കൃഷ്ണമണി കീറിത്തുളച്ച ചില്ലിന് മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.
കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന് തീരത്ത് നീ വന്നിരുന്നു
മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.
പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന് നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.
കണ്ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.
[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

ആശംസകള്‍
അവര്‍ പോയ്ക്കോട്ടെ…