Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘ജീവിതം’ Category

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.

ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.

സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.

അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. “A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark”-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.

ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.

അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് “കന്‍ട്രി ചര്‍ച്യാര്‍ഡ്” എഴുതിയിട്ടില്ലേ”. ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.

ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം…അതി മനോഹരം…ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ…മംഗളം.

Advertisements

Read Full Post »

വെറുമൊരു വായനക്കാരനായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ?

ആന്റോ നീ ആ നീര്‍മാതളം കണ്ടൊ?

എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം.

അതല്ലെടാ എന്റെ മാധവിക്കുട്ടി?

ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം?

എടാ പണ്ടാരന്മേ എന്റെ പുസ്തകം?

അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ!

നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി ഇവിടെ വെച്ചിരുന്ന പുസ്തകം നീര്‍മാതളം പൂത്തപ്പോള്‍ നീ കണ്ടൊ?

ഉവ്വാ, ഇനി കണ്ടാലും ഞാനെടുത്തേനെ, ഒന്നു പോടാ. നാട്ടിലാരുന്നെ, ആക്രിക്കാര്‍ക്കു കൊടുത്തെങ്കിലും ഒരു തീപ്പട്ടിക്കുള്ള കാശുണ്ടാകാമയിരുന്നു. അവന്റെയൊരു പൊത്തകം.

ഞാനീ റാക്കിനു മുകളില്‍ വെച്ചത് നല്ലോര്‍മ്മയുണ്ട്.

ആണൊ എനിക്കോര്‍മ്മയില്ല. അല്ലെങ്കിലാ ഈ തോളില്‍ സഞ്ചിയിട്ടവന്മാരെ കാണുന്നതേ എനിക്ക് കലിപ്പാണു.. നീ വേറെ പണിനോക്ക്.

എന്നാലും ആരെടുത്തത്?

രാകേഷേ, നീ ഒന്നു മിണ്ടാതെ പൊയ്ക്കെ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തൊടങ്ങി നമ്മടെ ചരക്കുകള്‍ ഇപ്പൊ പാടാന്‍ വരും. എന്നെ വെറുതേ നീ ശല്യപ്പേടുത്തല്ലെ.

നാശം.

ആരു? പെമ്പിള്ളാരോ. അടിച്ചു നിന്റെ പല്ലു ഞാന്‍ താഴെയിടും.

(രാകേഷ് പുറത്തേക്ക് പോകുന്നു. യോഗ്വീരന്‍ രജീഷ് കരുതലൈ കടന്നു വരുന്നു)

ആന്റൊ, അവളിന്നു സ്ളീവ്ലെസ്സാണൊ, നമ്മുടെ രഞ്ചുമോള്‍?

ശവാസനത്തിലെങ്കിലും നല്ല ചിന്തയില്‍ കെടക്കെട ശവമേ. അതു പോട്ടേ നീ കണ്ടൊ?

ഹേയ്, ഒന്നും കണ്ടില്ലട കാറ്റു വന്നു തുണി നീങ്ങിയാല്‍ ഒരു സൈഡ് വ്യൂ കിട്ടും. അത്ര തന്നെ. എന്തായാലും ഞാന്‍ ധന്യനായി.

അതല്ലേട മൈ…മൈഗുണാപ്പാ… ആ രാകേഷിന്റെ പൂവോ കായോ എന്തൊ കാണുന്നില്ലാന്നു പറഞ്ഞു.

പൂവല്ലട ആന്റൊ, പുസ്തകം..ഈ ബില്‍ഡിങ്ങില്‍ പുസ്തകം വായിക്കുന്ന ഒരുത്തനേയുള്ളു. നമ്മടെ അരുണ്‍.

ശെരിയാ തലോണയ്ക്ക് പൊക്കം പോരാഞ്ഞിട്ട് പുസ്തകം വെച്ചുറങ്ങുന്നോന അവന്‍.

പുസ്തകം അവന്റെ കയ്യില്‍ കാണും. ഞാനവനേ അരുണിന്റെ റൂമിലേക്ക് വിട്ടിട്ടുണ്ട്.

(സനോബര്‍ വരുന്നു. സ്ഥിരമായി കാണാറുള്ള വിശന്നു തളര്‍ന്ന ഭാവം. കാശില്ലാഞ്ഞിട്ടല്ല ബീഫില്ലാഞ്ഞിട്ട് പട്ടിണികിടക്കുന്നവനാ ഇവന്‍ എന്നത് ഇവിടെ സൂചിപ്പിക്കട്ടെ. സനോബറിന്റെ സ്ഥായിയായ ഭാവമാകുന്നു അത്)

ഡാ നീയറിഞ്ഞോ രാകേഷിന്റെ പുസ്തകം അരുണെടുത്ത്. രാകേഷിപ്പൊ അവനേ നോക്കി നടക്കുവാ.

എന്റെ ആന്റൊ ഇയറിയാത്ത കാര്യം പറയരുത്. നിന്നോടാരു പറഞ്ഞ് അവനെടുത്തെന്നു.

അതൊക്കെ ഞാനറിഞ്ഞു…

ആഹാ. അതു ശെരി. അവനാളു കൊള്ളാമല്ലോ

(പുസ്തകം വായിക്കുന്ന വേറെ മൂക്കന്മാരില്ലാത്തതിനാല്‍ മുറിമൂക്കി രാജാവും വലിയ ബുദ്ധിജീവിയെന്നു സ്വയം ചിന്തിക്കുന്നവനുമായ അരുണ്‍ പ്രവേശിക്കുന്നു. ഏതൊ ഒരു ബ്ളൊഗ്ഗറെഴുതിയത് പിടിക്കാത്തതിനു അവനേം ചെളിവാരിയെറിഞ്ഞുള്ള വരവാണു. അല്ലെങ്കില്‍ എഴുതിക്കൂട്ടിയ വിവരമില്ലായ്മയ്ക്ക് ചുട്ട മറുപടി കിട്ടിക്കാണും. ഇതൊന്നുമല്ലേല്‍ കടന്നലു കുത്തിക്കാണും മുഖം വീര്‍ത്തു പണ്ടാരമടങ്ങിയിരിക്കുന്നു.)

എന്നാലും നീ ഇത്തരക്കാരനാണെന്നു കരുതിയില്ലെന്റരുണേ.

എന്താ?

നിനക്കു കിട്ടുന്നതും ദിറം തന്നെയല്ലേ. അതു കൊടുത്തൊന്നു വാങ്ങിയാലെന്താ?

നിനക്കെന്തു പറ്റിയെട സനോബറേ?

എനിക്കൊന്നും പറ്റിയിട്ടില്ല. ആ എഴുത്തുകാരി മയ്യത്തായ അന്നു തൊടങ്ങി നീ അവരേക്കുറിച്ചു പറയുന്നത് കേട്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ അവരുടെ ഒരു പുസ്തകമെങ്കിലും നീ അടിച്ചു മാറ്റുമെന്നു.

ഏതു പുസ്തകം? ആരടിച്ചു മാറ്റി?

നീയാ രാകേഷിന്റെ പുസ്തകമെടുത്തില്ലെ? എന്തൊന്നട ആന്റൊ? മാതളമോ, പരുത്തിപ്പൂവോ എന്തൊ ഒന്നു.

നീര്‍മാതളം പൂത്തപ്പോള്‍?

അതേ അതു തന്നെ. അപ്പൊ ഇവന്‍ തന്നെയാ എടുത്തത്.. കണ്ട പേരു വരേ കൃത്യമായി പറയുന്നു.

(രംഗം വഷളാകുന്നു. മുറിമൂക്കന്റെ മൂക്കിനു തുമ്പില്‍ ആണ്ടെടാ ചുവന്നു തുടുത്തൊരു ഗോളം)

ഞാനൊരു നായിന്റെ മോന്റെം പുസ്തകം കണ്ടില്ല..ഏതവനാ ഇതു പറഞ്ഞത്?

ദേ ഈ ആന്റൊ..

ഡാ ആന്റൊ നീ കണ്ടൊ ഞാന്‍ പുസ്തകമെടുത്തത്?

ഞാനൊന്നും കണ്ടില്ല.. രജീഷാ പറഞ്ഞത് നീ പുസ്തകം എടുത്തു കാണുമെന്നു അല്ലെ രെജീഷേ?

ഞാനങ്ങിനേ പറഞ്ഞിട്ടില്ല, നീ പുസ്തകം വായിക്കുന്ന കൂട്ടത്തിലാന്നു മാത്രമേ പറഞ്ഞുള്ളു.

(ഈ സമയം അക്കോമഡേഷനിലേ 26 മുറികളും കേറിയിറങ്ങി പരിപ്പിളകി രാകേഷ് വരുന്നു)

ഞാനെല്ലാ റുമിലും പോയി ചോദിച്ചേടാ…അരുണെന്റെ പുസ്തകമെടുത്തു, അതു കണ്ടൊന്നു.

കഴുവേറിക്ക മകനേ ഞാനെപ്പൊഴാട നിന്റെ പുസ്തകമെടുത്തത്?

ങേ നിങ്ങളാണൊ അരുണ്‍. എന്റെ പുസ്തകം കണ്ടാരുന്നോ?

ഉവ്വാ. ഞാനത് മോഷ്ടിച്ചു നീ കൊണ്ടു പോയി കേസു കൊടുക്ക് അല്ല പിന്നെ.

ചൂടാവുന്നതെന്തിനു?

എന്നെ ഇവര്‍ കള്ളനെന്നു വിളിച്ചില്ലേ. അതു പോരെ ചൂടാവാന്‍. നിന്റെ പുസ്തകം. കാണുന്ന നിമിഷം ഞാനത് കത്തികും. ആ ചാരം കലക്കിയ വെള്ളത്തില്‍ കുളിച്ചാലെ എന്റെ കലിപ്പടങ്ങൂ.

(കോളിങ് ബെല്‍)

ഡാ ഇതാണൊ നിന്റെ മാതളം.

ഈശ്വരാ..ഇതാരാ കീറിപ്പറിച്ചത്..

പട്ടികള്‍ക്ക് വായിക്കാനറിയില്ലല്ലൊ..കുറച്ചു കടിച്ചു കീറി തിന്നു കഴിഞ്ഞപ്പൊ ബാക്കിയുള്ളത് മാന്തിപ്പറിച്ചു കാണും. പിന്നെ ആ ഫ്ളാറ്റിലേ ചേട്ടന്‍ ആകെ കലിപ്പിലാ. നല്ല ഒന്നാംതരം പട്ടി നിന്റെ മാതളവും തിന്നു കൊക്കീം വയറെളകീം കിടപ്പുണ്ട്. അയാളു കേസു കൊടുക്കുന്നതിനു മുന്പ് പോയി സമരിയാക്കിക്കോ.

എന്റമ്മേ

ദുഷ്ടാ കാലമാടാ നിനക്കതു തന്നെ വേണമെട..

“വെറുമൊരു വായനക്കരാനയോരെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ.”

കള്ളന്‍മാരാകാതിരിക്കാന്‍ വായിക്കാതിരിക്കൂ. ശുഭം.

Read Full Post »