Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘കവിത’ Category

തിരികെ ഒഴുകുന്ന കടല്‍

നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍…
ഈ വരികള്‍ മടുത്തുപോയി…

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്…
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു…

Thou art the sea,
I flow down to which.
Nor did you flow back.
Yet,
On a day
It breaks the conventional
And,
By a power unknown
Thou shall flow back to me

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്…

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?

Advertisements

Read Full Post »

എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട…
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?

വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്‍ത്താവിനുമിടയില്‍
ആളിയമര്‍ന്നൊരു പെണ്‍ തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന്‍ കുലിപ്പണിക്കാരന്‍,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,

ഇതെല്ലാം നീ തന്നെ…
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ…
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്‍
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?

Read Full Post »

ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്

അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്

Read Full Post »

ഓര്‍മ്മകള്‍

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

 
നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്…

 
ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്…

 
കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര്‍ വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍…

 
ഇന്നു…

ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.

 
ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

 
ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും…

 

 

 

 

 

 

Read Full Post »

മരവിച്ചു പോയവനെയും
തുളയ്ക്കുന്ന തണുപ്പില്‍
മാംസം പൂക്കുന്ന മണത്തിനൊപ്പം
കൊഴിഞ്ഞു വീഴുന്ന
അസ്ഥിയില്‍ മൊട്ടിട്ട
ശവം നാറി പൂവുകള്‍

കുടുസ്സുമുറിയുടെ നീലവെളിച്ചത്തിനു
കാവലിരിക്കുന്നൊരാള്‍
ജീവനും മരണത്തിനുമിടയില്‍
ഉറക്കം മുറിഞ്ഞ
ഇരട്ടക്കണ്ണുമായ്

ചങ്കുപൊട്ടിയൊരോട്ടയില്‍
മരണത്തിന്റെ ചൂളം വിളിയും
നെറ്റിയില്‍ താപത്തിന്റെ
ചുവന്ന കണ്ണുമായ്
നീട്ടിയ കയ്യില്‍ അറ്റ ചേതനയും പേറി
പാഞ്ഞു പോയൊരു
തകര വണ്ടി

തലയോട്ടിയുടഞ്ഞൊരുണക്ക മരത്തില്‍
പച്ചില കുരുക്കാത്ത കറുത്ത കൊമ്പില്‍
തൂങ്ങിയാടുന്ന കൂമന്റെ മൂളലും

അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള്‍ കാത്തു കിടക്കുകയാണു
ജന്മം കൊണ്ട് പതിച്ചു കിട്ടിയ
ആറടി മണ്ണിനോ
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ

Read Full Post »

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?

നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.

വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.

വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക…

Read Full Post »

കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.

കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു

മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.

 പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.

കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.


[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

Read Full Post »

Older Posts »