Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for the ‘കഥ’ Category

ജൂഡാസ് ഗെത്സെമെനില്‍ എത്തുമ്പോള്‍, കേപ്പായും കൂട്ടരും നല്ല ഉറക്കത്തിലായിരുന്നു. ഒരു പാറക്കല്ലിനു മുകളില്‍ തലചായ്ച്ചു വെച്ചുറങ്ങുകയായിരുന്ന കേപ്പായെ അയാള്‍ തട്ടി വിളിച്ചു.

“കേപ്പാ..കേപ്പാ​‍ാ​‍ാ”

ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കേപ്പാ, ജൂഡാസിനെ സൂക്ഷിച്ചു നോക്കി.

“ഇതു ഞാനാണു, ജൂഡാ…. ഗുരു….?

“മുകളിലേക്ക് കേറിപ്പോയി, പ്രാര്‍ത്ഥിക്കാന്‍…നീയെവിടെയായിരുന്നു ഇത്രനേരം?…പെസ്സഹായ്ക്കിടയില്‍ നീയെങ്ങോട്ടാണിറങ്ങിപ്പോയത്?

“ഞാന്‍..ഒരിടം വരെ”

“ഉം…” കൂടുതല്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ കേപ്പയുടെ കണ്ണുകളില്‍ പതിയിരുന്ന ഉറക്കത്തിനു അയാള്‍ കീഴടങ്ങി.

ജൂഡാസ് ചിന്താമഗ്നനായി, അടുത്ത് കണ്‍ട പൈന്‍ മരച്ചോട്ടിലിരുന്നു. അയാളുടെ അരയിലിരുന്ന വെള്ളിക്കാശു സഞ്ചി കിലുങ്ങിയമര്‍ന്നു. ആ നാണയങ്ങളുടെ കിലുക്കം അയാളെ അസ്വസ്ഥനാക്കി. ഒന്നും വേണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനയില്‍ പുരോഹിതന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെങ്കിലും, അന്നേരം തോന്നിയ യുക്തിയും കാരണങ്ങളും ഇപ്പോള്‍ അയാളുടെ ഒപ്പം നില്‍ക്കുന്നില്ല. തന്റെ ചിന്തകള്‍ പോലും ഇപ്പോള്‍ തന്നെ ഒറ്റപ്പേടുത്തുകയാണു. “എങ്ങിനെയാണു ഗുരുവിനു മുന്നില്‍ ഒരൊറ്റുകാരനെപ്പോലെ നില്‍ക്കുവാന്‍ കഴിയുന്നത്?”. വിചാരിച്ചത്ര എളുപ്പം അതിനു തനിക്കു കഴിയില്ല എന്നിപ്പോള്‍ തോന്നുന്നു. ഇല്ല തനിക്കതിനു കഴിയില്ല. പുരോഹിത പ്രമാണിയും കൂട്ടരും ഇപ്പോള്‍ ഉറങ്ങിക്കാണില്ല. അവര്‍ക്കിന്നു ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല. കുരുക്കിനുള്ളില്‍ ഇര വന്നു വീഴുന്നത് വരെ കണ്ണിമ വെട്ടാത്ത വേടനെപ്പോലെ അവരീ രാവിനു മുഴുവന്‍ കാവലിരിക്കും. തന്നെക്കോണ്‍ടിതിനു കഴിയില്ല എന്നു പറഞ്ഞ് ഈ പണക്കിഴി അവരുടെ മുന്നിലേക്കെറിയണം. ജൂഡാസ് കുന്നിറങ്ങി പുരോഹിതപ്രമാണിയുടെ വീട്ടിലേക്കു നടന്നു.

വിചാരിച്ചതു പോലെ തന്നെ. പ്രമാണിയുടെ വീട്ടില്‍ വെളിച്ചമണഞ്ഞിട്ടില്ല.

“ആരാണത്?” കാവല്‍ക്കാരന്‍.

“ഞാന്‍.., ജൂഡാ..എനിക്ക്..”

“ഊം…എന്താ കാര്യം..ഈ പാതിരാത്രിക്ക്, ങ്ഹേ!?”

“അത്..എനിക്ക് പ്രമാണിയെ ഒന്നു കാണണമായിരുന്നു.”

“ഈ അസമയത്തൊ..നാളെ രാവിലെ വരു..ങും”

“പ്രമാണിയെക്കാണേണ്‍ട അത്യാവശ്യമുണ്ടായിരുന്നു”

“എന്തായാലും, ഇന്നിനി പറ്റില്ല. ആരെയും അകത്തേക്ക് കയറ്റി വിടരുത് എന്നാണു പറഞ്ഞിരിക്കുന്നത്”

“ജൂഡയാണു വന്നിരിക്കുന്നതെന്നു പറയൂ”

“ജൂഡയാണെങ്കില്‍, ഒട്ടുംതന്നെ കടത്തി വിടേണ്‍ട എന്നും പറഞ്ഞിട്ടുണ്‍ട്”

അയാള്‍ തിരികെ നടന്നു. ഇതു തന്റെ വിധിയാണു. സ്വയം വരുത്തി വെച്ചത്. പണത്തിനോട് മാത്രമെന്തേ ഇങ്ങനെയൊരടുപ്പം?. ജൂഡാസ് തിരികെ ഗെത്സെമെനിലെത്തുമ്പോള്‍, അവര്‍ ഉണര്‍ന്നിരുന്നില്ല. അയാള്‍ കുന്നിനു മുകളിലേക്ക് കയറാന്‍ തുടങ്ങി. ഗുരുവിനെ നേരിട്ട് കാണണം. മാപ്പ് പറയണം. എന്നിട്ട്, പ്രമാണിയുടെ ആളുകള്‍ തന്നെയന്വേഷിച്ചെത്തും മുന്‍പ് പോകാവുന്നതനിപ്പുറത്തേക്ക് പോകണം.

അയാള്‍ മുകളില്‍ ചെല്ലുമ്പോള്‍, യേശു പ്രാര്‍ത്ഥിച്ചു കൊണ്‍ടിരിക്കുകയായിരുന്നു. എന്ത് ചെയ്യണം? അരികില്‍ ചെന്നു വിളിച്ചാലോ. ഏതു വിധേനയോ സംഭരിച്ച് വെച്ച ധൈര്യം എങ്ങൊ പോയ്മറഞ്ഞിരിക്കുന്നു. ജൂഡാ ഒരു മരത്തിനു പിന്നില്‍ പുറം തിരിഞ്ഞു നിന്നു. അയാളുടെ കണ്ണുകളില്‍ ഭയമോ, കുറ്റബോധമോ നിറച്ച കണ്ണുനീര്‍ത്തുള്ളികള്‍. എത്രനേരം അങ്ങിനെ ഇരുന്നു കാണും എന്നറിഞ്ഞ് കൂടാ. പരിചിതമായ ആ ശബ്ദം കേട്ട് അയാള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി.

യേശു.

“ജൂഡാ”

“ഗുരൊ… വീഞ്ഞില്‍ മുക്കിയൊരപ്പവും കൊണ്ട് നീ എന്തിനാണെന്നെ ഈ വിധിക്ക് ഒറ്റുകൊടുത്തത്?…”

“ഹ് ഉം, ജൂഡാ വരൂ..” യേശു മന്ദഹസിച്ചുകൊണ്‍ട് ജൂഡാസിന്റെ തോളില്‍ കയ്യിട്ടു. അവര്‍ ഒരുമിച്ച് താഴേക്കിറങ്ങി.

“നിന്റെ വിധിയെന്ത് എന്നും, നിനക്കെന്ത് തോന്നുന്നുവെന്നും എനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം…എന്നെ കാണിച്ചു കൊടുക്കാന്‍ വിധിക്കപ്പെട്ടവന്റെ അരക്കെട്ടില്‍ എന്നുമിങ്ങനെ ഒരു പണസഞ്ചി ഞാന്നു കിടക്കും. നീയായിട്ട് അതു തുടങ്ങിയെന്നു മാത്രം. കാലകാലങ്ങളോളം, എന്റെയടുത്തേക്ക് വരുന്നവനു മുന്നിലേക്ക് നീണ്‍ടു വരുന്ന കരങ്ങള്‍ ഞാന്‍ കാണുന്നു ജൂഡാസ്…അതില്‍ വീഴുന്ന നാണയത്തുട്ടുകളും”

“നീ പറയുന്നതൊന്നും എനിക്കു മനസിലാവുന്നില്ല. എന്റെ മനസു തിളച്ചു മറിയുകയാണ്. എന്നെക്കൊണ്ടിതിനു കഴിയില്ല. നിന്നെക്കണ്ടു യാത്ര പറയാനിറങ്ങിയതാണു ഞാന്‍.

“നിനക്കതിനു കഴിയണം ജൂഡാ…സ്കറിയായുടെ മകന്‍ ഒറ്റിക്കൊടുത്തില്ലെങ്കില്‍, എന്റെ വഴികളിവിടെ അപൂര്‍ണ്ണമായിക്കിടക്കും. നീ പൊയ്ക്കോളൂ, ഇപ്പൊഴല്ല, എന്നെയവര്‍ക്ക് കാണിച്ചു കൊടുത്തിട്ട്.”

“ഗുരോ…” അയാളുടെ കണ്ണുനീര്‍ കരച്ചിലും പൊട്ടിക്കരച്ചിലുമായൊഴുകി. യേശു അയാളെ ചേര്‍ത്തു പിടിച്ചു.

കുന്നിനു താഴേക്കുള്ള വഴിയില്‍ പന്തങ്ങളുടെ തിരയാട്ടം.

“ജൂഡാ..അവര്‍ വരുന്നുണ്‍ട്. എന്നോടൊപ്പം നിന്നെയവര്‍ കാണേണ്‍ട പൊയ്ക്കോളൂ..ഞാന്‍ നേരത്തെ പ്രാര്‍ത്ഥിച്ചു കൊണ്‍ടിരുന്നിടത്തു തന്നെ കാണും. അവരെക്കൂട്ടി അങ്ങോട്ടു വന്നാല്‍ മതി.”

യേശു തിരികെ കുന്നിലേക്ക് തന്നെ കയറി. കേപ്പായും കൂട്ടരും ഇപ്പൊഴും ഉറങ്ങുകയാണു. ജൂഡാ കണ്ണുകള്‍ തുടച്ച് ഒട്ടൊരു ഗദ്ഗദത്തോടെ താഴേ നിന്നു കയറി വരുന്ന പന്തങ്ങളുടെ കൂട്ടത്തില്‍ ലയിച്ചു.

“എവിടെ അവന്‍?”

ബഹളം കേട്ട് കേപ്പായും കൂട്ടരുമുണര്‍ന്നു. ആള്‍ക്കൂട്ടത്തെ കണ്ടു ഭയന്ന അവര്‍ യേശുവിന്റെയടുത്തേക്കോടി.

“ജൂഡാ..എവിടെ യേശു?”

“ബഹളം വെക്കണ്‍ട. തന്ന കാശിനുള്ള ജോലി ജൂഡാ ചെയ്യുമെന്നെ പ്രമാണിക്കറിയാം. ഈ ആക്രോശമൊന്നും എന്റെയടുത്തു വേണ്‍ട”

ജൂഡായുടെ ശബ്ദത്തിനടിയിലൂടെ ആ ബഹളം ഒലിച്ചില്ലാതായി. ജൂഡാസ് മുന്നില്‍ നടന്നു, പിന്നിലായ് പ്രമാണിയുടെ ആളുകളും. യേശുവിരിക്കുന്നിടത്ത് അവരെത്തിയപ്പോള്‍, യേശു അവരെ നോക്കി പുഞ്ചിരിച്ചു. ജൂഡാസിനെ സ്നേഹപൂര്‍വ്വം നോക്കി. ജൂഡാസിന്റെ ഹൃദയം ഞെരിഞ്ഞമരുകയായിരുന്നു. അത് യേശുവറിഞ്ഞു.

ജൂഡാസ് വിറയാര്‍ന്ന കാലടികള്‍ വെച്ച് യേശുവിനടുത്തേക്ക് നടന്നു. രണ്‍ട് സമുദ്രങ്ങളവിടെ ആര്‍ത്തലച്ചു നിന്നു, യേശുവിന്റെ സ്നേഹവും, ജൂഡായുടെ ദുഃഖവും. അയാള്‍ യേശുവിനെ ഇറുകെപ്പുണര്‍ന്നു. ആ കവിളുകളില്‍ തെരു തെരെ ചുംബിച്ചു.

“ജൂഡാ ഒരു ചുംബനം കൊണ്‍ടെന്നെ നീ കാണിച്ചു കൊടുത്തല്ലൊ, എനിക്കിതു മതി. ഒരപരിചിതനെപ്പോലെ നീയെന്നെ വിരല്‍ ചൂണ്ടിക്കാണിച്ചു കൊടു ക്കരുതേ എന്നു മാത്രമെ ഞാനാഗ്രഹിച്ചിരുന്നുള്ളു.”

അവര്‍ കുറച്ചു നേരം അങ്ങിനെ തന്നെ പുണര്‍ന്നു കൊണ്‍ട് നിന്നു. പിന്നെ ജൂഡാസിന്റെ കണ്ണുകളില്‍ തങ്ങിനിന്ന തുള്ളികള്‍ തുടച്ച് കളഞ്ഞു, യേശു പ്രമാണികളുടെ ആളുകളോടൊപ്പം നടന്നകന്നു. തളര്‍ന്ന മനസും ശരീരവുമായി ജൂഡാസ് പാറമുകളിലിരുന്നു. ഇടയ്ക്കേപ്പൊഴോ യേശു ജൂഡാസിനെ തിരിഞ്ഞു നോക്കി, സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ. ആ പുഞ്ചിരി ജൂഡാസിന്റെ നിറമിഴികളില്‍ മങ്ങി മെല്ലെ മറഞ്ഞുപോയി. പിന്നെ ആ പാറയില്‍ തലചേര്‍ത്തു വെച്ച് അയാള്‍ പൊട്ടിക്കരഞ്ഞു.

Advertisements

Read Full Post »

വെറുമൊരു വായനക്കാരനായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ?

ആന്റോ നീ ആ നീര്‍മാതളം കണ്ടൊ?

എന്ത്? ഒന്നു പോടാപ്പ, അടിപ്പന്‍ ഫിലിപ്പീനി പഴമിരിക്കുന്നു എന്റെ ഷെല്ഫില്‍, പിന്നെ ഒണക്ക മുന്തിരീം, അപ്പൊഴാ നിന്റെ ഒരു നീര്‍മാതളം.

അതല്ലെടാ എന്റെ മാധവിക്കുട്ടി?

ഗള്‍ഫിലേക്ക് വണ്ടികേറിപ്പോന്നപ്പൊളോര്‍ത്തില്ലെ അവളുടെ കാര്യം, എടാ പ്രേമിച്ചാല്‍ മാത്രം പോരാ, സംരക്ഷിക്കാനും പഠിക്കണം?

എടാ പണ്ടാരന്മേ എന്റെ പുസ്തകം?

അതിനിടയ്ക്ക് നീ പുസ്തവുമെഴുതിയോ, ശ്ശെടാ ഭീകരാ!

നിന്നെ ഞാന്‍ വെട്ടി തുണ്ടമാക്കുന്നതിനു മുന്പു മര്യാദയ്ക്ക് പറഞ്ഞോ, ഞാനിന്നലേ വാങ്ങി ഇവിടെ വെച്ചിരുന്ന പുസ്തകം നീര്‍മാതളം പൂത്തപ്പോള്‍ നീ കണ്ടൊ?

ഉവ്വാ, ഇനി കണ്ടാലും ഞാനെടുത്തേനെ, ഒന്നു പോടാ. നാട്ടിലാരുന്നെ, ആക്രിക്കാര്‍ക്കു കൊടുത്തെങ്കിലും ഒരു തീപ്പട്ടിക്കുള്ള കാശുണ്ടാകാമയിരുന്നു. അവന്റെയൊരു പൊത്തകം.

ഞാനീ റാക്കിനു മുകളില്‍ വെച്ചത് നല്ലോര്‍മ്മയുണ്ട്.

ആണൊ എനിക്കോര്‍മ്മയില്ല. അല്ലെങ്കിലാ ഈ തോളില്‍ സഞ്ചിയിട്ടവന്മാരെ കാണുന്നതേ എനിക്ക് കലിപ്പാണു.. നീ വേറെ പണിനോക്ക്.

എന്നാലും ആരെടുത്തത്?

രാകേഷേ, നീ ഒന്നു മിണ്ടാതെ പൊയ്ക്കെ, ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തൊടങ്ങി നമ്മടെ ചരക്കുകള്‍ ഇപ്പൊ പാടാന്‍ വരും. എന്നെ വെറുതേ നീ ശല്യപ്പേടുത്തല്ലെ.

നാശം.

ആരു? പെമ്പിള്ളാരോ. അടിച്ചു നിന്റെ പല്ലു ഞാന്‍ താഴെയിടും.

(രാകേഷ് പുറത്തേക്ക് പോകുന്നു. യോഗ്വീരന്‍ രജീഷ് കരുതലൈ കടന്നു വരുന്നു)

ആന്റൊ, അവളിന്നു സ്ളീവ്ലെസ്സാണൊ, നമ്മുടെ രഞ്ചുമോള്‍?

ശവാസനത്തിലെങ്കിലും നല്ല ചിന്തയില്‍ കെടക്കെട ശവമേ. അതു പോട്ടേ നീ കണ്ടൊ?

ഹേയ്, ഒന്നും കണ്ടില്ലട കാറ്റു വന്നു തുണി നീങ്ങിയാല്‍ ഒരു സൈഡ് വ്യൂ കിട്ടും. അത്ര തന്നെ. എന്തായാലും ഞാന്‍ ധന്യനായി.

അതല്ലേട മൈ…മൈഗുണാപ്പാ… ആ രാകേഷിന്റെ പൂവോ കായോ എന്തൊ കാണുന്നില്ലാന്നു പറഞ്ഞു.

പൂവല്ലട ആന്റൊ, പുസ്തകം..ഈ ബില്‍ഡിങ്ങില്‍ പുസ്തകം വായിക്കുന്ന ഒരുത്തനേയുള്ളു. നമ്മടെ അരുണ്‍.

ശെരിയാ തലോണയ്ക്ക് പൊക്കം പോരാഞ്ഞിട്ട് പുസ്തകം വെച്ചുറങ്ങുന്നോന അവന്‍.

പുസ്തകം അവന്റെ കയ്യില്‍ കാണും. ഞാനവനേ അരുണിന്റെ റൂമിലേക്ക് വിട്ടിട്ടുണ്ട്.

(സനോബര്‍ വരുന്നു. സ്ഥിരമായി കാണാറുള്ള വിശന്നു തളര്‍ന്ന ഭാവം. കാശില്ലാഞ്ഞിട്ടല്ല ബീഫില്ലാഞ്ഞിട്ട് പട്ടിണികിടക്കുന്നവനാ ഇവന്‍ എന്നത് ഇവിടെ സൂചിപ്പിക്കട്ടെ. സനോബറിന്റെ സ്ഥായിയായ ഭാവമാകുന്നു അത്)

ഡാ നീയറിഞ്ഞോ രാകേഷിന്റെ പുസ്തകം അരുണെടുത്ത്. രാകേഷിപ്പൊ അവനേ നോക്കി നടക്കുവാ.

എന്റെ ആന്റൊ ഇയറിയാത്ത കാര്യം പറയരുത്. നിന്നോടാരു പറഞ്ഞ് അവനെടുത്തെന്നു.

അതൊക്കെ ഞാനറിഞ്ഞു…

ആഹാ. അതു ശെരി. അവനാളു കൊള്ളാമല്ലോ

(പുസ്തകം വായിക്കുന്ന വേറെ മൂക്കന്മാരില്ലാത്തതിനാല്‍ മുറിമൂക്കി രാജാവും വലിയ ബുദ്ധിജീവിയെന്നു സ്വയം ചിന്തിക്കുന്നവനുമായ അരുണ്‍ പ്രവേശിക്കുന്നു. ഏതൊ ഒരു ബ്ളൊഗ്ഗറെഴുതിയത് പിടിക്കാത്തതിനു അവനേം ചെളിവാരിയെറിഞ്ഞുള്ള വരവാണു. അല്ലെങ്കില്‍ എഴുതിക്കൂട്ടിയ വിവരമില്ലായ്മയ്ക്ക് ചുട്ട മറുപടി കിട്ടിക്കാണും. ഇതൊന്നുമല്ലേല്‍ കടന്നലു കുത്തിക്കാണും മുഖം വീര്‍ത്തു പണ്ടാരമടങ്ങിയിരിക്കുന്നു.)

എന്നാലും നീ ഇത്തരക്കാരനാണെന്നു കരുതിയില്ലെന്റരുണേ.

എന്താ?

നിനക്കു കിട്ടുന്നതും ദിറം തന്നെയല്ലേ. അതു കൊടുത്തൊന്നു വാങ്ങിയാലെന്താ?

നിനക്കെന്തു പറ്റിയെട സനോബറേ?

എനിക്കൊന്നും പറ്റിയിട്ടില്ല. ആ എഴുത്തുകാരി മയ്യത്തായ അന്നു തൊടങ്ങി നീ അവരേക്കുറിച്ചു പറയുന്നത് കേട്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ അവരുടെ ഒരു പുസ്തകമെങ്കിലും നീ അടിച്ചു മാറ്റുമെന്നു.

ഏതു പുസ്തകം? ആരടിച്ചു മാറ്റി?

നീയാ രാകേഷിന്റെ പുസ്തകമെടുത്തില്ലെ? എന്തൊന്നട ആന്റൊ? മാതളമോ, പരുത്തിപ്പൂവോ എന്തൊ ഒന്നു.

നീര്‍മാതളം പൂത്തപ്പോള്‍?

അതേ അതു തന്നെ. അപ്പൊ ഇവന്‍ തന്നെയാ എടുത്തത്.. കണ്ട പേരു വരേ കൃത്യമായി പറയുന്നു.

(രംഗം വഷളാകുന്നു. മുറിമൂക്കന്റെ മൂക്കിനു തുമ്പില്‍ ആണ്ടെടാ ചുവന്നു തുടുത്തൊരു ഗോളം)

ഞാനൊരു നായിന്റെ മോന്റെം പുസ്തകം കണ്ടില്ല..ഏതവനാ ഇതു പറഞ്ഞത്?

ദേ ഈ ആന്റൊ..

ഡാ ആന്റൊ നീ കണ്ടൊ ഞാന്‍ പുസ്തകമെടുത്തത്?

ഞാനൊന്നും കണ്ടില്ല.. രജീഷാ പറഞ്ഞത് നീ പുസ്തകം എടുത്തു കാണുമെന്നു അല്ലെ രെജീഷേ?

ഞാനങ്ങിനേ പറഞ്ഞിട്ടില്ല, നീ പുസ്തകം വായിക്കുന്ന കൂട്ടത്തിലാന്നു മാത്രമേ പറഞ്ഞുള്ളു.

(ഈ സമയം അക്കോമഡേഷനിലേ 26 മുറികളും കേറിയിറങ്ങി പരിപ്പിളകി രാകേഷ് വരുന്നു)

ഞാനെല്ലാ റുമിലും പോയി ചോദിച്ചേടാ…അരുണെന്റെ പുസ്തകമെടുത്തു, അതു കണ്ടൊന്നു.

കഴുവേറിക്ക മകനേ ഞാനെപ്പൊഴാട നിന്റെ പുസ്തകമെടുത്തത്?

ങേ നിങ്ങളാണൊ അരുണ്‍. എന്റെ പുസ്തകം കണ്ടാരുന്നോ?

ഉവ്വാ. ഞാനത് മോഷ്ടിച്ചു നീ കൊണ്ടു പോയി കേസു കൊടുക്ക് അല്ല പിന്നെ.

ചൂടാവുന്നതെന്തിനു?

എന്നെ ഇവര്‍ കള്ളനെന്നു വിളിച്ചില്ലേ. അതു പോരെ ചൂടാവാന്‍. നിന്റെ പുസ്തകം. കാണുന്ന നിമിഷം ഞാനത് കത്തികും. ആ ചാരം കലക്കിയ വെള്ളത്തില്‍ കുളിച്ചാലെ എന്റെ കലിപ്പടങ്ങൂ.

(കോളിങ് ബെല്‍)

ഡാ ഇതാണൊ നിന്റെ മാതളം.

ഈശ്വരാ..ഇതാരാ കീറിപ്പറിച്ചത്..

പട്ടികള്‍ക്ക് വായിക്കാനറിയില്ലല്ലൊ..കുറച്ചു കടിച്ചു കീറി തിന്നു കഴിഞ്ഞപ്പൊ ബാക്കിയുള്ളത് മാന്തിപ്പറിച്ചു കാണും. പിന്നെ ആ ഫ്ളാറ്റിലേ ചേട്ടന്‍ ആകെ കലിപ്പിലാ. നല്ല ഒന്നാംതരം പട്ടി നിന്റെ മാതളവും തിന്നു കൊക്കീം വയറെളകീം കിടപ്പുണ്ട്. അയാളു കേസു കൊടുക്കുന്നതിനു മുന്പ് പോയി സമരിയാക്കിക്കോ.

എന്റമ്മേ

ദുഷ്ടാ കാലമാടാ നിനക്കതു തന്നെ വേണമെട..

“വെറുമൊരു വായനക്കരാനയോരെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലേ.”

കള്ളന്‍മാരാകാതിരിക്കാന്‍ വായിക്കാതിരിക്കൂ. ശുഭം.

Read Full Post »

ആ രാത്രി നിലാവു വീണു നരച്ചിരുന്നു. ബറാബസ് കിതച്ചു കൊണ്ട് വയല്‍ വരമ്പിലൂടെ ഓടി. പിറകില്‍ ഉയര്‍ന്നിരുന്ന ആരവം ഇപ്പോള്‍ കേള്‍ക്കുന്നില്ല. കല്ലുകള്‍ തനിക്കു മുന്നേ ചീറിപ്പായുന്നുമില്ല. എങ്കിലും അയാള്‍ക്ക് ഓടാതിരിക്കാന്‍ തോന്നിയില്ല. മരണം ഒരു വേട്ടനായയേപ്പോളെ പിറകിലുണ്ടെന്നു അയാള്‍ക്ക് തോന്നി. നാവു പുറത്തേക്കിട്ടു അതു കിതയ്ക്കുകയാണു, തന്റെ ഹൃദയമിടിപ്പിനെ അലോസരപ്പേടുത്തിക്കൊണ്ട്. കോതമ്പു വയല്‍ കൊയ്തൊഴിഞ്ഞിരിക്കുന്നു. കൂര്‍ത്തു നിലക്കുന്ന കതിരുകുറ്റികളില്‍ തടഞ്ഞ് അയാളുടെ കാലുകള്‍ കീറി.

ദൂരേ റാന്തലിന്റെ അരണ്ട വെളിച്ചം. അതു മാഗദലിന്‍ മറിയായുടെ വീടാണു. രാത്രി മുഴുവന്‍ മുനിഞ്ഞു കത്തുന്ന റാന്തല്‍ അവളുടെ കോലയില്‍ മാത്രമേ കാണു. വേട്ടനായയുടെ കിതപ്പെവിടെയോ ഒതുങ്ങിയിരിക്കുന്നു. അയാളുടെ കാലുകള്‍ വേച്ചു തുടങ്ങി.

മറിയാ വാതില്‍ തുറന്നു.

“ബറാബസ്..നീ”

അയാളുടെ മുഖവും കാലുകളും ചോരയും പൊടിയും വിയര്‍പ്പും കലര്‍ന്നു വിരൂപമായിരിക്കുന്നു. മറിയാ റാന്തലിന്റെ തിരിയുയര്‍ത്തി. റാന്തലിന്റെ വെട്ടം മങ്ങുന്നത് പോലേ. അയാളുടെ പ്രജ്ഞയിലേ നിലാവ് അണഞ്ഞു തുടങ്ങിയിരുന്നു.

തലകനക്കുന്നു എന്നു തോന്നിയ ഏതൊ ഒരു നിമിഷത്തില്‍ അയാള്‍ കണ്ണുകള്‍ തുറന്നു. മറിയായുടെ കൈകളില്‍ മഞുതുള്ളിയായിരുന്നോ? നീറുന്ന ഹൃദയത്ത്തിനു മുകലില്‍ വീണ മഞ്ഞു തുള്ളി പോലേ. അവള്‍ പതിയേ ചിരിച്ചു.

“എങ്ങിനേ ഇവിടെ എത്തി എന്നു ഞാന്‍ ചോദിക്കുന്നില്ല. ഈ വഴി നിനക്കപരിചിതമല്ലല്ലോ. പക്ഷേ ഇങ്ങനേ ഈ രൂപത്തില്‍… എന്താ ബറാബാസ്, നിന്റെ വിപ്ളവം നിന്നെ തുലച്ചു തുടങ്ങിയോ?”

“വേശ്യയുടെ വായില്‍ വേദാന്തം വേണ്ട”

“ഹും ഇനി എന്നെ അങ്ങിനേ വിളിക്കില്ല എന്ന വാക്കും നീ മറന്നു”

ബറാബസ് വേച്ചു ചെന്നു ജനലഴികളില്‍ പിടിച്ചു. പുറത്ത് വെയില്‍ വീണു തുടങ്ങിയിട്ടില്ല. സ്കറിയായുടെ തൂങ്ങിയാടുന്ന ശരീരം. പുറത്തേക്കു തള്ളിയ കണ്ണുകളില്‍ ആര്‍ത്തിപൂണ്ടു കൊത്തിയിരുന്ന കഴുകന്‍. ഒരു ദുസ്വപ്നത്തിന്റെ അലയൊലി പോലെ ആ രംഗം അയാളുടെ ചിന്തകളേ ചൂഴ്ന്നു നിന്നു.

“ആരാ നിന്നെ കല്ലെറിയാന്‍ വന്നത്, യൂദന്മാരോ അതൊ നസ്രായന്റെ ആളുകളോ?” മറിയായുടെ കുത്തുവാക്കുകള്‍ തുടരുകയാണു.”എന്തായാലും ആവശ്യത്തിനു ശത്രുക്കളുണ്ടല്ലോ കള്ളനെന്ന പേരും”.

“ഈ പുലയാട്ടൊന്നു നിര്‍ത്താമോ”

മറിയാ അകത്തേക്കു പോയി.

പീലാത്തോസിന്റെ മുമ്പില്‍ വെച്ചു ചോരയില്‍ കുതിര്‍ന്നു നിന്ന ആ മനുഷ്യന്‍ ചെറിയൊരു പുഞ്ചിരിയോടെ തന്നെ ജീവിതത്തിലേക്ക് യാത്രയാക്കി. മറുത്തൊന്നു ചിരിക്കുക പോലും ചെയ്യാതെ അയാളെ താന്‍ മരണത്തിലേക്കും. തന്നോടു സ്നേഹമുള്ളതു കൊണ്ടല്ല” ബറാബസിനെ വിട്ടു തരണ”മെന്നു അവര്‍ മുറകൂട്ടിയത്. അത് ബറാബസിനു നന്നായറിയാം. മരണം ഇതല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തന്റെ പിന്നാലെ തന്നെയുണ്ട്. കുരുക്കുണ്ടാക്കുന്നത് സീസറോ, വലിയ പുരോഹിതനോ എന്നു മാത്രമേ ശങ്കിക്കേണ്ടതുള്ളു. സ്കറിയായുടെ ശവം കുഴിച്ചിട്ടു തിരിഞ്ഞു നടക്കുമ്പോള്‍ അവിടെ കൂടിനിന്നവര്‍ മുറുമുറുത്തതെന്ത് എന്നു താന്‍ ചിന്തിച്ചില്ല. ആ മുറുമുറുപ്പ് ഒരാരവമായിത്തുടങ്ങുമ്പൊഴേക്കും ആദ്യത്തെ കല്ലു തന്റെ നെറ്റി പൊളിച്ചിരുന്നു. ജീവനും കയ്യില്‍ പിടിച്ച് ഓടുമ്പോള്‍ മറിയായുടെ വീട്ടിലേക്കുള്ള വഴിയല്ലാതേ മറ്റൊന്നും അയാള്‍ ഓര്‍ത്തില്ല. കുത്തു വാക്കു പറയുമെങ്കിലും മറിയാ തന്നെ ഒറ്റു കൊടുക്കില്ല. അക്കര്യത്തില്‍ അയാള്‍ക്കുറപ്പുണ്ട്.

അകത്ത് പാത്രങ്ങളുടെ ശബ്ദം. മറിയാ അടുക്കളയിലാണു. അയാള്‍ മുറ്റത്തേക്കിറങ്ങി.

ഉള്ളവനെന്നും ഉയരത്തില്‍ നിന്നുമുയരത്തിലേക്കും ഇല്ലാത്തവനെന്നും ഇല്ലായ്മയില്‍ നിന്നും ഇല്ലായ്മയിലേക്കും നീങ്ങിക്കൊണ്ടിരുന്ന സമുദായത്തേ അയാള്‍ വെറുത്തിരുന്നു. അങ്ങിനെയാണു സ്കറിയായുടെ കൂടെ അയാള്‍ രാത്രി യോഗങ്ങളില്‍ പോയിത്തുടങ്ങിയത്. പിന്നീടെപ്പൊഴോ നസ്രായനായ മരപ്പണിക്കാരന്റെ പേരു ഇടയ്ക്കും തലയ്ക്കും കേട്ടു തുടങ്ങി. അയാള്‍ വിപ്ളവം പരസ്യമായി പ്രസംഗിക്കുന്നു. കാണണമെന്നു തോന്നി. കഴിഞ്ഞിരുന്നില്ല. ബറാബസിന്റെ നീക്കങ്ങള്‍ ഇരുട്ടത്തും അയാളുടേതു വെളിച്ചത്തും. വെളിച്ചത്തിന്റെ മാറില്‍ കുതിച്ചു പോയിരുന്ന റോമന്‍ കുതിരകളുടെ കുളമ്പടിയേയും മഹാപുരോഹിതന്റെ ആളുകളേയും താന്‍ ഭയന്നു. ഇരുട്ടില്‍ തുടങ്ങി ഇരുട്ടില്‍ തീരന്ന സമരങ്ങള്‍. അയാള്‍ക്കതിനോടു മതിപ്പു കുറഞ്ഞു തുടങ്ങിയ നാളുകളില്‍ സ്കറിയായോടൊപ്പം നസ്രായനെ തേടി ചെന്നു. ചത്തു മലച്ചു കിടക്കുന്നവന്റെ അരക്കെട്ടില്‍ നാണയസഞ്ചിക്കായി പരതുന്ന സ്കറിയോത്തായേ വിളിച്ചിട്ടും തന്നെ വിളിച്ചില്ല. മലമുകളില്‍ നിന്നു വന്ന ആ ശബ്ദം മാത്രമേ അന്നും താന്‍ കേട്ടിട്ടുള്ളു. ജോര്‍ദ്ദാനില്‍ നിന്നു വീശിയ കാറ്റു ഒരു പക്ഷെ തന്റെ പേരും അപഹരിച്ചു പോയിക്കാണും. വീണ്ടും ഇരുട്ടിലേക്കു ബറാബാസ്‌ തിരിച്ചു നടന്നു. സ്കറിയായെ പിന്നീടയാള്‍ കണ്ടില്ല. അവന്റെ അനിയത്തിയുടെ കല്യാണം വരെ.

“ബറാബസ്, അവളുടെ വിവാഹമാണു. നിനക്കറിയാല്ലോ, എന്റെ കയ്യില്‍ ഒരു തുട്ടു പോലുമില്ല. അപ്പനാണെല്, ഇനി കടം വാങ്ങാന്‍ ആരുമീ നാട്ടില്‍ ബാക്കിയില്ല. അതു വഴി തീര്ക്കാനുള്ള ബാധ്യത വേറെ, നീ എന്തെങ്കിലും ഒരു വഴി കാണണം.”

“അത്… ഇത്രെം വലിയ തുക..എന്റെ കയ്യിലെവിടുന്നാ”

“നിന്റെ കയ്യിലില്ല എന്നെനിക്കറിയാം. കാശിന്നാവശ്യം വരുമ്പോ നമ്മള്‍ ഉപയോഗിച്ചിരുന്നത് നമ്മുടെ കാശാണൊ?: സ്കറിയാ ഗൂഢമായി ചിരിച്ചു.

“എന്റെയൊ നിന്റെയോ ആവശ്യത്തിനു വേണ്ടി ഇതു വരെ നമ്മളു മോഷ്ടിച്ചില്ലല്ലോ?”

“അപ്പന്‍ മരവിച്ചു കിടക്കുന്നത് ഞാന്‍ കാണേണ്ടി വരും” അവന്‍ ഇറങ്ങിപ്പോയി.

അന്നു രാത്രി ഹുണ്ടികക്കാരന്‍ മത്തായിയുടെ വീട്ടില്‍ വെച്ച് ബറാബാസ് പിടിക്കപ്പെട്ടു. പിന്നെ കല്‍ത്തുറുങ്കില്‍ മരണവും കാത്ത്. നാളുകള്‍ക്ക് ശേഷം വെളിച്ചം കാണുമ്പോള്‍ അയാളുടെ കൂടെ നസ്രായനും ഉണ്ടായിരുന്നു. ഒരു പക്ഷേ കാണണമെന്നു ഒരിക്കലും ആഗ്രഹിക്കാത്ത രൂപത്തില്‍.

“അക്രമിയായ ബറാബാസിനേയോ, നസ്രായനേയോ” പീലാത്തോസ് ആവര്‍ത്തിച്ചു ചോദിച്ചു.

അശക്തമായി ബറാബസ് നസ്രായന്‍ എന്നു പറഞ്ഞു. മുന്നില്‍ തടിച്ചു കൂടിയവരുടെ ആക്രോശത്തില്‍ തന്റെ ശബ്ദം കേള്‍ക്കാതെ പോയി. തന്നെ നോക്കി അയാള്‍ പുഞ്ചിരിചു. രക്തം കട്ടപിടിച്ച ആ മുഖത്തു നോക്കി ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനത്തിനിടയില്‍ താന്‍ മറഞ്ഞു, കുരിശിനേക്കാള്‍ അപമാനകരമായ മനസുമായി. അതിനു മുകളില്‍ തിരിച്ചു കിട്ടിയ ജീവന്‍. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അയാള്ക്ക് പുച്ഛം തോന്നി. ജീവന്‍ ഇരന്നു വാങ്ങാന്‍ പോലും മടിക്കാത്ത ബറാബസ്. പീലാത്തോസിന്റെ അരയില്‍ തൂങ്ങിയിരുന്ന വാളു വലിച്ചൂരി സ്വന്തം നെഞ്ചില്‍ കുത്തിയിറക്കിയിരുന്നെങ്കില്‍…

വരമ്പിനു മുകളില്‍ വെളിച്ചം മങ്ങി. മറിയായോടു പറയാതെ അയാള്‍ ഇറങ്ങി. അക്കല്‍ദാമയില്‍ അപ്പൊഴും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. പകുതി കത്തിപ്പോയ അത്തിയുടെ ചുവട്ടില്‍ സ്കറിയായുടെ ശ്വാസത്തെ വിഴുങ്ങിക്കളഞ്ഞ കയറുകഷണം കിടക്കുനു. അതില്‍ ഉണങ്ങി ഒട്ടിയിരുന്ന രക്തം അയാള്‍ നഖം കൊണ്ടു ചിരണ്ടിക്കളഞ്ഞു. കുരുക്കിന്റെ വാ വട്ടം വലുതാക്കി. പച്ചമണ്ണു പുതഞ്ഞു കിടക്കുന്ന സ്കറിയായുടെ കുഴിമാടത്തില്‍ അയാള്‍ കമഴ്ന്നു വീണു ചുംബിച്ചു.

കഴുത്തിലേക്ക് കുരുക്കിടുമ്പോള്‍ അയാളുടെ കൈകള്‍ വിറച്ചു. വല്ലാത്ത പരവേശം. ദേഹമാകെ വിയര്‍ക്കുന്ന പോലെ. തകര്‍ന്നു വീഴുന്ന കോട്ടയ്ക്കു നടുവില്‍ നില്‍ക്കുന്നതു പോലെ അപ്പോള്‍ ബറാബസിനു തോന്നി. ആയുധവും അണികളും നഷ്ടപ്പെട്ട് സര്‍വ്വാപരാജിതനായി, അയാള്‍ നിസ്സഹായനായി അത്തിമരത്തില്‍ ചാരിയിരുന്നു. പരാജിതനും ഭീരുവുമായി. പിന്നെ തിരികേ മറിയായുടെ വീട്ടിലേക്കു നടന്നു. അവളുടെ വാതിക്കല്‍ ശരറാന്തല്‍ മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

Read Full Post »

ഇതു കൊള്ളാം, അടുക്കളപ്പൊറത്തേ സമരം. ഈ സംഭവത്തേക്കുറിച്ചു ഇതിനു മുന്നെ പ്രതികരിച്ചവരുണ്ടെങ്കില്‍ അവരോടു മാപ്പു പറഞ്ഞു തുടങ്ങാം. മരുഭൂമിയിലെത്തിയതില്‍പിന്നെ വാര്ത്തകളൊക്കെ വൈകിയാണു അറിയുന്നത്…. അടുക്കള ജോലി ചെയ്യുന്നതിനു കൂലി വേണം എന്ന സമത്വ സുന്ദരമായ ആശയം മുളപൊട്ടിയത് ഏതു മൂളയിലാണാവോ…വി. എം. വിനുവിന്റെ ‘വെറുതേ ഒരു ഭാര്യ’ എന്ന അയല്‍ക്കൂട്ട വാര്‍ഷിക സ്കിറ്റ് കണ്ടതിനു ശേഷമാണോ എന്നു സംശയിക്കുന്നവരും കുറവല്ല. “മരണനു ചെയ്യുന്ന ജോലിക്കനുസരിച്ചു കൂലി” എന്ന ആപ്തവാക്യം ഇതി സ്മരണീയം.

“നിങ്ങളു ദുബായില്‍ കിനാവു കണ്ടു കിടന്നൊ മനുഷേനെ…ഇവിടെ പുകതിന്നും കൊച്ചിനെ നോക്കിയും കഴിയുന്ന എനിക്കു എന്തുണ്ട് ബാക്കി…”

“സ്കൂളില്‍ നിന്നു കിട്ടുന്ന ശമ്പളം നിന്നോട് ഞാന്‍ ചൊദിക്കാറില്ലല്ലോ…എന്നിട്ടും ഈ മരുക്കാറ്റില്‍ കിടന്നു വലയുന്ന എന്റെ പോക്കറ്റിലെ ദിറത്തിന്റെ എണ്ണം നീ കൃത്യമായി എണ്ണി നോക്കുന്നില്ലേ…” 

“ഇതു സംഗതി വേറേ…നാളെ അടുക്കളയില്‍ സൂചനാ പണിമൊടക്കു കാണും..സൂചനകണ്ടു പഠിച്ചില്ലേല്‍…”

“സമരം അരങ്ങും തകര്ത്ത് അടുക്കളയിലും…നമ്മുടെ കുഞിനു നീ കൊടുക്കുന്ന പാലിനുള്ള മാസബില്‍ കൃത്യമായി അയച്ചു തരണേ…എങാനും ബില്ലു മുടങ്ങിയാല്‍ നീയവന്റെ ഫ്യൂസ് ഊരിയേക്കരുത്..”

“വാടകയിനത്തില്‍ ഒരു പത്തു മാസത്തേ കുടിശിക നമ്മുടെ മോന്‍ തരാനുണ്ട്…”

“സത്യമാ…അവനെ മണ്ണില്‍കുത്തി മൊളപ്പിച്ചെടുത്താല്‍ മതിയായിരുന്നു…എന്നാലും മറ്റേണിറ്റി ലീവും ലീവ് സാലറിയും കിട്ടിയ കൂട്ടത്തില്‍ അതങ്ങു എഴുതി തള്ളാവുന്നതാണു…”

“പിന്നേ കൊച്ചന്‍ സ്കൂളില്‍ പോയിത്തുടങ്ങിയാല്‍ കൊണ്ടു വിടുന്നതിനും കൊണ്ടു വരുന്നതിനും നിങ്ങളുടെ അപ്പന്‍ ടീ ഏ  ചോദിച്ചിട്ടുണ്ട്…”

“ന്യായമായ ആവശ്യം..നല്ലത്…നിന്നെ ഷോപ്പിങിനു കൊണ്ടു പോകുന്നതിനും ചാന്ത്, ലിപ്സ്റ്റിക്ക്, കണ്മഷി്‌, തുടങ്ങിയ ചുമക്കുന്നതിനുള്ള കൂലിയും ഡ്രൈവര്‍ ബാറ്റായുമൊക്കെ കിഴിച്ചിട്ടേ ഞാന്‍ ഇനി സാലറി അയക്കൂ…”

“പി. എഫ്. വേണം..”

“ഉവ്വാ ഗ്രാറ്റുവിറ്റിയും ബോണസും ഒക്കേ അടുക്കളപ്പുറത്ത് എത്തിച്ചേക്കാം…”

“കളിയാക്കാണ്ട…വനിതാക്കമ്മീഷന്‍…”

“സത്യം നല്ല പേടിയുണ്ട്…എന്നാലും ഈ കമ്മീഷനൊന്നും ഇല്ലാതിരുന്ന കാലത്ത് നിന്നെ പ്രസവിക്കെം തീറ്റെം തുണീം തന്നു വളര്‍ത്തേം ചെയ്ത അപ്പനും അമ്മക്കും ഒരു പെന്ഷന്‍ പ്ളാനെങ്കിലും കൊടുക്കാനുള്ള വകുപ്പു കമ്മീഷനില്‍ ഒണ്ടോ…അതിനു വേണ്ടി സമരം നടത്താനില്ലെലും ഒന്നു പ്രതികരിക്കാന്‍ വേണ്ടി മാത്രം ചോദിച്ചതാ…by the by നിന്റെ അടുക്കള ശമ്പളം സാലറി അക്കൌണ്ട് ആക്കിയിട്ടുണ്ട്…HR, leave, performance review തുടങ്ങിയ നൂലാമാലകള്‍ വഴിയേ അറിയിക്കാം. Here is your appointment order.”

Read Full Post »

Reposted. The post was deleted accidently.

നെഞ്ചില്‍ തങ്ങി നിന്ന മൂടല്‍ മഞ്ഞിനെ അവര്‍ Pneumonia എന്നു വിളിച്ചു. കാലപഴക്കം ചെന്ന ചുമ എന്നു മാത്രമാണു അയാള്‍ അതിനെ വിശേഷിപ്പിച്ചതു. (വായിച്ചു തുടങ്ങും മുന്പ് പ്രിയപ്പെട്ട വായനക്കാരാ, ഇതില്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന thread-ഓ, plot-ഓ കണ്ടെന്നു വരില്ല. ഏതാനും ചോദ്യങ്ങളുമ്, ഉത്തരങ്ങളും, മറുചോദ്യങ്ങളും മത്രമേ ഇതിലുള്ളൂ.)

നിര്‍ത്താതെയുള്ള ചുമ കേട്ടുകൊണ്ടാണു, അവള്‍ വാതില്‍ തുറന്നു അക്ത്തേക്കു വന്നതു. നമുക്കവളേ സിസ്റ്റര്‍ സോഫി എന്നു വിളിക്കാം. ഈ സിസ്റ്റെര്‍ എന്നതു കൊണ്ടുദ്ദെശിക്കുന്നതു ഒരു നേഴ്സിനെ ആണു. കേരളത്തില്‍ നേഴ്സുമാരെ സിസ്റ്റെര്‍ (സഹോദരി) എന്നു വിളിക്കുന്ന പൊതുവായ രീതി അവലംബിച്ചു എന്നു മാത്രം.

പുകഞ്ഞ് കൊണ്ടിരിക്കുന്ന ഒരു മാസ്ക് അവളെന്റെ നാസികയ്ക്കു മുകളില്‍ അമര്‍ത്തി വെച്ചു.

സോഫി: ഏതാ വലിക്കാറുള്ളതു?
അയാള്‍: എന്താ?
സോഫി: ബീഡിയോ അതൊ സിഗരറ്റോ?
അയാള്‍: രണ്ടും ശീലമില്ല.
സോഫി: അപ്പോ, കുടി മാത്രമായിരിക്കും അല്ലെ?
അയാള്‍: ഉവ്വ്, ഒരു രണ്ടര വര്‍ഷം മുന്പു വരെ…ഇപ്പൊ ഇല്ല.
സോഫി: നല്ല നടത്തത്തിലായിരിക്കും?
അയാള്‍: എന്നു ഞാന്‍ പറഞ്ഞില്ല. കുടിയും വലിയുമാണു ലോകത്തിലെ ആകെയുള്ള തെറ്റെങ്കില്‍ ഞാന്‍ നല്ല നടത്തത്തില്‍ ആണു.
സോഫി: സന്തോഷം

മാസ്ക് വലിച്ചു പറിച്ചെടുത്ത് അവള്‍ പോയി. അയാള്‍ നെഹ്റുവിന്റെ ആത്മകഥയിലേക് തല പൂഴ്ത്തി വെച്ചു. പുറത്തു വെളിച്ചം മങ്ങി വരുന്നതു അയാള്‍ ശ്രദ്ധിച്ചില്ല. പുറത്തു വിടര്ന്നു നിന്നിരുന്ന മഞ്ഞ പൂവുകള്‍ അടര്ന്നു തുടങ്ങിയിരുന്നു. താളുകള്‍ മറിഞ്ഞു പോകവേ, നെഹ്രുവിന്റെ യുവത്വത്തെ അയാള്‍ ആരാധിച്ചു തുടങ്ങി. ആരാധന മടുത്തു തുടങ്ങിയപ്പോള്‍ iPod ചെവിയില്‍ തിരുകി അയാള്‍ പുസ്തകത്തിനു മുകളില്‍ തല ചായ്ച്ചു.

വാതിലില്‍ തട്ടുന്ന സ്വരം കേട്ടാണു അയാള്‍ ഞെട്ടി ഉണര്ന്നതു. വാച്ചില്‍ അപ്പോള്‍ സമയം 7.45 p.m. “ഓഹ്! താനെപ്പൊഴോ മയങ്ങിപ്പോയിരിക്കുന്നു”. പുറത്തു ഇരുട്ടു വ്യാപിച്ചിരുന്നു. വാതിലില്‍ വീണ്ടും മുട്ടു കേട്ടു. “Yes! coming”

വാതില്‍ തുറന്നു. സിസ്റ്റര്‍ സോഫിയാണു. കയ്യിലുള്ള മെഡിസിന്‍ ട്രേയില്‍ സിറിഞ്ചുകള്‍, ഗുളികകള്‍, പഞ്ഞി അങ്ങിനെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നു കിട്ടാവുന്ന എല്ലാമുണ്ട്. അയാള്‍്‌ കട്ടിലില്‍ ചെന്നിരുന്നു. സിറിഞ്ചില്‍ മരുന്നു വലിച്ചു കേറ്റുന്നതിനിടെ അവള്‍ ചോദിച്ചു.

സോഫി: നിങ്ങള്‍ എഴുത്തുകാരനാണോ?
അയാള്‍: എന്നു അവകാശപ്പെടാന്‍ ഒന്നും പറ്റില്ല.

കട്ടിലില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും പേനയും ഡയറിയും കണ്ടിട്ടാകും അവള്‍ അങ്ങിനെ ചോദിച്ചതെന്നു അയാള്‍ ഊഹിച്ചു.

സോഫി: എന്തിനാണു നിങ്ങള്‍ എഴുതുന്നതു?
അയാള്‍: സ്റിഷ്ടിയുടെ പേറ്റുനോവു…
സോഫി: മണ്ണാങ്കട്ട. ഇതൊക്കെ എല്ലാവരും പറയുന്നതാ. അല്ലാതെ വെല്ലതും പറയാന്‍ ഉണ്ടോ?
അയാള്‍: കാശു കിട്ടും പിന്നെ സ്വല്പം അഹങ്കാരവും തോന്നും.
സോഫി: രണ്ടാമതു പറഞ്ഞതു കുറേക്കൂടി സത്യമാണു…(അവള്‍ ഇഞ്ചക്ട് ചെയ്യുകയാണു) വേദന ഉണ്ടൊ?
അയാള്‍: ചെറുതായിട്ടു…
സോഫി: അതു സ്രിഷ്ടിയുടെ വേദനയില്‍ കൂട്ടിക്കോളൂ…

അയാള്‍ മന്ദഹസിച്ചു.
സോഫി: ആട്ടെ, ഇപ്പൊഴെന്താ എഴുതുന്നതു?
അയാള്‍: ഒരു ചെറിയ കഥ…
സോഫി: ആരെക്കുറിച്ചാണു?
അയാള്‍: ആരെക്കുറിച്ചുമല്ല. ഒരു പഴയ അനുഭവത്തില്‍ മേമ്പൊടി ചേര്‍ക്കുന്നു എന്നു മാത്രം…
സോഫി: എന്നെക്കുറിച്ചെഴുതാമോ?

അയാള്‍ ചിരിച്ചു.
സോഫി: കളിയാക്കേണ്ട. നിങ്ങള്‍ക്ക്, ഒരു അക്കാദമി അവാര്‍ഡ് കിട്ടാനുള്ള സ്റ്റോറി ഒക്കെ എന്റെ ലൈഫില്‍ ഉണ്ട്.
അയാള്‍: നന്നായി. ജീവിത്ങ്ങള്‍ കഥ്യാകുമ്പോഴാണു എഴുത്തിന്റെ തീവ്രത ഫീല്‍ ചെയ്യുന്നതു.
സോഫി: നന്നായി അതിനെങ്കിലും ഈ ജീവിതം ഉപകരിക്കുമല്ലൊ.

അവള്‍ ട്രേയുമെടുത്തു പുറ്ത്തേക്കു പോയി.

അവള്‍ അവസാനം പറഞ്ഞതിന്റെ അന്താര്‍ത്ഥം അയാളെ അലട്ടി. നിരാശയുടെ നിഴല്‍ എവിടെയോ തങ്ങി നില്പുണ്ട്. അവളുടെ കണ്ണുകളിലാണൊ? പക്ഷെ അവളുടെ കണ്ണുകളേ താന്‍ ഇതു വരെ ശ്രദ്ധിച്ചിട്ടില്ല എന്നയാള്‍ ഓര്‍ത്തു.

അയാള്‍ക്കു തല കനക്കുന്നതു പോലെ തൊന്നി. അല്ലെങ്കില്‍ തന്നെ നിരാശയുടെ നിഴല്‍ വീഴാത്ത ഏതു ജീവിതമാണുള്ളതു? ഇനി വരുമ്പോള്‍ അവളോട് വിശദമായി ചോദിക്കാം.

ഇഞ്ചക്ഷന്റെ തളര്‍ച്ചയില്‍ അയാള്‍ മയങ്ങിപ്പോയി.

അടുത്ത ദിവസം റൌണ്ട്സിനു വന്ന ഡോക്ടര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു. “ഇപ്പോ എങ്ങിനെ ഉണ്ടു”
അയാള്‍ പറഞു “I’m almost perfect now”
ഡോക്ടര്‍ “Okay, ഇന്നു തന്നെ discharge ആയിക്കോളൂ”.

അയാളുടെ കണ്ണുകള്‍ ഡോക്ടറുടെ പിന്നില്‍ നില്‍ക്കുന്ന നേഴ്സുമാരുടെ ഇടയില്‍ പരതി നടന്നു, പിന്നെ നിരാശയോടെ കണ്ണുകള്‍ പിന്വലിച്ചു.

ഡിസ്ചാര്ഗെ സമ്മറി വാങ്ങുമ്പോള്‍ അയാളുടെ കണ്ണുകളുളിലെ ചോദ്യത്തിനുള്ള മറുപടി, നേഴ്സ് റൂമിലെ കാറ്റില്‍ തങ്ങി നിന്നിരുന്നു. ഒറ്റത്തിരിയിട്ട വിളക്കിനു മുന്നില്‍ അവളുടെ ഛായാചിത്രം പുകയുന്ന ചന്ദനത്തിര്യുടെ ഗന്ധത്തിലലിഞ്ഞു എങ്ങോ മറഞ്ഞു.

അവള്‍ എന്തുകൊണ്ട് ജീവിതത്തില്‍ നിന്നും സ്വയം മറഞ്ഞു എന്ന ചോദ്യത്തിനു അയാള്‍ മറുപടി തേടിയില്ല. തലയിണയ്ക്കടിയില്‍ ഒളിച്ചിരുന്ന കടലാസു തുണ്ടില്‍ അവള്‍ മൌനമായി വിട പറഞ്ഞു.

“പ്റിയപ്പെട്ട എഴുത്തുകാരാ,

ഞാന്‍ വന്നപ്പോള്‍ നിങ്ങള്‍ ഉറക്കത്തിലായിരുന്നു. മൌനമായി നിങ്ങളോടു, ഞാനെന്റെ കഥ പറഞ്ഞു. നിങ്ങള്‍ കേട്ടൊ, ആവൊ? അല്ലെങ്കില്‍ എന്റെ കഥ എന്നില്‍തന്നെ മരിക്കടേ. നിങ്ങള്‍ എഴുത്തുകാര്‍ക്ക് ഭാവനയില്‍ എന്റെ കഥ എഴുതാം.

സോഫി.”

അയാള്‍ മനസ്സില്‍ പറഞ്ഞു. “സോഫി, നിന്റെ മരണത്തിനു മുന്പുള്ള കഥയില്‍ ഞാനെന്തെഴുതാനാണു? പ്രേമ നൈരാശ്യവുമ്, ബാധ്യതയുടെ മാറാപ്പും, അവിഹിത ഗര്‍ഭവും, പേനത്തുമ്പിനു വിരസ്സമായിരിക്കുന്നു. ഞാനൊന്നും എഴുതുന്നില്ല.”

അയാള്‍ പേന അടച്ചു വെച്ചു. പിന്നെ തന്നെക്കുറിച്ചു കഥ എഴുതണമെന്ന അവളുടെ ആഗ്രഹത്തിനു കടം പറഞ്ഞ് അയാള്‍ ചാരു കസേരയില്‍ ചാഞ്ഞു കിടന്നു.

Read Full Post »

റാസ് അല്‍ ഖെയ്മായില്‍ പോയ് വന്നിറങ്ങിയ ഉടന്‍ തന്നെ ഒരു ഹൊട്ടേല്‍ തപ്പി പിടിച്ചു എന്തെങ്കിലും തട്ടി വിടാം എന്നോര്ക്കുമ്പോ പിറകില്‍ നിന്നൊരു വിളി.

അളിയാ…നീയാരുന്നൊ ഇതു…ബസില്‍ വെച്ചേ എനിക്ക് ഡൌട്ട് അടിച്ചിരുന്നു… എന്താ ഇവിടെ?

എനിക്കിവിടെ ജോലി കിട്ടി…

എപ്പോ…

വന്നിട്ട് ഒരു മാസമായതേ ഉള്ളൂ…

എന്നിട്ടു നീ ഒരു വാക്കെന്നോടു പറഞ്ഞില്ലല്ലോ…

അതിനു നീ എന്റെ നമ്പര്‍ കണ്ടാല്‍ എടുക്കില്ലല്ലോ…

തിരക്കായതു കൊണ്ടാ അളിയാ…

ഒഃ..ഞാന്‍ കരുതി ജോലി വെല്ലതും ശെരിയായോന്നു ചോദിച്ചു വിളിക്കുവാന്നു വെച്ച് നീ എടുക്കാതിരുന്നതാണെന്നു…

ഇത്തവണ നാട്ടില്‍ വരുമ്പോ നിനക്കു പറ്റിയൊരു ജോലിയുമായിട്ടു വരാനിരുന്നതാ…ഇനി ഇപ്പൊ നിനക്കു ജോലി കിട്ടിയല്ലൊ…

കുഴപ്പമില്ല..എന്റെ കസിന്‍ ഒരുത്തനുണ്ട് അവനു പറ്റിയതാണേല്‍ നോക്കാമല്ലോ…

അതു ശെരിയാവോ…ഇതു നിന്റെ എക്സ്പീരിയെന്സും ക്വാളിഫിക്കാഷനുമൊക്കെ കാണിച്ചു ശെരിയാക്കിയതാ…

ഓ.. അങ്ങിനേ…

പിന്നെ ദുബ്ബായ് ലൈഫ് എങ്ങനെ ഒണ്ട്…

വലിയ കൊഴപ്പമൊന്നുമില്ല…

ജോലി ഒക്കെ

കൊള്ളാം…

ഭക്ഷണം

റൂമില്‍ ഉള്ളവര്‍ ഷെയര്‍ ഇട്ടു ഫൂഡ് ഒണ്ടാക്കുന്നുണ്ട്…

അപ്പൊ സൌകര്യമായല്ലൊ…

പക്ഷെ ഉച്ചക്കു വരുമെന്നു അവന്മാരോടു പറഞ്ഞിട്ടില്ല അതു കൊണ്ടു ഇപ്പൊഴത്തെ കാര്യം ഏതെങ്കിലും ഹോട്ടലീന്നു തരമാക്കണം

ഉവ്വാ.. ഞാനിവിടെ ഉള്ളപ്പോ നിനെ ഹോട്ടലീന്നു കഴിപ്പിക്കും.. നീ വാ.. നമ്മുക്കെന്റെ റുമില്‍ പോകാം…ഞങ്ങള്‍ക്കും കുക്കിങ് ഉണ്ട്…

അതു വേണ്ടടെയ്…ഇതൊരു നേരത്തേ കാര്യമല്ലേ ഉള്ളു..

അതൊന്നും പറഞ്ഞാല്‍ പറ്റില്ല. നീ വന്നേ ഒക്കൂ…

നിന്റെ വര്‍ക്ക് ഒക്കെ എങനേ പോകുന്നു?

വലിയ മെച്ചമൊന്നുമില്ല…മാന്ദ്യം ഒന്നു തള്ളി നീക്കണം അത്ര തന്നെ..

റൂമില്‍ ആരുമില്ലാന്നു തോന്നുന്നു…വെള്ളിയാഴ്ച്ച ആയതു കൊണ്ടു എല്ലാവന്മാരും കറങ്ങാന്‍ പോയിക്കാണും…അളിയനിരിക്ക് ഞാന്‍ ഭക്ഷണമെടുത്തു വെക്കാം

എന്തോന്നാ കഴിക്കാന്‍?

നോക്കട്ടെ…അളിയാ ചതി പറ്റി.

എന്ത്…(മനസ്സില്‍: കാലമാടാ)

ഞാന്‍ ഉച്ചക്കു വരുമെന്ന കാര്യവും പറഞ്ഞിരുന്നില്ല…ചോറു കലം കാലി…

സാരമില്ല..പുറത്തു നിന്നു കഴിക്കാം ..

അതു വേണ്ട..അളിയന്‍ ഒരരമണിക്കൂര്‍ ഇരുന്നാ, ഞാനിപ്പൊ ഉണ്ടാക്കം.

ഹും

അയ്യോ…

എന്താ അരിയില്ലേ…

എന്നു വെച്ചാല്‍ അവന്മാര്‍ ഇന്നു ഷോപ്പിങ്ങിനു പോയതാണോന്നൊരു ഡൌബ്ട്…

മരത്തലയാ…ദുഷ്ടാ…വെശന്നു കുടലുകരിയുന്ന നേരത്താണൊ നിന്റെ ഒടുക്കത്തെ സംശയം…

നീ ഒരു കാര്യം ചെയ്യ് ഒരു 5 റുപ്യ തന്നെ…നൂഡില്‍സ് ഒണ്ടാക്കാം…

വങ്ങുന്നതൊക്കെ കൊള്ളാം പെട്ടെന്നു വേണം

ഒരു രണ്ടു മിനിറ്റ്…

ഹും

ഈ പണ്ടാര സ്റ്റൌവ് കത്തുന്നില്ലല്ലോ അളിയാ…

എവിടേ നൊക്ക്ക്കട്ടെ…

ഗ്യാസ്‌ തുറന്നു വെച്ചിട്ടും മണമൊന്നും വരുന്നില്ലല്ലോ…

കുറ്റിയുടെ അകത്തു എന്തെങ്കിലും ഒണ്ടായാലല്ലെ മണം വരൂ…

അളിയനിങ്ങനേ കലിപ്പിച്ചു നോക്കല്ലെ…

ബ്ളഡി നത്തോലി…നീയാ നൂഡില്സിന്റെ കാശു കൂടെ തൊലച്ചല്ലോട മരമാക്രീ…ഞാന്‍ പോകുവാ…ഹോട്ടലുകള്‍ അടച്ചോ ആവോ?

അളിയാ ഞാനും വരുന്നു…

വേണ്ടാ…ഞാന്‍ തനിയേ പൊയ്ക്കോളാം..

അതല്ലളിയാ എന്റെ അടുത്തു പത്തു പൈസ ഇല്ലാ… ഈ വെശപ്പു എന്നു പറയുന്ന സാധനം എനിക്കുമുണ്ടല്ലൊ…

ഹോ ഒരു കാര്യത്തില്‍ എനിക്കു സന്തോഷമായെടാ പോത്തേ… ദുബ്ബായിലെത്തിയിട്ടും നിന്റെ എച്ചിത്തരത്തിനും ഓസിനും യാതൊരു മാറ്റവുമില്ലല്ലോ.. സന്തോഷം… ഹോട്ടലൊന്നും അടച്ചു പോകല്ലെ കര്ത്താവേ…

Read Full Post »

എടീ ഭാര്യേ…ഇവിടെയുണ്ടായിരുന്നു രണ്ടയേണ്‍ ബോക്സിലൊന്നു കാണുന്നില്ല.

അതു ഞാന്‍ വില്‍ക്കാന്‍ വെച്ചു. നിങ്ങള്ക്ക് ഒരേ സമയം രണ്ടെണ്ണം വേണ്ടല്ലൊ.

വേണ്ട. പക്ഷെ നീയല്ലേ പറഞ്ഞതു രണ്ടണ്ണമുണ്ടെല്‍ സമയലാഭമാണു എന്നു.

ഇതിയാന്‍ വീട്ടില്‍ നില്ക്കുന്ന നേരം പണ്ടു ചെരട്ടാ കത്തിച്ചു ഒരാഴ്ചത്തേക്കുള്ളതു തേച്ചു വെക്കുമാരുന്നല്ലൊ.

അപ്പൊ ചിരട്ടപുകയടിച്ചു ഞാന്‍ കറുത്തുപോകുമെടി. ശോശയുടെ ഭര്‍ത്താവിനെപ്പോലേ ഞാനും വെളുക്കണ്ടേ?

ഓ..അതു നിങ്ങളു അമര്ത്തി തേച്ചു കുളിച്ചാല്‍ മതി കരിയങ്ങു പൊയ്ക്കോളും. പിന്നേയ്‌…അവിടെ വെറുതെ നിക്കുവാണെല്‍ ഇങ്ങോടൊന്നു വന്നേ…

എന്തിനാ…

ഇങ്ങു വാ മനുഷ്യാ…ഞാന്‍ പിടിച്ചിട്ട് ഇതനങ്ങുന്നില്ല.

ഇതിപ്പൊ എന്തിനാ ഈ അരകല്ല്.

നിങ്ങള്‍ക്ക് അരകല്ലില്‍ അരക്കുന്ന ചമ്മന്തി ഇഷ്ടമാണെന്നു, മമ്മി പറഞ്ഞു.

മമ്മി അതു പറഞ്ഞിട്ടു ഇപ്പൊ വര്‍ഷം രണ്ടായി. എനിക്കാണേല്‍ ഇപ്പൊ മിക്സിച്ചമ്മന്തി ഇല്ലാതേ ഒക്കുകേല.

നോക്കിനില്‍ക്കാതെ പിടിക്ക് മനുഷ്യാ..

നീയെന്റെ നടുവൊടിക്കും.

ആ അമ്മിക്കല്ലും ഉരലും കൂടി ഇങ്ങോട്ടടുപ്പിച്ചൊ..

കൊള്ളാം. ഇതും നീ വില്‍ക്കാന്‍ പോവാണോ? എന്റമ്മൂമ്മയ്ക്ക് സ്ത്രീധനം കിട്ടിയതാ ഇതൊക്കെ.

എന്നിട്ടാണോ ഇതൊക്കെ തൂത്തു തുടയ്ക്കാത്തതു?

ശെരി. നീയും കൂടി പിടിക്ക്…

പിന്നേയ്, പോകുന്നതിനു മുന്പ് പറമ്പില്‍ കിടക്കുന്ന ഓല കൂടി ഇങ്ങു വലിച്ചിട്ടേരെ. ഇന്നെനിക്ക് അവധിയാ. ഒന്നു രണ്ടു ചൂലുണ്ടാക്കിയേക്കാം.

അതിനു പുറം തൂക്കാനുള്ള ചൂലു ഇവിടെ ഇരിപ്പുണ്ടല്ലോ?

ഇതകത്തു പെരുമാറാനാണിഷ്ടാ..

അതിനല്ലേ സുന്ദരമ്മയൊരു വാക്വം ക്ളീനറുള്ളതു.

ഹോ അതിന്റെ ശബ്ദം കേള്ക്കുമ്പൊ എനിക്ക് പെരുത്തു വരും.

അതിനു ശബ്ദമില്ലല്ലൊ. ചെലപ്പൊ സൈലെന്സര്‍ കേടായിക്കണും. മെക്കാനിക്കിനെ വിളിപ്പിക്കാം.

അതൊന്നും വേണ്ട. തല്‍ക്കാലം ചൂലുമതി.

കൊള്ളാം നല്ലത്. അപ്പൊ ഇനി ഏയ്റൊബിക്സിനും എക്സെര്സൈസിനും വേറേ കാശു കളയണ്ട.

പിന്നെ വൈകീട്ട് തടിമില്ലില്‍ നിന്നും അറക്കപ്പൊടി വാങ്ങണം. കുറ്റിയടപ്പു വെറുതെ ഇരിക്കുവാ.

അറക്കപ്പൊടിയില്‍ പാമ്പ് കേറില്ലെ?

അതിനു വെള്ളുള്ളിയോ, കായമോ കലക്കി ഒഴിച്ചാല്‍ മതി.

കരിപിടിക്കും.

ഞാന്‍ സഹിച്ചു. കുറ്റിയടപ്പാണേല്‍ ഏതുനേരോം തീ കാണും. ചോറോ കറിയോ ഇടക്കു ചൂടാക്കാമല്ലോ.

ഓവനോ.

അതെടുത്തു പെട്ടിയില്‍ വെച്ചേക്കു. അത്യാവശ്യം വരുമ്പോ എടുക്കാം.

ഇനി വേറെ പണിയൊന്നുമില്ലല്ലോ. ഞാന്‍ കുളിക്കാന്‍ പോകുവാ..

എന്നാല്‍ കിണറ്റില്‍ നിന്നും വെള്ളമെടുത്തോളു.

അതെന്താ ടാങ്കില്‍ വെള്ളമടിച്ചില്ലേ. മോട്ടോര്‍ കേടായോ.

അതൊന്നുമല്ല. എല്ലാദിവസവും മോട്ടോര്‍ അടിക്കുന്നതെന്തിനാ. അത്യാവശ്യത്തിനുള്ള വെള്ളം മാത്രം എടുത്താല്‍ മോട്ടോര്‍ വെച്ചു മൂന്നോ നാലോ ദിവസം കൂടുമ്പോ വെള്ളമടിച്ചാല്‍ മതി. കുളിക്കാനും അലക്കാനും വണ്ടികഴുകാനും കിണറ്റിലേ വെള്ളം പോരെ.

മതി. അതു മതി.

എന്താ ആലോചിക്കുന്നേ?

അല്ലെടി ഒരുമനുഷ്യന്‍ ഒറ്റ ദിവസം കൊണ്ട് ഇത്രേം മാറുമോ. എന്നു തുടങ്ങി ഈ രാജ്യസ്നേഹം?

എന്താ..

അല്ലാ ഈ എനെര്ജി സേവിങ് ഹാബിറ്റ്.

ഓ..അതു സ്നേഹം കോണ്ടൊന്നുമല്ല. ഇതിയാന്റെ പേരില്‍ ഇനി എടുക്കാന്‍ ലോണ്‍ ഒന്നും ബാക്കിയില്ലല്ലോ. കറണ്ടുബില്ലടക്കാന്‍ വായ്പ നല്കുന്ന സ്കീം ഒരു ബാങ്കും തുടങ്ങിയിട്ടുമില്ല.

ഓഹ്..അങ്ങിനെ…ഊഹ്..എന്താണെന്നറിയില്ലെടി ഭാര്യേ…ഈ കിണറ്റിലേ വെള്ളത്തില്‍ കുളിക്കാന്‍ നല്ല സുഖം..

കാണും കാണും

Read Full Post »

Older Posts »