര്ത്തും മടുപ്പിച്ചു കൊണ്ട് ആ ചിത്രം അവസാനിച്ചു. ഹരിഹരന്‍ എന്നയാളെ അറിഞ്ഞതു കൊണ്ടോ മനസിലാക്കിയതു കൊണ്ടോ പിന്നീടൊരിക്കല്‍ പോലും എനിക്കാ ചിത്രം ആസ്വദിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. 

ബ്ളെസിയേയോ, റോഷന്‍ ആന്‍ഡ്രൂസിനെയോ, അമല്‍ നീരദിനേയോ അറിയാതെയാണു അവരുടെ പ്രഥമ ചിത്രങ്ങള്‍ കണ്ടിറങ്ങിയത്. അവ മികച്ച സുഖം നല്‍കുകയും ചെയ്തു. ഒരാളേ അറിയുന്നത്, അയാളുടെ സൃഷ്ടികളെക്കുറിച്ചൊരു മുന്‍വിധി നല്‍കുന്നു. ചിന്താവിഷ്ടയായ ശ്യാമള എന്ന മികച്ച ചിത്രത്തിനു ശേഷമിറങ്ങിയ ഇംഗ്ളീഷ് മീഡിയം എന്ന ചിത്രം തുടക്കത്തിലേ ക്രൌഡ് പുള്‍ അല്ലാതേ തുടര്‍കാഴ്ച ഉണ്ടാക്കാതിരുന്നത് എന്ത് എന്ന ചോദ്യത്തിനു, ശ്രീനിവാസന്‍ പറഞ്ഞ മറുപടി ഞാനോര്‍ക്കുന്നു. ആളുകള്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രം വെച്ച് ശ്രീനിവാസന്റെ ചിത്രത്തിനു ഒരു മുന്‍വിധിയുണ്ടാക്കിയിരുന്നു. ഈ മുന്‍വിധിയോട് ഇംഗ്ളീഷ് മീഡിയം കാണാനെത്തിയതാണു പിന്നീടോരു അലയുണ്ടാക്കന്‍ ചിത്രത്തിനു കഴിയാതിരുന്നത്. ഇംഗ്ളീഷ് മീഡിയം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണു. പക്ഷേ അതു ശ്യാമളെയേ പോലെയാകണം എന്ന മുന്‍വിധിയുണ്ടാക്കി കണ്ടാല്‍ ഒരു പക്ഷേ അതൊരു പരാജയപ്പെട്ട ആസ്വാദനമായിത്തീരും. എഴുത്തുകാരനാരെന്നു മനസിലാക്കി അയാളുടെ കൃതികള്‍ ഇങ്ങനെ ആയിരിക്കും എന്നൊരു മുന്‍വിചാരണയോട് പോകുന്നത് പലപ്പോഴും നിരാശയിലെത്തിച്ചേക്കം എന്ന അപകടമാണു ഞാന്‍ പറഞ്ഞു വരുന്നത്.

ബെര്‍ളിക്ക് ഒരു ബ്ളോഗ് വായിക്കുന്നതിനു മുന്‍പ്‌ അതെഴുതുന്നതാരു എന്നറിയണമെന്നുള്ള ആഗ്രഹം അദ്ദേഹം ഉപേക്ഷിക്കുമെന്നു തന്നെയാണു എന്റെ വിശ്വാസം. അനോണിയായാലും നോണിയായാലും എഴുതുന്നത് നല്ലതെങ്കില്‍ ആസ്വദിക്കാതെ വിടാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്നു തന്നെ ഞാന്‍ കരുതുന്നു. കോടാനുകോടി നക്ഷത്രങ്ങള്‍ തിളങ്ങുന്ന മനോഹരമായ കാഴ്ച നക്ഷത്രങ്ങളുടെ പേരറിയില്ലയെങ്കിലും നമ്മളാസ്വദിക്കുന്നത് പോലേ.

പ്രതിപക്ഷബഹുമാനപൂര്‍വ്വം,

Read Full Post »