നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.
നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്…
ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്…
കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര് വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍…
ഇന്നു…
ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.
ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?
ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും…

അരുണ്‍…ഒരുാഴ്ച്ച മുന്‍പ് ഒരു സംഭവമുണ്ടായി…നിങ്ങളുടെ മറ്റൊരു ബ്ളോഗ്ഗില് ഒരു കവിതയ്ക്ക് (മോര്ച്ചറിയെക്കുറിച്ചുള്ളത്) സാമന്യം വലിയ ഒരു കമന്റെഴുതി തയ്യാറാക്കി പോസ്റ്റു ചെയ്യാന്‍ പോയപ്പൊ ഒരു എററൂ വന്നു..എല്ലാം പോയി. എനിക്കു തന്നെ വായിച്ച് ഇഷ്ടപ്പെട്ട ഒരു കമന്റായിരുന്നു ട്ടൊ അത്. വിമര്‍ശനമായിരുന്നു അതെങ്കിലും സമയമെടുത്ത് അരുണിന്റെ കവിതയുടെ നന്മ തിന്മകള് ഞാനതില്‍ പറഞ്ഞിരുന്നു (ശരിയാകാം തെറ്റാകാം). ഈ കവിതയില്‍ ചില വരികള്‍ മാത്രം എന്നെ സ്പര്‍ശിച്ചു കടന്നുപോയി പക്ഷെ ടോട്ടാലിറ്റിയില്‍ നോക്കുമ്പോള്‍ അത്ര തൃപ്തിയില്ല അരുണ്‍…അരുണ്‍ പെട്ടെന്ന് കവിതയെഴുതി പോസ്റ്റുകയാണ്. ഈ കവിത വായിച്ചാല്‍ തന്നെയറിയാം പ്രതിഭയുള്ളവര്‍ക്ക് അങ്ങിനെയാണ് എങ്ങിനെ കോരിയാലും ഒരു പിടികിട്ടും അതെടുത്തു പോസ്റ്റി. പക്ഷെ അരുണിനെപോലുള്ള ഒരു പയ്യനില്‍ നിന്നും ഇതല്ല ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവും. കുറച്ചു കൂടി ധ്യാനിക്കുക നല്ല കവിതകള്‍ പിറക്കും എനിക്കു പ്രതീക്ഷയുണ്ട്.
സന്തോഷേട്ടാ, ഈ വിമര്‍ശനത്തിനു നന്ദി. അത് എല്ലാ അര്‍ത്ഥത്തിലും ഞാന്‍ സ്വീകരിക്കുന്നു എന്നു മാത്രമല്ല, നന്നായി എഴുതാനും കൂടി പരിശ്രമിക്കുന്നുണ്ട്…
ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
ആ ചിന്ത ഇഷ്ടമാവുന്നു…ഈ കുറിപ്പില്‍ അതുള്പ്പെടുത്തിയപ്പോള് ഒറ്റപ്പ്പ്പെടുന്നില്ലാ ഇരുവരും…
ലെനിന് താങ്ക്സ്
ഞാന്‍ ഒരു അരാഷ്ട്രീയ വാദിയാണേ …അത് രാഷ്ട്രീയം കൊണ്ട് ഈ നാടിനു ഒരു ഗുണവും ഇല്ല തോന്നിയിട്ടാണ്. സമ്പത്ത് കുറെ മുതലാളി / രാഷ്ടീയ ബൂര്‍ഷ്വാസികളുടെ (ഇടതും വലതും വരും ) കൈയില്‍ ധൃവീകരിക്കപ്പെട്ടു. അതാണ് സ്വതന്ത്ര ഇന്ത്യയില്‍ കണ്ട ഏറ്റവും നല്ല തമാശ . എങ്കിലും താങ്കളുടെ കവിത നല്ലതെന്ന് പറഞ്ഞുകൊള്ളട്ടെ . ആശംസകള്‍ ………..
ഹി ഹി ഹി…അതെനിക്കിഷ്ടപ്പെട്ടു…താങ്ക്സ്