ജൂഡാസ് ഗെത്സെമെനില്‍ എത്തുമ്പോള്‍, കേപ്പായും കൂട്ടരും നല്ല ഉറക്കത്തിലായിരുന്നു. ഒരു പാറക്കല്ലിനു മുകളില്‍ തലചായ്ച്ചു വെച്ചുറങ്ങുകയായിരുന്ന കേപ്പായെ അയാള്‍ തട്ടി വിളിച്ചു.
“കേപ്പാ..കേപ്പാാാ”
ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന കേപ്പാ, ജൂഡാസിനെ സൂക്ഷിച്ചു നോക്കി.
“ഇതു ഞാനാണു, ജൂഡാ…. ഗുരു….?
“മുകളിലേക്ക് കേറിപ്പോയി, പ്രാര്‍ത്ഥിക്കാന്‍…നീയെവിടെയായിരുന്നു ഇത്രനേരം?…പെസ്സഹായ്ക്കിടയില്‍ നീയെങ്ങോട്ടാണിറങ്ങിപ്പോയത്?
“ഞാന്‍..ഒരിടം വരെ”
“ഉം…” കൂടുതല്‍ മറുപടിക്ക് കാത്തുനില്‍ക്കാതെ കേപ്പയുടെ കണ്ണുകളില്‍ പതിയിരുന്ന ഉറക്കത്തിനു അയാള്‍ കീഴടങ്ങി.
ജൂഡാസ് ചിന്താമഗ്നനായി, അടുത്ത് കണ്ട പൈന്‍ മരച്ചോട്ടിലിരുന്നു. അയാളുടെ അരയിലിരുന്ന വെള്ളിക്കാശു സഞ്ചി കിലുങ്ങിയമര്ന്നു. ആ നാണയങ്ങളുടെ കിലുക്കം അയാളെ അസ്വസ്ഥനാക്കി. ഒന്നും വേണ്ടായിരുന്നു. ഒരു നിമിഷത്തെ ആലോചനയില്‍ പുരോഹിതന്റെ കയ്യില്‍ നിന്നും പണം വാങ്ങിയെങ്കിലും, അന്നേരം തോന്നിയ യുക്തിയും കാരണങ്ങളും ഇപ്പോള്‍ അയാളുടെ ഒപ്പം നില്ക്കുന്നില്ല. തന്റെ ചിന്തകള്‍ പോലും ഇപ്പോള്‍ തന്നെ ഒറ്റപ്പേടുത്തുകയാണു. “എങ്ങിനെയാണു ഗുരുവിനു മുന്നില്‍ ഒരൊറ്റുകാരനെപ്പോലെ നില്ക്കുവാന് കഴിയുന്നത്?”. വിചാരിച്ചത്ര എളുപ്പം അതിനു തനിക്കു കഴിയില്ല എന്നിപ്പോള്‍ തോന്നുന്നു. ഇല്ല തനിക്കതിനു കഴിയില്ല. പുരോഹിത പ്രമാണിയും കൂട്ടരും ഇപ്പോള്‍ ഉറങ്ങിക്കാണില്ല. അവര്‍ക്കിന്നു ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല. കുരുക്കിനുള്ളില്‍ ഇര വന്നു വീഴുന്നത് വരെ കണ്ണിമ വെട്ടാത്ത വേടനെപ്പോലെ അവരീ രാവിനു മുഴുവന്‍ കാവലിരിക്കും. തന്നെക്കോണ്ടിതിനു കഴിയില്ല എന്നു പറഞ്ഞ് ഈ പണക്കിഴി അവരുടെ മുന്നിലേക്കെറിയണം. ജൂഡാസ് കുന്നിറങ്ങി പുരോഹിതപ്രമാണിയുടെ വീട്ടിലേക്കു നടന്നു.
വിചാരിച്ചതു പോലെ തന്നെ. പ്രമാണിയുടെ വീട്ടില്‍ വെളിച്ചമണഞ്ഞിട്ടില്ല.
“ആരാണത്?” കാവല്ക്കാരന്.
“ഞാന്‍.., ജൂഡാ..എനിക്ക്..”
“ഊം…എന്താ കാര്യം..ഈ പാതിരാത്രിക്ക്, ങ്ഹേ!?”
“അത്..എനിക്ക് പ്രമാണിയെ ഒന്നു കാണണമായിരുന്നു.”
“ഈ അസമയത്തൊ..നാളെ രാവിലെ വരു..ങും”
“പ്രമാണിയെക്കാണേണ്ട അത്യാവശ്യമുണ്ടായിരുന്നു”
“എന്തായാലും, ഇന്നിനി പറ്റില്ല. ആരെയും അകത്തേക്ക് കയറ്റി വിടരുത് എന്നാണു പറഞ്ഞിരിക്കുന്നത്”
“ജൂഡയാണു വന്നിരിക്കുന്നതെന്നു പറയൂ”
“ജൂഡയാണെങ്കില്, ഒട്ടുംതന്നെ കടത്തി വിടേണ്ട എന്നും പറഞ്ഞിട്ടുണ്ട്”
അയാള്‍ തിരികെ നടന്നു. ഇതു തന്റെ വിധിയാണു. സ്വയം വരുത്തി വെച്ചത്. പണത്തിനോട് മാത്രമെന്തേ ഇങ്ങനെയൊരടുപ്പം?. ജൂഡാസ് തിരികെ ഗെത്സെമെനിലെത്തുമ്പോള്, അവര്‍ ഉണര്‍ന്നിരുന്നില്ല. അയാള്‍ കുന്നിനു മുകളിലേക്ക് കയറാന്‍ തുടങ്ങി. ഗുരുവിനെ നേരിട്ട് കാണണം. മാപ്പ് പറയണം. എന്നിട്ട്, പ്രമാണിയുടെ ആളുകള്‍ തന്നെയന്വേഷിച്ചെത്തും മുന്‍പ് പോകാവുന്നതനിപ്പുറത്തേക്ക് പോകണം.
അയാള്‍ മുകളില്‍ ചെല്ലുമ്പോള്‍, യേശു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്ത് ചെയ്യണം? അരികില്‍ ചെന്നു വിളിച്ചാലോ. ഏതു വിധേനയോ സംഭരിച്ച് വെച്ച ധൈര്യം എങ്ങൊ പോയ്മറഞ്ഞിരിക്കുന്നു. ജൂഡാ ഒരു മരത്തിനു പിന്നില്‍ പുറം തിരിഞ്ഞു നിന്നു. അയാളുടെ കണ്ണുകളില്‍ ഭയമോ, കുറ്റബോധമോ നിറച്ച കണ്ണുനീര്‍ത്തുള്ളികള്‍. എത്രനേരം അങ്ങിനെ ഇരുന്നു കാണും എന്നറിഞ്ഞ് കൂടാ. പരിചിതമായ ആ ശബ്ദം കേട്ട് അയാള്‍ പിന്നോട്ട് തിരിഞ്ഞു നോക്കി.
യേശു.
“ജൂഡാ”
“ഗുരൊ… വീഞ്ഞില്‍ മുക്കിയൊരപ്പവും കൊണ്ട് നീ എന്തിനാണെന്നെ ഈ വിധിക്ക് ഒറ്റുകൊടുത്തത്?…”
“ഹ് ഉം, ജൂഡാ വരൂ..” യേശു മന്ദഹസിച്ചുകൊണ്ട് ജൂഡാസിന്റെ തോളില്‍ കയ്യിട്ടു. അവര്‍ ഒരുമിച്ച് താഴേക്കിറങ്ങി.
“നിന്റെ വിധിയെന്ത് എന്നും, നിനക്കെന്ത് തോന്നുന്നുവെന്നും എനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം…എന്നെ കാണിച്ചു കൊടുക്കാന്‍ വിധിക്കപ്പെട്ടവന്റെ അരക്കെട്ടില്‍ എന്നുമിങ്ങനെ ഒരു പണസഞ്ചി ഞാന്നു കിടക്കും. നീയായിട്ട് അതു തുടങ്ങിയെന്നു മാത്രം. കാലകാലങ്ങളോളം, എന്റെയടുത്തേക്ക് വരുന്നവനു മുന്നിലേക്ക് നീണ്ടു വരുന്ന കരങ്ങള്‍ ഞാന്‍ കാണുന്നു ജൂഡാസ്…അതില്‍ വീഴുന്ന നാണയത്തുട്ടുകളും”
“നീ പറയുന്നതൊന്നും എനിക്കു മനസിലാവുന്നില്ല. എന്റെ മനസു തിളച്ചു മറിയുകയാണ്. എന്നെക്കൊണ്ടിതിനു കഴിയില്ല. നിന്നെക്കണ്ടു യാത്ര പറയാനിറങ്ങിയതാണു ഞാന്‍.
“നിനക്കതിനു കഴിയണം ജൂഡാ…സ്കറിയായുടെ മകന് ഒറ്റിക്കൊടുത്തില്ലെങ്കില്‍, എന്റെ വഴികളിവിടെ അപൂര്ണ്ണമായിക്കിടക്കും. നീ പൊയ്ക്കോളൂ, ഇപ്പൊഴല്ല, എന്നെയവര്‍ക്ക് കാണിച്ചു കൊടുത്തിട്ട്.”
“ഗുരോ…” അയാളുടെ കണ്ണുനീര് കരച്ചിലും പൊട്ടിക്കരച്ചിലുമായൊഴുകി. യേശു അയാളെ ചേര്‍ത്തു പിടിച്ചു.
കുന്നിനു താഴേക്കുള്ള വഴിയില്‍ പന്തങ്ങളുടെ തിരയാട്ടം.
“ജൂഡാ..അവര്‍ വരുന്നുണ്ട്. എന്നോടൊപ്പം നിന്നെയവര്‍ കാണേണ്ട പൊയ്ക്കോളൂ..ഞാന്‍ നേരത്തെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നിടത്തു തന്നെ കാണും. അവരെക്കൂട്ടി അങ്ങോട്ടു വന്നാല്‍ മതി.”
യേശു തിരികെ കുന്നിലേക്ക് തന്നെ കയറി. കേപ്പായും കൂട്ടരും ഇപ്പൊഴും ഉറങ്ങുകയാണു. ജൂഡാ കണ്ണുകള്‍ തുടച്ച് ഒട്ടൊരു ഗദ്ഗദത്തോടെ താഴേ നിന്നു കയറി വരുന്ന പന്തങ്ങളുടെ കൂട്ടത്തില്‍ ലയിച്ചു.
“എവിടെ അവന്?”
ബഹളം കേട്ട് കേപ്പായും കൂട്ടരുമുണര്ന്നു. ആള്‍ക്കൂട്ടത്തെ കണ്ടു ഭയന്ന അവര്‍ യേശുവിന്റെയടുത്തേക്കോടി.
“ജൂഡാ..എവിടെ യേശു?”
“ബഹളം വെക്കണ്ട. തന്ന കാശിനുള്ള ജോലി ജൂഡാ ചെയ്യുമെന്നെ പ്രമാണിക്കറിയാം. ഈ ആക്രോശമൊന്നും എന്റെയടുത്തു വേണ്ട”
ജൂഡായുടെ ശബ്ദത്തിനടിയിലൂടെ ആ ബഹളം ഒലിച്ചില്ലാതായി. ജൂഡാസ് മുന്നില്‍ നടന്നു, പിന്നിലായ് പ്രമാണിയുടെ ആളുകളും. യേശുവിരിക്കുന്നിടത്ത് അവരെത്തിയപ്പോള്‍, യേശു അവരെ നോക്കി പുഞ്ചിരിച്ചു. ജൂഡാസിനെ സ്നേഹപൂര്‍വ്വം നോക്കി. ജൂഡാസിന്റെ ഹൃദയം ഞെരിഞ്ഞമരുകയായിരുന്നു. അത് യേശുവറിഞ്ഞു.
ജൂഡാസ് വിറയാര്‍ന്ന കാലടികള്‍ വെച്ച് യേശുവിനടുത്തേക്ക് നടന്നു. രണ്ട് സമുദ്രങ്ങളവിടെ ആര്‍ത്തലച്ചു നിന്നു, യേശുവിന്റെ സ്നേഹവും, ജൂഡായുടെ ദുഃഖവും. അയാള്‍ യേശുവിനെ ഇറുകെപ്പുണര്‍ന്നു. ആ കവിളുകളില്‍ തെരു തെരെ ചുംബിച്ചു.
“ജൂഡാ ഒരു ചുംബനം കൊണ്ടെന്നെ നീ കാണിച്ചു കൊടുത്തല്ലൊ, എനിക്കിതു മതി. ഒരപരിചിതനെപ്പോലെ നീയെന്നെ വിരല്‍ ചൂണ്ടിക്കാണിച്ചു കൊടു ക്കരുതേ എന്നു മാത്രമെ ഞാനാഗ്രഹിച്ചിരുന്നുള്ളു.”
അവര്‍ കുറച്ചു നേരം അങ്ങിനെ തന്നെ പുണര്‍ന്നു കൊണ്ട് നിന്നു. പിന്നെ ജൂഡാസിന്റെ കണ്ണുകളില്‍ തങ്ങിനിന്ന തുള്ളികള്‍ തുടച്ച് കളഞ്ഞു, യേശു പ്രമാണികളുടെ ആളുകളോടൊപ്പം നടന്നകന്നു. തളര്‍ന്ന മനസും ശരീരവുമായി ജൂഡാസ് പാറമുകളിലിരുന്നു. ഇടയ്ക്കേപ്പൊഴോ യേശു ജൂഡാസിനെ തിരിഞ്ഞു നോക്കി, സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ. ആ പുഞ്ചിരി ജൂഡാസിന്റെ നിറമിഴികളില്‍ മങ്ങി മെല്ലെ മറഞ്ഞുപോയി. പിന്നെ ആ പാറയില്‍ തലചേര്‍ത്തു വെച്ച് അയാള്‍ പൊട്ടിക്കരഞ്ഞു.

ഗുരൊ… വീഞ്ഞില്‍ മുക്കിയൊരപ്പവും കൊണ്ട് നീ എന്തിനാണെന്നെ ഈ വിധിക്ക് ഒരുകൊടുത്തത്?…
അരുൺ, നന്നായിട്ടുണ്ട്,
ഇതിന്റെ മറ്റൊരു വെർഷൻ ഞാൻ മുൻപെഴുതിട്ടുണ്ട്, വയിച്ചു നോക്കു.
http://urumbukadikal.blogspot.com/2008/02/blog-post_27.html
ഉറുമ്പേ നന്നായിട്ടുണ്ട്. വളരെ coincidental ആയിരിക്കുന്നു.
നന്ദി അരുൺ.
നന്നായിരിക്കുന്നു!
Thank you shaaju